പെട്രോള്‍, പാചകവാചത വില വര്‍ധനവിന് ശേഷം സാധാരണക്കാരുടെ കീശകീറാന്‍ മൊബൈല്‍ റീചാര്‍ജുകളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍. അടുത്ത മൂന്നു- നാലു മാസ കാലയളവില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വിവരം. 12-15 ശതമാനം വരെ വില ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. 

ടെലികോം വിപണിയിലെ കമ്പനികളുടെ ഏകീകരണമാണ് വില വര്‍ധിപ്പിക്കാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നത്. മൂന്നു സ്വകാര്യ കമ്പനികളും ഒരു പൊതുമേഖലാ കമ്പനിയും മാത്രമുള്ള വിപണി അന്തരീക്ഷത്തില്‍ വില വര്‍ധനവ് കൂടുതല്‍ അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, ജൂണ്‍ പാദത്തില്‍ കമ്പനികളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിച്ചേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജൂണ്‍ പാദത്തില്‍ കമ്പനികളുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 1-1.15 ശതമാനം വര്‍ധിച്ചേക്കാം. 2ജിയില്‍ നിന്നും കൂടുതല്‍ പേര്‍ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണവും കമ്പനികള്‍ക്ക് നേട്ടമാണ്. വോഡഫോൺ ഐഡിയയെ പിന്നിലാക്കി ഭാരതി എയർടെല്ലും റിലയൻസ് ജിയോയും വരിക്കാരുടെ വിപണി വിഹിതം വർധിപ്പിക്കുന്നത് തുടരുമെന്നും സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ ഒന്നാം പാദ ടെലികോം-ഇന്റർനെറ്റ് മേഖല അവലോകന റിപ്പോർട്ടില്‍ പറയുന്നു. 

ഡാറ്റ ഉപയോഗം വര്‍ധിപ്പിക്കുക വഴി ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കുകയാണ് ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 4ജി, 5ജി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ഡാറ്റ ഉപയോഗം ശക്തമായി തുടരുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജിയോയും എയര്‍ടെലും 90 ശതമാനം ജില്ലകളിലും 5ജി സേവനങ്ങളെത്തിക്കുന്നുണ്ട്. കൂടുതല്‍ ഏരിയയിലേക്ക് 5ജി സേവനം എത്തിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

2024 ലാണ് രാജ്യത്ത് പൂര്‍ണതോതില്‍ കമ്പനികള്‍ റീചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചത്. 19-21 ശതമാനം നിരക്ക് വര്‍ധനവ് അന്ന് നടത്തിയിരുന്നു. പിന്നാലെ 2025 ല്‍ അടിസ്ഥാന പ്ലാനുകളില്‍ മാറ്റം വരുത്തി. ജിയോയും എയർടെലും എൻട്രി ലെവൽ ഡാറ്റ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ 209 രൂപ, 249 രൂപ വിലയുള്ള 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് ഒഴിവാക്കിയത്. പ്രതിദിനം ഒരു ജിബി ലഭിച്ചിരുന്ന എയർടെലിന്റെ 249 രൂപ വിലയുണ്ടായിരുന്ന ഡാറ്റാ പ്ലാനും ഒഴിവാക്കി. ഉപഭോക്താക്കളെ 1.5GB പ്ലാനുകളിലേക്ക് മാറ്റുകയും ഇതുവഴി ഡാറ്റാ ഉപയോഗം വർധിപ്പിച്ച് വരുമാനം ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം. 

ENGLISH SUMMARY:

Telecom companies in India are expected to increase mobile recharge tariffs by 12-15% over the next three to four months, according to a report by Centrum Institutional Research. This move is aimed at boosting the Average Revenue Per User (ARPU) as the market consolidates and more customers migrate to 4G and 5G services. The shift towards higher-data plans and the reduction of entry-level offerings by major players like Jio and Airtel are key factors driving this strategy. Following significant tariff hikes in 2024 and adjustments in 2025, this upcoming increase marks another phase in the industry's push for higher profitability.