ജമ്മു അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റ സാധ്യത മുന്നില്‍ക്കണ്ട് പരിശോധന ശക്തമാക്കി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൈനീസ് നിര്‍മിത ടെലസ്കോപ്പ് കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.
അതിശൈത്യം മുതലെടുത്ത് നുഴഞ്ഞുകയറാന്‍ ഭീകരര്‍ തയാറെടുക്കുന്നതായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് 72 ലോഞ്ച് പാഡുകള്‍ സജീവമാണെന്ന് വിവരമുണ്ട്. ഇതില്‍ 12 എണ്ണം രാജ്യാന്തര അതിര്‍ത്തിക്കു സമീപവും 60 എണ്ണം നിയന്ത്രണ രേഖയ്ക്കു സമീപവുമാണ്. രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു മേഖലയാകെ അതീവ ജാഗ്രതയിലാണ്. അതിനിടെയാണ് അത്യാധുനിക യന്ത്രത്തോക്കുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ടെലസ്കോപ്പ് ഇന്നലെ സിന്ധ്ര മേഖലയില്‍ ചവറ്റുകൂനയില്‍ കണ്ടെത്തിയത്.
എന്‍.ഐ.എ ആസ്ഥാനം തൊട്ടടുത്താണ് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ടെലസ്കോപ് കസ്റ്റഡിയില്‍ എടുത്ത സുരക്ഷാസേന മേഖലയിലായകെ പരിശോധന ഊര്‍ജിതമാക്കി. ബോധപൂര്‍വം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. റെയില്‍വെ സ്റ്റേഷന്‍,വിമാനത്താവളം അടക്കം ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. വാഹന പരിശോധനയും ഊര്‍ജിതമാക്കി.