• എയർടെൽ ജനപ്രിയ റീചാർജ് പ്ലാനുകൾ പിൻവലിച്ചു. 299 രൂപയുടെ പ്ലാൻ നിർത്തിയതോടെ ഉപഭോക്താക്കൾക്ക് അധിക ചെലവ്.

ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ നിരക്കുകൾ നേരിട്ട് കൂട്ടുന്നതിന് പകരം കുറഞ്ഞ തുകയുടെ ജനപ്രിയ പ്ലാനുകൾ പിൻവലിച്ചു. 299 രൂപയുടെ എൻട്രി ലെവൽ പ്ലാൻ അടക്കം 4 റീചാർജ് പ്ലാനുകളാണ് കമ്പനി കഴിഞ്ഞ ദിവസം നിർത്തിയത്. പ്രത്യക്ഷത്തിൽ നിരക്കുകളിൽ മാറ്റമില്ലെന്ന് തോന്നുമെങ്കിലും, ഈ നീക്കത്തിലൂടെ എയർടെൽ താരിഫുകളിൽ 3 മുതൽ 4 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ട്.

Also Read: എസ്ബിഐയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കുക; ഇനി ഓരോ ഇടപാടിനും 15 രൂപ; മാറ്റം എടിഎം ഇടപാടില്‍

28 ദിവസത്തേക്ക് പ്രതിദിനം 1.50 ജിബി ഡാറ്റ നൽകിയിരുന്ന 299 രൂപയുടെ ജനപ്രിയ പ്ലാനിന് പുറമേ 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ പിൻവലിച്ചത്. ഇതിൽ 56 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകിയിരുന്ന 649 രൂപയുടെ പ്ലാനും ഉൾപ്പെടുന്നു. കൂടാതെ 859 രൂപയുടെ പ്ലാനിന്റെ വില 899 രൂപയായി ഉയർത്തുകയും ചെയ്തു.

Also Read: സാധാരണക്കാരുടെ കീശകീറാന്‍ അടുത്ത പണി വരുന്നു; മൊബൈല്‍ റീചാര്‍ജിന് ഇനി ചെലവേറും; 15 ശതമാനം വരെ വിലയേറും

കമ്പനിയുടെ ഈ നീക്കം ഏറ്റവും വലിയ തിരിച്ചടിയായത് 299 രൂപയുടെ റീചാർജ് ചെയ്തിരുന്ന എൻട്രി ലെവൽ ഉപയോക്താക്കൾക്കാണ്. ഇനി മുതൽ 28 ദിവസത്തേക്ക് പ്രതിദിന ഡാറ്റ ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. 28 ദിവസത്തേക്ക് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന ഡാറ്റാ പ്ലാനായി ഇത് മാറി. മുൻപ് 299 രൂപയുടെ പ്ലാൻ ഉപയോഗിച്ചിരുന്നവർക്ക് ഇനി 50 രൂപ അധികമായി ചിലവാകും. അതായത് 16 ശതമാനത്തിന്റെ വില വർധനവ്. അതേസമയം, ഈ തുകയ്ക്ക് 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലും എയർടെൽ സമാനരീതിയിൽ പ്ലാനുകൾ പിൻവലിച്ചിരുന്നു. അന്ന് പ്രതിദിനം 1 ജിബി ഡാറ്റ നൽകിയിരുന്ന 249 രൂപയുടെ എൻട്രി ലെവൽ പ്ലാൻ (28 ദിവസം) പിൻവലിച്ചതിനെ തുടർന്ന് 299 രൂപയുടെ പ്ലാൻ അടിസ്ഥാന ഡാറ്റാ പ്ലാനായി മാറുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാൽ, 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്ലാനിലും 3 ജിബി ഡാറ്റ നൽകുന്ന 219 രൂപയുടെ പ്ലാനിലും കമ്പനി നിലവിൽ മാറ്റ വരുത്തിയിട്ടില്ല.

വരുന്ന മൂന്നോ നാലോ മാസത്തിനുള്ളിൽ ടെലികോം കമ്പനികൾ റീചാർജ് പ്ലാനുകളിൽ 15 ശതമാനം വരെ വർധന വരുത്തുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ടെലികോം മേഖലയിൽ താരിഫ് ഉയർത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കെയാണ് എയർടെൽ പ്ലാനുകൾ പിൻവലിച്ചത്. ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) കൂട്ടാൻ ഈ നീക്കം കമ്പനിയെ സഹായിക്കുമെന്നാണ് വിവരം.

ENGLISH SUMMARY:

Telecom major Airtel has discontinued several popular recharge plans, including the widely used 299 rupees entry-level plan. Although there is no direct blanket tariff hike, this strategic move forces users to opt for higher-priced plans, effectively increasing costs by up to 16 percent. Consequently, subscribers who previously utilized the 299 rupees pack for 28 days of daily data must now upgrade to a 349 rupees alternative. Industry analysts predict that similar mobile tariff restructuring across telecom operators could push overall recharge rates up by 15 percent in the coming months.