മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്. വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 2072 പോയിന്റും, നിഫ്റ്റി 639 പോയിന്റും ഉയർന്നു. അതേസമയം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 122 പൈസ വർധിച്ചു.
കേന്ദ്ര ബജറ്റിലെ നികുതി വർദ്ധനവിനെത്തുടർന്ന് വിപണിയിലുണ്ടായ തകർച്ചയിൽ നിന്ന് മണിക്കൂറുകൾക്കുള്ളിലാണ് വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയത്. മിഡ്-ക്യാപ്, സ്‌മോൾ-ക്യാപ് സൂചികകൾ 3.5 ശതമാനം വീതം ഉയർന്നു. ടെക്സ്റ്റൈൽ, ഓട്ടോ, സമുദ്രോൽപന്നങ്ങൾ തുടങ്ങിയവയുടെ ഓഹരികൾ കുതിച്ചുകയറി. അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളും സർപ്രൈസ് മുന്നേറ്റം നടത്തി.
2911 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 435 ഓഹരികൾ ഇടിയുകയും 123 ഓഹരികളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു. വ്യാപാരക്കരാർ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വലിയ മുന്നേറ്റമുണ്ടാക്കി. രൂപയുടെ മൂല്യം 122 പൈസ വർദ്ധിച്ച് 90.27 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച വ്യാപാര ദിനമായി ഇന്ന് മാറി.