Image: instagram.com/raihan_rinuz
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ വിപണിയിലെത്തിയതോടെ യു.എ.ഇയിലും 'ഐഫോൺ തരംഗം'. സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടപ്പോൾ, ഓൺലൈൻ പ്രീ-ഓർഡർ സ്റ്റോക്കുകൾ വെറും 20 മിനിറ്റിനുള്ളിലാണ് വിറ്റുതീർന്നത്. ഇത് മുതലെടുത്ത് റീസെല്ലർമാരും വന്‍ ലാഭമുണ്ടാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ തന്നെ ആദ്യ ദിനം ശ്രദ്ധേയമായത് 36 ഐഫോണുകള്‍ വാങ്ങിക്കൂട്ടിയ മലയാളികളായ റൈഹാൻ, മുഹമ്മദ് ഷബീബ് എന്നീ യുവാക്കളാണ്.
രണ്ട് ദിവസങ്ങളിലായി ദുബായിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിൽ നിന്നായി 76 ഐഫോണുകൾ പ്രീ-ഓർഡർ ചെയ്യുന്നതിനായി 5,50,000 ദിർഹമാണ് റൈഹാനും ഷബീബും ചിലവഴിച്ചത്. ലോഞ്ചിന്‍റെ തലേ ദിവസം രാത്രി മുഴുവൻ ദുബായ് മോളിന് പുറത്ത് കാറിലാണ് ഈ സുഹൃത്തുക്കൾ കഴിച്ചുകൂട്ടിയത്. ‘ഞങ്ങൾ അടുത്ത് തന്നെയാണ് താമസിക്കുന്നത്, എങ്കിലും ഉറങ്ങിപ്പോകുമോ എന്ന് പേടിച്ചാണ് കാറിൽ രാത്രി ചെലവഴിച്ചത്. രാവിലെ 6 മണിക്ക് തന്നെ സ്റ്റോറിലെത്തുകയും ചെയ്തു’– റൈഹാൻ പറയുന്നു. വെള്ളിയാഴ്ച രാവിലെ ദുബായ് മാളിൽ നിന്ന് 14 ഫോണുകൾ വാങ്ങിയ ശേഷം ഇരുവരും മോൾ ഓഫ് ദി എമിറേറ്റ്സിലേക്ക് തിരിക്കുകയും അവിടെ നിന്ന് 22 ഫോണുകൾ കൂടി വാങ്ങുകയും ചെയ്തു.
ഉച്ചയായപ്പോഴേക്കും ഇവയിൽ ഭൂരിഭാഗവും വിറ്റുപോയതായും ഇരുവരും പറഞ്ഞു. ‘ലോഞ്ച് ചെയ്ത് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ, യഥാർഥ വിലയേക്കാൾ 2,000 ദിർഹം വരെ അധികം നൽകാൻ ആളുകൾ തയ്യാറായിരുന്നു. 500 മുതൽ 1,000 ദിർഹം വരെ അധിക തുകയ്ക്കാണ് ഫോണുകള്‍ വിറ്റത്. ലോഞ്ച് ദിനത്തിൽ തന്നെ ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ അതിനായി പണം ചെലവഴിക്കാൻ തയ്യാറാണ്. ശനിയാഴ്ച, കളക്ട് ചെയ്യാനായി 40 ഫോണുകൾ കൂടി ബുക്ക് ചെയ്തിട്ടുണ്ട്. ഈ ഫോണുകൾക്കെല്ലാം കൂടി ആകെ 5,50,000 ദിർഹത്തിലധികം ചെലവഴിച്ചു’– ഇരുവരും വ്യക്തമാക്കി.
മാത്രമല്ല, ഇത്രയും ഫോണുകള്‍ ബുക്ക് ചെയ്യാന്‍ അഞ്ചോളം ഡിവൈസുകളിൽ ലോഗിൻ ചെയ്ത് 30 മിനിറ്റിലധികം ചെലവഴിച്ചതായും അവർ പറഞ്ഞു. ‘ആദ്യ ദിവസത്തെ ആദ്യ സ്ലോട്ടിൽ തന്നെ ഫോണുകൾ ലഭിക്കുമെന്ന് ഉറപ്പാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഞങ്ങൾ താമസിക്കുന്ന മുറിയിലെ മറ്റെല്ലാവരോടും വൈഫൈ ഓഫ് ചെയ്യാൻ പറയുകയും, പ്രീ-ഓർഡറുകൾ ആരംഭിച്ച ഉടൻ തന്നെ ഞങ്ങൾ രംഗത്തിറങ്ങുകയുമായിരുന്നു’– ഇരുവരും വ്യക്തമാക്കി.
ഹമീദ് റസ എന്ന യുവാവ് പറയുന്നതും മറിച്ചല്ല. ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽനിന്ന് ഏഴും മാൾ ഓഫ് എമിറേറ്റ്സിലെ സ്റ്റോറില്‍ നിന്നും 20 ഫോണുകളുമാണ് റസ വാങ്ങിയത്. മറിച്ചുവിൽക്കുമെന്ന പ്രതീക്ഷയിലാണ് താൻ ഫോണുകൾ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഒട്ടേറെ ഓർഡറുകൾ ലഭിക്കുന്നുണ്ട്, ഇതുവരെ ആപ്പിൾ സ്റ്റോറുകൾ ഇല്ലാത്ത പാകിസ്ഥാനിൽ നിന്നാണ് കൂടുതൽ ഡിമാൻഡ്’ അദ്ദേഹം പറഞ്ഞു.
യുഎഇ വിപണിയിൽ പുതിയ 'ബർഗണ്ടി' (Burgundy) നിറത്തിലുള്ള മോഡലിനാണ് ഏറ്റവും ഉയർന്ന ഡിമാൻഡ് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒന്നിലധികം ഫോണുകൾ വാങ്ങിയ പലരും 40,000 മുതൽ 70,000 ദിർഹം വരെയാണ് ഇതിനായി ചെലവഴിച്ചത്. പുതിയ മോഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഫോണിന് ഉയർന്ന നികുതിയുള്ളതിനാൽ, ദുബായിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഫോൺ വാങ്ങാനായാണ് വിമാന മാർഗ്ഗം നിരവധി പേർ എത്തിയത്. ഇത് തിരക്ക് വര്‍ധിക്കാനും കാരണമായി. ഇന്ത്യയിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിലെ വലിയ വിലക്കുറവാണ് ഉപഭോക്താക്കളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കും താമസച്ചെലവും കണക്കാക്കിയാൽ പോലും യുഎഇയിൽ നിന്ന് ഫോൺ വാങ്ങുന്നത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന് ഇന്ത്യയിൽ നിന്നെത്തിയ ഉപഭോക്താക്കൾ പറയുന്നു. കൂടാതെ നാട്ടിലെ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ പുതിയ ഫോൺ കൈപ്പറ്റാമെന്നതും ഉപഭോക്താക്കളെ നേരത്തെ യുഎഇയിലേക്ക് എത്താൻ പ്രേരിപ്പിച്ചു. അതേസമയം, ക്യാമറയിലെ വിപ്ലവകരമായ മാറ്റങ്ങളും മെച്ചപ്പെട്ട സ്റ്റോറേജ് സൗകര്യങ്ങളുമാണ് ടെക് പ്രേമികളെ പ്രധാനമായും ആകർഷിച്ചത്.