• രാജ്യത്ത് ഒരാളുടെ പേരില്‍ എടുക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ കേന്ദ്ര ടെലികോം മന്ത്രാലയം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

രാജ്യത്ത് സിം കാര്‍ഡുകള്‍ അനുവദിക്കുന്നതിലെ പരിശോധന കര്‍ശനമാക്കി കേന്ദ്ര ടെലികോം മന്ത്രാലയം. ഓഗസ്റ്റ് 24 മുതല്‍ ഒരു ഉപഭോക്താവിന്റെ പേരിലുള്ള നിലവിലുള്ള കണക്ഷനുകള്‍ കൃത്യമായി പരിശോധിച്ച ശേഷമേ പുതിയ സിം അനുവദിക്കൂ. ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി സിം കാര്‍ഡുകളുടെ പരിധി കഴിഞ്ഞാല്‍ പുതിയ കണക്ഷന്‍ ലഭിക്കില്ല.  

നിലവിലെ ടെലികോം നിയമപ്രകാരം ഒരാള്‍ക്ക് പരമാവധി ഒൻപത് സിം കാര്‍ഡുകള്‍ വരെ സ്വന്തം പേരില്‍ എടുക്കാം. എന്നാല്‍ ജമ്മു കശ്മീര്‍, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി ആറ് സിം കാര്‍ഡുകള്‍ മാത്രമാണ് അനുവദനീയം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, ഉപഭോക്താക്കള്‍ തങ്ങളുടെ പേരിലുള്ള നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ കസ്റ്റമര്‍ അപ്ലിക്കേഷന്‍ ഫോമില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.  വ്യാജ കണക്ഷനുകളും തട്ടിപ്പുകളും തടയുന്നതിനായി സാങ്കേതികവും സംഘടനാപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേന്ദ്ര സർക്കാരിന്റെ 'ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം' വഴിയാകും സേവനദാതാക്കള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കുക. എല്ലാ ടെലികോം കമ്പനികളുടെയും ഉപഭോക്തൃ വിവരങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായതിനാല്‍, ഒരു വ്യക്തിയുടെ പേരില്‍ ആകെ എത്ര സിം കാര്‍ഡുകളുണ്ടെന്നും നിശ്ചിത പരിധി പൂര്‍ത്തിയായിട്ടുണ്ടോ എന്നും കമ്പനികള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കൂടാതെ ഫോട്ടോ അധിഷ്ഠിത തിരിച്ചറിയല്‍ രീതിയും ഉടന്‍ നടപ്പിലാക്കും.  

നിയമാനുസൃതമായ പരിധിക്കും അപ്പുറം ആരുടെയെങ്കിലും പേരില്‍ മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തിയാല്‍, കസ്റ്റമര്‍ അപ്ലിക്കേഷന്‍ ഫോമിലെ വ്യവസ്ഥകള്‍ അനുസരിച്ച് അവ ഉടനടി റദ്ദാക്കുമെന്നാണ് വിവരം. പരമാവധി കണക്ഷനുകള്‍ എടുത്ത ഉപഭോക്താക്കളെ കമ്പനികള്‍ നേരത്തെ തന്നെ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്. 

ENGLISH SUMMARY:

The Indian Ministry of Telecommunications has announced stringent verification regulations starting August 24 to curb fraudulent mobile connections. Under the updated protocols, individuals are strictly restricted to a maximum limit of nine SIM cards nationwide, while residents in Jammu and Kashmir, Assam, and the North-East are capped at six. Telecom operators will utilize the government's Digital Intelligence Platform to verify subscriber credentials and daily photographic data before issuing any new connections. Furthermore, any unauthorized or excess SIM cards discovered beyond the permitted threshold will face immediate suspension.