80 പൈസയ്ക്ക് സ്വന്തമാക്കിയ ഓഹരിക്ക് ഇന്ന് വില 2000 രൂപ. ഇത് വിറ്റ് പണമാക്കാന് ഒരുങ്ങുകയാണ് എസ്ബിഐ. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻറെ ഐപിഒ വരുമ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന നിക്ഷേപകരിലൊരാള്‍ എസ്.ബി.ഐയാണ്.
ഐപിഒയിലൂടെ 30,000 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയാകുമിത്. നിലവിലെ ഓഹരി ഉടമകള്‍ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ രീതിയിലാകും എൻഎസ്ഇയുടെ ഐപിഒ. മൊത്തം ഓഹരികളിൽ ആറു ശതമാനം ഓഹരികളാണ് വിൽപ്പന നടത്തുക. 14 കോടി 89 ലക്ഷം ഓഹരികള്‍ വിപണിയിലേക്ക് എത്തും. ഓഹരിയൊന്നിന് 2000 രൂപയായിരിക്കും വില എന്നാണ് ഏകദേശം കണക്ക്. ഇതുപ്രകാരം ഓഹരി വിൽക്കുമ്പോള്‍ 5000 കോടിയോളം എസ്ബിഐയുടെ കയ്യിലെത്തും.
1993 മുതൽ 1999 വരെ എന്‍എസ്ഇയുടെ തുടക്കകാലത്താണ് എസ്ബിഐ നിക്ഷേപം നടത്തിയത്. ഓഹരിയൊന്നിന് 10 രൂപ നിരക്കിലായിരുന്നു ആദ്യ നിക്ഷേപം. പിന്നീട് മൂന്ന് അലോട്ട്മെന്റുകളും റൈറ്റ്സ് ഇഷ്യുവും രണ്ട് ബോണസ് ഇഷ്യുവും എൻഎസ്ഇ നടത്തി. ഇതോടെ 33 വർഷത്തെ എസ്.ബി.ഐയുടെ വാങ്ങൽ വില ഓഹരിയൊന്നിന് 80 പൈസയിലേക്ക് ചുരുങ്ങി. 1 കോടി 98 ലക്ഷം രൂപയാണ് പ്രാരംഭഘട്ടത്തിൽ എസ്ബിഐ നിക്ഷേപിച്ചത്.
എൻഎസ്ഇയിൽ ആകെ ഏഴുകോടി 98 ലക്ഷം ഓഹരികളുള്ള എസ്ബിഐ രണ്ടു കോടി 48 ലക്ഷം ഓഹരികളാണ് വിപണിയിലേക്ക് ഇറക്കുക. ഐപിഒയില്‍ 2000 രൂപ ഓഹരി വില കണക്കാക്കിയാൽ എസ്ബിഐ്ക്ക് 4950 കോടി രൂപ നേടാനാകും. നിലവിൽ 3.23 ശതമാനം ഓഹരിപങ്കാളിത്തം എസ്ബിഐയ്ക്കുണ്ട്. ഐപിഒയ്ക്ക് ശേഷം ഇത് 2.2 ആയി കുറയും.
എസ്ബിഐ കൂടാതെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും സമാനരീതിയിൽ നേട്ടമുണ്ടാക്കാൻ ഒരുങ്ങുകയാണ്. ബാങ്ക് ഓഫ് ബറോഡയുടെ വാങ്ങൽ വില 54 പൈസയാണ്. ഏകദേശം 59 ലക്ഷം രൂപയായിരുന്നു നിക്ഷേപിച്ചത്. ഐപിഒയിൽ 2197 കോടി രൂപയുടെ ഓഹരികള്‍ കമ്പനി വിൽക്കും. സ്റ്റോക്ക് ഹോള്ഡിങ് കോർപ്പറേഷൻ ഓഹരിയൊന്നിന് 46 പൈസയ്ക്കാണ് നിക്ഷേപം നടത്തിയത്. 50 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നും 2178 കോടി രൂപയാണ് കമ്പനി ഉണ്ടാക്കുക.