Image Credit: X/@IndianTechGuide

കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം. ഓഫര്‍ ഫോര്‍ സെയില്‍ വഴി 5.04 ശതമാനം ഓഹരികളാണ് വില്‍ക്കുക. 1400 രൂപയാണ് അടിസ്ഥാന വില. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം. മറ്റു നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. കമ്പനി ഉടമകള്‍ക്ക് പുതിയ ഓഹരികള്‍ പുറത്തിറക്കാതെ തന്നെ ഓഹരി വില്‍ക്കാനുള്ള അവസരമാണ് ഓഫര്‍ ഫോര്‍ സെയില്‍.

അടിസ്ഥാനപരമായി 2.52 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിട്ടുള്ളത്. ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ 2.52 ശതമാനം ഓഹരികള്‍ കൂടി വില്‍പ്പന നടത്തും. അങ്ങനെ ആകെ 5.04 ശതമാനം ഓഹരികളാണ് വില്‍പ്പന നടത്തുക. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിഡ് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 1400 രൂപയാണ്. ഇന്നലത്തെ ക്ലോസിങ് വിലയേക്കാള്‍‍ 7 ശതമാനം താഴെയാണിത്. തിങ്കളാഴ്ച 1.25 ശതമാനം നഷ്ടത്തില്‍ 1504 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഡിമാന്‍ഡ്, കട്ട് ഓഫ് പ്രൈസ് എന്നിവ അടിസ്ഥാനമാക്കിയാകും ഓഹരി അനുവദിക്കുന്നത്. 

മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 67.92 ശതമാനം ഓഹരികളാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കയ്യിലുള്ളത്. ഒഎഫ്എസിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചാല്‍ ഇത് 62.8 ശതമാനമായി കുറയും.  2026-27 സാമ്പത്തിക വർഷത്തെ കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതിയുടെ ഭാഗമാണ് ഈ ഒ.എഫ്.എസ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറു കമ്പനികളുടെ ഓഹരികള്‍ കേന്ദ്രം സമാനരീതിയില്‍ വിറ്റഴിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോള്‍ ഇന്ത്യ, എന്‍എച്ച്പിസി, എന്‍എല്‍സി ഇന്ത്യ, ജിഐസി, ഐആര്‍എഫ്സി എന്നിവയുടെ ഒ.എഫ്.എസ് വഴി 18561 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 80000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി. 

(ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

The Central Government is set to divest a 5.04% stake in Cochin Shipyard Limited through an Offer for Sale (OFS), starting with an initial 2.52% and an option for an additional 2.52% based on demand. The floor price for the shares has been fixed at ₹1,400, which is approximately 7% lower than the previous closing price of ₹1,504. Non-retail investors can participate starting today, while retail investors will be eligible to bid from tomorrow. This move is part of the government's broader disinvestment target of ₹80,000 crore for the 2026-27 fiscal year.