ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന യുദ്ധ വിമാനങ്ങള്‍ക്കെല്ലാം ടയറുകള്‍ നല്‍കുന്നതു മലയാളികളുടെ കമ്പനിയാണ്. ചെന്നൈ കേന്ദ്രമാക്കിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കാളായ എം.ആര്‍.എഫാണ് സുഖോയ് മുതൽ തേജസ് വരെയുള്ള ഇന്ത്യയുടെ പോർമുനകൾ റൺവേയിൽ നിന്ന് ശക്തമായി പറന്നുയരുന്നതിനും സുരക്ഷിതമായി തിരിച്ചിറക്കുന്നതിനും പിന്നിൽ
എം.ആര്‍.എഫിന്റെ ടയറുകള്‍ നാം യഥേഷ്ടം കണ്ടിട്ടുണ്ടാകാം. പക്ഷേ ഈ കാണുന്ന ടയറുകളൊക്കെ കണ്ടവര്‍ വളരെ ചുരുക്കമായിരിക്കും. കാരണം ഇവ കാറുകളിലും ബസുകളിലുമൊന്നുമല്ല ഉപയോഗിക്കുന്നത്. രാജ്യം കാക്കുന്ന യുദ്ധ വിമാനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തു നിര്‍മിച്ചവയാണ്.
പുറത്തിറങ്ങാന്‍ പോകുന്ന ലഘുയുദ്ധ വിമാനമായ തേജസിന്റെ മാർക്ക്–2നുള്ള ടയറുകള്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു.2009ൽ ചേതക്ക് ഹെലിക്കോപ്റ്ററുകൾക്കായാണ് ആദ്യം ടയർ നിർമിച്ചു നൽകിയത്. തുടർന്ന് സുകോയ്–30, അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റർ, മിഗ്–29, തേജസ് മാർക്ക്–1തുടങ്ങിയവയ്ക്കും ടയറുകൾ നിർമിച്ചു നൽകി. ഇന്ത്യയ്ക്കു പുറമെ വിവിധ രാജ്യങ്ങളിലെ വ്യോമ സേനയ്ക്കായും ടയറുകള്‍ നിര്‍മിക്കുന്നുണ്ട്.
ജാഗ്വാർ വിമാനങ്ങൾക്കായുള്ള ടയറുകളുടെ ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്. യുഎസ് നിർമിത ചിനൂക്, അപ്പാച്ചി ഹെലിക്കോപ്റ്ററുകൾ, സി–17, സി–130 ഹെർക്കുലീസ് വിമാനങ്ങൾക്കായി ടയറുകൾ നിർമിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.