ഓഗസ്റ്റ് മാസത്തിൽ വയർലെസ് വരിക്കാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. ഭാരതി എയര്‍ടെലിനെ മറികടന്ന് ഇത്തവണ രണ്ടാം സ്ഥാനം ബി.എസ്.എന്‍.എല്ലിനാണ്. റിലയൻസ് ജിയോ ആണ് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ടെലികോം കമ്പനി.
19.50 ലക്ഷം വരിക്കാരെയാണ് ജിയോയ്ക്ക് ഓഗസ്റ്റ് മാസത്തില്‍ ലഭിച്ചത്. ബി.എസ്.എന്‍.എല്‍ ചേര്‍ത്തതാകട്ടെ 13.80 ലക്ഷം പേരെയും. എയര്‍ടെലിന് 4,96,087 പേരെ ലഭിച്ചു. 3,08,984 പേരാണ് വിഐയുടെ ഭാഗമായത്. എന്നാല്‍ മൊത്തത്തിലുള്ള കണക്കില്‍ വിഐയ്ക്കും പിന്നില്‍ നാലാമതാണ് ബി.എസ്.എന്‍.എല്‍.
47.9 കോടി വയര്‍ലെസ് വരിക്കാരാണ് ജിയോയ്ക്കുള്ളത്. എയര്‍ടെല്‍ 39.1 കോടി, വിഐ 20.3 കോടി, ബി.എസ്.എന്‍.എല്‍ 9.17 കോടി എന്നിങ്ങനെയാണ് വരിക്കാരുടെ എണ്ണം. രാജ്യത്തുടനീളം ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ വ്യാപിച്ചതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ആറു മുതല്‍ എട്ടു മാസത്തിനിടെ ബി.എസ്.എന്‍.എല്ലിന്‍റെ 4ജി ടവറുകള്‍ 5ജിയാക്കി ഉയര്‍ത്തുമെന്ന് ടെലികോം മന്ത്രി ജ്യോതിരാഡിത്യ സിന്‍ഡ്യ പറഞ്ഞു. നാലു കമ്പനികള്‍ കൈയ്യടക്കിവച്ച 4ജി സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചൈന, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹുവാവേ, ഇസഡ്ടിഇ, സാംസങ്, നോക്കിയ, എറിക്സൺ എന്നീ വലിയ കമ്പനികൾക്ക് മാത്രമായിരുന്നു 4ജി സാങ്കേതിക വിദ്യ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.