കാത്തോളണേ.... ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ രാവിലെ എത്തിയ സ്റ്റോക് ബ്രോക്കര്‍
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് തുടരുന്നു. ഇന്നലെ 2759.89 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇന്ത്യയിലെ നിക്ഷേപകസ്ഥാപനങ്ങള്‍ 2643.85 കോടിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. ഇന്ന് രാവിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബി.എസ്.സി സെന്‍സെക്സ് 209.32 പോയന്‍റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 63.25 പോയന്‍റിന്‍റെ നഷ്ടമുണ്ടായി.
രാജ്യാന്തരതലത്തിലും ഓഹരിവിപണിയില്‍ പൊതുവില്‍ നെഗറ്റിവ് ട്രെന്‍ഡാണ്. ഹോങ്കോങ്ങിലെ സാങ് സെങ് ഇന്‍ഡക്സ് മാത്രമാണ് ഏഷ്യയില്‍ പോസിറ്റിവ് ട്രെന്‍ഡ് കാണിക്കുന്നത്. കൊറിയ, ജപ്പാന്‍, ഷാങ്ഹായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെല്ലാം ഇടിവായിരുന്നു. ഇന്ന് വ്യാപാരത്തുടക്കത്തിലുണ്ടായ ഇടിവ് ബിഎസ്‍സി സെന്‍സെക്സിനെ 84,486.22 പോയന്‍റിലും നിഫ്റ്റിയെ 25,878.85 പോയന്‍റിലും എത്തിച്ചു. തിങ്കളാഴ്ച സെന്‍സെക്സ് 345.91 പോയന്‍റും നിഫ്റ്റി 100.20 പോയന്‍റും ഇടിഞ്ഞിരുന്നു.
മൊത്തത്തിലുള്ള നെഗറ്റിവ് ട്രെന്‍ഡിനിടയിലും ഇന്ന് ഭാരതി എയര്‍ടെല്‍, മഹീന്ദ്ര, അദാനി പോര്‍ട്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. ഭാരത് ഇലക്ട്രോണിക്സ്, ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡ്, ശ്രീറാം ഫിനാന്‍സ് തുടങ്ങിയവയും നില മെച്ചപ്പെടുത്തി. എറ്റേണല്‍, ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്‍റ്, കോടക് മഹീന്ദ്ര തുടങ്ങിയവയ്ക്ക് വ്യാപാരത്തുടക്കത്തില്‍ നഷ്ടം നേരിട്ടു.
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ നില മെച്ചപ്പെടുത്തി. 3 പൈസ വര്‍ധിച്ച് 89.95 രൂപയാണ് ഇപ്പോള്‍ ഒരു ഡോളറിന്. ആഗോളതലത്തില്‍ ക്രൂഡോയിലിന്‍റെ വിലയും വര്‍ധിക്കുന്നുണ്ട്. ബ്രെന്‍റ് ക്രൂഡിന്‍റെ വില 0.03 ശതമാനം ഉയര്‍ന്ന് ബാരലിന് 61.96 ഡോളറിലെത്തി.