എഐ വിഡിയോകള്‍ വാരിയിട്ട് യൂട്യൂബില്‍ നിന്ന് പണമുണ്ടാക്കിക്കളയാം എന്ന് വിചാരിക്കുന്നവരാണോ നിങ്ങള്‍? ആ വിചാരം തല്‍ക്കാലം വേണ്ട. എഐ ഉപയോഗിച്ച് മാത്രം ക്രിയേറ്റ് ചെയ്യുന്ന വിഡിയോകള്‍ യൂട്യൂബ് മോണിറ്റൈസ് ചെയ്യില്ല. മാത്രമല്ല, റീപോസ്റ്റ് ചെയ്യുന്ന കണ്ടന്‍റിനും കോപ്പി ചെയ്ത് ഉപയോഗിക്കുന്ന കണ്ടന്‍റും അടക്കം ഒറിജിനല്‍ അല്ലാത്ത കണ്ടന്റുകള്‍ക്കും മോണിറ്റൈസേഷന്‍ പ്രശ്നമാകും. യൂട്യൂബിന്‍റെ പുതുക്കിയ മോണിറ്റൈസേഷന്‍ നയം നിലവില്‍ വന്നു.

 എഐയെ കണ്ട് പണക്കൊതി പിടിച്ച് നിന്നവരെയൊക്കെ പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് യൂട്യൂബ്. അവര്‍ വരുമാനം ഷെയര്‍ ചെയ്യുന്ന 35 ലക്ഷം കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ അഥവാ  പാര്‍ട്‍ണര്‍മാര്‍ ആണ് ഇന്ത്യയില്‍ മാത്രം യൂട്യൂബിലുള്ളത്. കണ്ടന്‍റ് ക്രിയേഷന്‍ ഓട്ടമേറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഒറ്റക്ലിക്കില്‍ ആയിരക്കണക്കിന് വിഡിയോകള്‍ അപ്‍ലോഡ് ചെയ്യാന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിയും. അങ്ങനെ വരുമ്പോള്‍ പങ്കുവയ്ക്കേണ്ടിവരുന്ന വരുമാനത്തിന്‍റെ തോത് ചിന്തിക്കാന്‍ കഴിയാത്ത വിധം മാറും. പരസ്യങ്ങളുടെ നിരക്ക് ഇപ്പോള്‍ കിട്ടുന്നതിനെക്കാള്‍ വളരെ കുറയുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് എഐ കണ്ടന്‍റിന് മൂക്കുകയറിടാന്‍ യൂട്യൂബ് തീരുമാനിച്ചത്.

എഐ ഉപയോഗിച്ച് മാത്രം ക്രിയേറ്റ് ചെയ്യുന്ന കണ്ടന്‍റിന് നിയന്ത്രണം വരുമ്പോള്‍ ഒറിജിനല്‍ കണ്ടന്‍റിന് യൂട്യൂബില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കും എന്നതാണ് ശരിക്കുള്ള കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കുള്ള അംഗീകാരം. എഐ ഉപയോഗിക്കരുതെന്നല്ല, മറിച്ച് എഐ മാത്രം ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന കണ്ടന്‍റ് വച്ച് തട്ടിപ്പിന് ശ്രമിക്കേണ്ട എന്നതാണ് യൂട്യൂബിന്‍റെ നിലപാട്. നമ്മള്‍ ക്രിയേറ്റ് ചെയ്യുന്ന ഒറിജിനല്‍ കണ്ടന്‍റിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍, ആവശ്യമുള്ളിടത്തുമാത്രം എഐ കണ്ടന്‍റ് ചേര്‍ക്കുന്നതില്‍ തെറ്റില്ല. അത് വിഡിയോ കാണുന്നവരോട് വെളിപ്പെടുത്തണമെന്നുമാത്രം.

എഐയുടെ കാര്യത്തില്‍ മാത്രമല്ല, മോണിറ്റൈസേഷന്‍ പോളിസിയില്‍ വലിയ ഉടച്ചുവാര്‍ക്കല്‍ തന്നെ യൂട്യൂബ് നടത്തിയിട്ടുണ്ട്. ഒറിജിനല്‍ കണ്ടന്‍റിന് മാത്രമേ അര്‍ഹിക്കുന്ന വരുമാനം ലഭിക്കൂ എന്നതാണ് ഇതിലെ ഏറ്റവും കാതലായ ഭാഗം. ഒരേ കണ്ടന്‍റ് ഒരുമാറ്റവുമില്ലാതെ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യുക, കോപ്പി ചെയ്ത കണ്ടന്‍റ് പോസ്റ്റ് ചെയ്യുക തുടങ്ങിയ പരിപാടികളൊന്നും ഇനി നടക്കില്ല എന്ന് ചുരുക്കം. എടുക്കുന്ന പണി അനുസരിച്ചേ പണമുള്ളു എന്നാണ് യൂട്യൂബ് ഉറക്കെ പറയുന്നത്. 

ഇനി ചില കണ്ടന്റ് റിപ്പീറ്റ് ചെയ്യേണ്ടിവന്നാല്‍ത്തന്നെ ഒറിജിനല്‍ കണ്ടന്റില്‍ നിന്ന് വിസിബിള്‍ ആയ മാറ്റം വരുത്തിയിരിക്കണം. മറ്റാരുടെയെങ്കിലും കണ്ടന്‍റ് ഉപയോഗിക്കേണ്ടിവന്നാലും പോസ്റ്റ് ചെയ്യുന്ന വിഡിയോ നിങ്ങളുടെ ഒറിജിനല്‍ ഐഡിയയും ക്രിയേറ്റിവിറ്റിയും ഉള്ളതായിരിക്കണം. റിയാക്ഷന്‍ വിഡിയോസ് ചെയ്യുന്നവരും ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത് കാശുണ്ടാക്കുന്നവരുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങളുടെ ഒറിജിനല്‍ ഇന്‍പുട്ട് ഉള്ള വിഡിയോ ആണെങ്കില്‍ വലിയ പണി കിട്ടാന്‍ സാധ്യതയില്ല. ഒറിജിനല്‍ ഇന്‍പുട്ട് എന്നുപറഞ്ഞാല്‍ നിങ്ങളുടെ പ്രസന്‍സ്, കമന്‍ററി, വോയിസ് ഓവര്‍ ഒക്കെ ഉള്‍പ്പെടും.

റിപ്പീറ്റഡ് കണ്ടന്‍റ് മുന്‍പുതന്നെ യൂട്യൂബ് നിരുല്‍സാഹപ്പെടുത്തിയിരുന്നതാണ്. റെപ്പെറ്റിഷ്യസ് കണ്ടന്‍റ് എന്നാണ് പോളിസിയില്‍ അതിന് പറഞ്ഞിരുന്ന പേര്. ഈ വാക്ക് ഇനി ഇന്‍–ഓതന്‍റിക് കണ്ടന്‍റ് എന്നായി മാറും. ഒറിജിനല്‍ ആയാലും ഓതന്‍റിക് ആയിരിക്കണമെന്ന് ചുരുക്കം. കാര്യമായ ഉള്ളടക്കമൊന്നുമില്ലാതെ ക്ലിക്ക്ബൈറ്റ് തമ്പ്നെയിലുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പണിയാകും. മറ്റുള്ളവരുടെ വിഡിയോകള്‍ എടുത്ത് ലൈറ്റ് എഡിറ്റിങ് ഒക്കെ ചെയ്ത് തള്ളിവിടുന്ന വീരന്മാരും ഇനി കാര്യമായ വരുമാനം പ്രതീക്ഷിക്കേണ്ട. വിഡിയോകള്‍ മാത്രമല്ല, നിങ്ങളുടെ ചാനലിന്‍റെ മൊത്തം ഉള്ളടക്കവും യൂട്യൂബ് പരിശോധിക്കും. അതനുസരിച്ചായിരിക്കും തുടര്‍ന്നുള്ള സമീപനം. 

ഇനി യൂട്യൂബ് മോണിറ്റൈസേഷനുവേണ്ട യോഗ്യതയില്‍ എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ലെന്നാണ് യൂട്യൂബ് പറയുന്നത്. 12 മാസം കൊണ്ട് ആയിരം സബ്സ്ക്രൈബേഴ്സും നാലായിരം മണിക്കൂര്‍ പബ്ലിക് വിഡിയോ വ്യൂസും ആണ് പാര്‍ട്ണര്‍ ആകാനുള്ള ഒന്നാമത്തെ യോഗ്യത. അല്ലെങ്കില്‍ 90 ദിവസം കൊണ്ട് 10 മില്യന്‍ ഷോര്‍ട്സ് വ്യൂസ് കിട്ടിയാലും മോണിറ്റൈസേഷന് അര്‍ഹതയുണ്ടാകും.

കമ്യൂണിറ്റി ഗൈഡ്‌‍ലൈന്‍സും കോപ്പിറൈറ്റ് ഗൈഡ്‍ലൈന്‍സും ലംഘിച്ചാല്‍ സ്ട്രൈക്കുകള്‍ ഉള്‍പ്പെടെ പലതരം ശിക്ഷാനടപടികള്‍ യൂട്യൂബ് സ്വീകരിക്കാറുണ്ട്. മോണിറ്റൈസേഷന്‍ പോളിസി ലംഘിച്ചാല്‍ വരുമാനം ലഭിക്കില്ല എന്നതിനപ്പുറം എന്തൊക്കെ മറ്റ് നടപടികള്‍ക്ക് യൂട്യൂബ് മുതിരും എന്നാണ് ഇനി അറിയേണ്ടത്.

ENGLISH SUMMARY:

YouTube has officially updated its monetization policy starting July 15, 2025. This video breaks down what's allowed and what's not — especially for creators using AI tools, text-to-speech, or reposted content.