password-india

TOPICS COVERED

അവര്‍ക്ക് ചെയ്ഞ്ച് വേണമെത്ര, ഇപ്പോള്‍ കൊടുക്കാം ചെയ്ഞ്ച് എന്നാണ് പാസ്‌വേഡുകളുടെ കാര്യത്തില്‍ ഇന്ത്യക്കാരുടെ മൈന്‍ഡ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും '123456' തന്നെയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാസ്‌വേഡ്. പാസ്‌വേഡ് മാനേജ്‌മെന്‍റ് കമ്പനിയായ നോര്‍ഡ് പാസ് (NordPass) 44 രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഓരോ തലമുറയിലുള്ള ആളുകളും ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ രീതിയിലായിരുന്നു ഇത്തവണ കമ്പനി കൂടുതൽ ശ്രദ്ധ നൽകിയത്. ദുർബലമായതും വേഗത്തിൽ ഊഹിച്ചെടുക്കാവുന്നതുമായ പാസ്‌വേഡ് പാറ്റേണുകൾ ഉപയോഗിക്കുന്ന രീതി ഇന്ത്യക്കാർ തുടരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

നോര്‍ഡ് പാസിന്‍റെ റിപ്പോർട്ട് പ്രകാരം, '123456' കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് ദുർബല പാസ്‌വേഡുകൾ 'pass@123', 'admin', '12345678', '12345', '123456789' എന്നിവയാണ്. ഈ പാസ്‌വേഡുകളിൽത്തന്നെ ചില അക്ഷരങ്ങൾ വലിയക്ഷരമാക്കുകയോ, '@' പോലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുകയോ ചെയ്ത് ശക്തമാക്കാൻ ശ്രമിക്കുന്ന രീതിയും പതിവാണ്. എന്നാൽ, ചിഹ്നങ്ങളോ വലിയക്ഷരങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഈ പാറ്റേണുകളെല്ലാം ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്നവയാണെന്നും നോര്‍ഡ് പാസ് നിരീക്ഷിക്കുന്നു.

പാസ്‌വേഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രവണതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ചിഹ്നങ്ങൾ ഉപയോഗിച്ച് പാസ്‌വേഡുകൾ ശക്തമാക്കാൻ ഇന്ത്യക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, പാറ്റേണുകൾ എളുപ്പത്തിൽ ഊഹിച്ചെടുക്കാനാകുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിനുപുറമെ, സ്വന്തം പേര് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പാസ്‌വേഡുകളിൽ ഉപയോഗിക്കുന്ന പ്രവണതയും ഇന്ത്യക്കാർക്കിടയിൽ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ഈ പാസ്‌വേഡ് ശൈലി ഡിജിറ്റൽ ലോകത്ത് വ്യക്തിഗത വിവരങ്ങൾ ചോരാനും സൈബർ ആക്രമണങ്ങൾക്കും വഴി തുറക്കുന്നു എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ENGLISH SUMMARY:

Weak passwords are a significant cybersecurity risk in India. A recent report highlights the continued use of easily guessable passwords, making individuals vulnerable to cyberattacks.