റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഡിജിറ്റല്‍ സര്‍വീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയിലേക്ക്. ഐപിഒയ്ക്ക് അപേക്ഷ തേടിയുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഇന്ന് സെബിക്ക് സമര്‍പ്പിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ കമ്പനി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. 

10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഓഹരികള്‍ വിപണിയില്‍ എത്തിക്കുന്നതാണ് ജിയോയുടെ ഐപിഒ. പുതിയ ഓഹരികള്‍ വിപണിയിലെത്തിക്കുന്നതിനാല്‍ സമാഹരിക്കുന്ന തുക മുഴുവന്‍ കമ്പനിക്ക് ലഭിക്കും. സമാഹരിക്കുന്ന തുക വായ്പ തിരിച്ചടയ്ക്കാനും ബാക്കി പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. 

30,000 കോടിക്ക് മുകളില്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള എന്‍എസ്ഇ ഐപിഒയെ മറികടക്കുന്നതാകും ജിയോ ഐപിഒ എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയാകുമിത്. ഓഹരികളുടെ വില പരിധിയോ ഐപിഒയുടെ ആകെ മൂല്യമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെബിയുടെ അനുമതി ലഭിച്ച ശേഷമാകും ഓഹരി വില അന്തിമമാക്കുക.

ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ ലാഭത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം ചരിത്രത്തിലാദ്യമായി 30,000 കോടി കടന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 15.1 ശതമാനം വര്‍ധനവാണിത്. 1.46 ലക്ഷം കോടിയാണ് കമ്പനിയുടെ വരുമാനം. 14.6 ശതമാനം വളർച്ച വരുമാനത്തിലുണ്ടായി. കമ്പനിയുടെ എബിറ്റ്ഡ 18.8 ശതമാനം വളര്‍ച്ചയോടെ 76,255 കോടി രൂപയിലെത്തി.

ഐപിഒ കൂടാതെ ജിയോയുടെ അഞ്ച് ലക്ഷ്യങ്ങളും കാശ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു.  2030 ഓടെ മുഴുവന്‍ ഉപഭോക്താക്കളെയും 5ജി നെറ്റ്‍വര്‍ക്കിലേക്ക് മാറ്റുക, ജിയോ എയർഫൈബർ വഴി ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ സംരംഭങ്ങളെയും ചെറുകിട ബിസിനസുകളെയും ഡിജിറ്റൽവൽക്കരിക്കുക, എല്ലാവർക്കും എഐ ലഭ്യമാക്കുക, ഇന്ത്യയുടെ സാങ്കേതികവിദ്യയെ ലോകമെമ്പാടും എത്തിക്കുക എന്നിവയും ജിയോയുടെ ലക്ഷ്യങ്ങളാണ്.

ENGLISH SUMMARY:

Reliance Industries Chairman Mukesh Ambani has announced that Jio Platforms will launch its Initial Public Offering (IPO) by filing its Draft Red Herring Prospectus (DRHP) with SEBI. The IPO involves issuing 27 crore new shares, with the proceeds primarily aimed at debt reduction and general corporate purposes, and is expected to potentially surpass the upcoming NSE IPO to become India's largest-ever public offering. This move follows a period of robust growth for the company, as Jio's net profit crossed the ₹30,000 crore mark for the first time in the 2026 fiscal year. Looking ahead, Ambani also unveiled a five-point strategic vision for the company, focusing on 5G expansion, AI accessibility, and digitizing small businesses in India.