രാജ്യത്ത് സിം ബൈന്‍ഡിങ് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇനി സമൂഹ മാധ്യമ ആപ്പുകള്‍ സജീവ സിം കാര്‍ഡുകളുമായി ബന്ധിപ്പിച്ച് മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. ഇതോടെ മെസേജിങ് ആപ്പുകളായ വാട്‌സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നവർ ഇനി മുതൽ രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈല്‍ ഫോണിൽ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഫോണില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടി വരും. സൈബര്‍ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് തടയുന്നതിനാണ് നടപടിയെന്നാണ് ടെലികോം വകുപ്പ് പറയുന്നത്.

മുന്‍പ് ഉപയോക്താക്കൾക്ക് ഒടിപി വഴി സമൂഹ മാധ്യ അക്കൗണ്ട് നിര്‍മ്മിക്കാനും പിന്നീട് മൊബൈലില്‍ നിന്ന് സിം കാർഡ് നീക്കം ചെയ്യുകയോ വൈ-ഫൈയിലേക്ക് മാറുകയോ ചെയ്താലും ആപ്പ് ഉപയോഗിക്കുന്നത് തുടരാമായിരുന്നു. എന്നാല്‍ സിം- ബൈൻഡിങ് ഈ രീതി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ രജിസ്റ്റർ ചെയ്ത സിം കൈമാറ്റം ചെയ്യുകയോ, നിർജ്ജീവമാക്കുകയോ, മൊബൈലില്‍ നിന്ന് നീക്കം ചെയ്യുകയോ ചെയ്‌താൽ ആപ്പുകളില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ല. രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വീണ്ടും അതേ മൊബൈലില്‍ ഉപയോഗിക്കുന്നത് വരെ ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും.

വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ പോലുള്ള സെക്കൻഡറി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഇത് ബാധിച്ചേക്കാം. ഓരോ ആറ് മണിക്കൂറിലും ഈ വെബ് അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യപ്പെടും. അതിനാൽ ഉപയോക്താക്കൾ അവരുടെ സജീവ സിം അടങ്ങിയ ഫോണിൽ നിന്ന് പുതിയ QR കോഡ് വഴി വീണ്ടും സ്കാന്‍ ചെയ്യേണ്ടി വന്നേക്കാം. മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഇടയ്ക്കിടെ ലോഗ്ഔട്ട് ആയില്ലെങ്കിലും സിം സജീവമല്ലെങ്കില്‍ ആവർത്തിച്ചുള്ള റീ-ഓതന്റിക്കേഷൻ നേരിടേണ്ടിവരും.

അതേസമയം, ഇന്ത്യയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമേ നിലവിൽ നിയന്ത്രണം ബാധകമാകുക. പതിവായി യാത്ര ചെയ്യുന്നവർക്കും റോമിങിലുള്ളവർക്കും ഇളവുകളുണ്ട്. ആഭ്യന്തര– രാജ്യാന്തര യാത്രകള്‍ ചെയ്യുന്ന ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത സിം കാർഡ് സജീവമായി നിലനിൽക്കുന്നിടത്തോളം സേവനം തടസ്സപ്പെടില്ല. എന്നിരുന്നാലും മറ്റ് സിമ്മുകളിലേക്ക് മാറുന്ന യാത്രക്കാർക്ക്, അവരുടെ യഥാർഥ സിം പുനഃസ്ഥാപിക്കുന്നത് വരെ അവരുടെ അക്കൗണ്ടുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കപ്പെട്ടേക്കാം.

നവംബര്‍ 28നാണ്, വാട്‌സാപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ്, ആറാട്ടൈ, ഷെയര്‍ചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നല്‍ എന്നീ ആപ്പുകള്‍ ഉപയോക്താവിന്റെ സിം കാര്‍ഡുമായി നേരിട്ട് ബന്ധപ്പെട്ടു മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂ എന്ന ഉത്തരവ് ഇറങ്ങിയത്. സിം കാര്‍ഡുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം എന്നാണ് നിര്‍ദ്ദേശം. ആക്ടിവ് സിം കാര്‍ഡുകള്‍ ഇല്ലാത്ത ഉപകരണങ്ങളില്‍ അവ പ്രവര്‍ത്തിപ്പിക്കാനാവില്ല.

ENGLISH SUMMARY:

Effective March 1, 2026, the Department of Telecommunications (DoT) has mandated SIM Binding for social media and messaging apps like WhatsApp, Telegram, and Signal in India. Users must now ensure that the registered SIM card remains active and present in the device where the application is installed. If the SIM is removed or deactivated, the app will stop functioning until the SIM is re-inserted. For WhatsApp Web and desktop users, re-authentication via QR code will be required every six hours. This measure aims to curb rising cybercrimes and unauthorized account access. Travelers on roaming are exempted as long as their primary SIM remains active. Stay updated on the latest telecom regulations and digital security measures in India.