AI Generated Image

AI Generated Image

TOPICS COVERED

നിരത്തുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകളുടെ നിയന്ത്രണം സ്മാർട്ട്ഫോണിലൂടെ പെട്ടെന്ന് ഏറ്റെടുക്കുന്നു. വണ്ടിയുടെ പവർ, റിമോട്ടായി ഓഫ് ചെയ്യുകയും ചെയ്യുന്നു. ഇത്തരം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടി. ഡ്രൈവർമാർക്കിടയിൽ വലിയ പരിഭ്രാന്തി പരന്നു. സംഗതി ഗൗരവ തരമെന്ന് കണ്ടെത്തിയതോടെ ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉണര്‍ന്നു. ഗതാഗത-സുരക്ഷാ ഭീഷണിയുയർത്തുകയും ചെയ്ത രണ്ട് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നീക്കം ചെയ്തു. സംഭവത്തിൽ ഡൽഹി ഗതാഗത വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്താണ് സംഭവം?

സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോകളുടെ ഉള്ളടക്കം ഇതാണ്.  ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് പേര്‍ മുന്നിൽ പോകുന്ന ഇ-റിക്ഷയെ പിന്തുടരുന്നു. മൊബൈൽ ഫോണിലെ ഒരു ആപ്പ് വഴി ആ വാഹനത്തിന്റെ ബാറ്ററി സിസ്റ്റവുമായി കണക്ട് ചെയ്യുന്നു. തുടർന്ന് ഫോണിലൂടെ വാഹനത്തിന്റെ ഡിസ്ചാർജ് ഫംഗ്ഷൻ റിമോട്ടായി ഓഫ് ചെയ്യുന്നു. ഇതോടെ, മുന്നിൽ പോകുന്ന ഇ-റിക്ഷ പെട്ടെന്ന് നില്‍ക്കുന്നു. ആപ്പ് വഴി മറ്റൊരാൾ ബാറ്ററി ഓഫ് ചെയ്തതാണെന്ന് അറിയാത്ത ഡ്രൈവർമാർ, വഴിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നില്‍ക്കുന്നു. യുവാക്കളില്‍ ചിലര്‍ ഇത് റീലിനായി ആവര്‍ത്തിച്ചതോടെ ഇ-റിക്ഷാ തൊഴിലാളികൾ പ്രതിസന്ധിയിലായി.  

വില്ലന്‍ ചൈനീസ് ആപ്പുകൾ?

BMS ആപ്പുകളാണ് ഇവിടെ വില്ലനായത്. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ആപ്പുകള്‍ക്ക് ബാറ്ററിയുടെ വോൾട്ടേജ്, താപനില, കറന്റ് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാനാകും. ചൈനീസ് കമ്പനിയായ ഷെൻഷെൻ ഗ്രീനർജി ടെക്നോളജി നിർമ്മിച്ച 'ബാറ്റ്-ബിഎംഎസ്', 'ലോസിജി' എന്നീ ആപ്പുകളാണ് വ്യാപകമായി ദുരുപയോഗിക്കപ്പെട്ടത്.

BMS  ആപ്പുകളുടെ പ്രവർത്തനം?

വിലകുറഞ്ഞ ഇ-റിക്ഷകളിൽ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് സംവിധാനമുള്ള ലിഥിയം-അയൺ ബാറ്ററികൾക്ക് സുരക്ഷാ പാസ്‌വേഡുകൾ ഉണ്ടാകില്ല. സർവീസ് എന്‍ജിനീയർമാർക്ക് അറ്റകുറ്റപ്പണികൾക്കായി എളുപ്പത്തിൽ കണക്ട് ചെയ്യാനാണിത്.  ഈ പഴുതാണ് മുതലെടുക്കുന്നത്. 15 മീറ്റർ വരെ ദൂരത്തിലുള്ള ആർക്കും ഈ ആപ്പ് വഴി ഇ-റിക്ഷയുടെ ബാറ്ററിയുമായി കണക്ട് ചെയ്യാനും പവർ കട്ട് ചെയ്യാനും കഴിയും. 

കേന്ദ്ര നടപടി?

'ബാറ്റ്-ബിഎംഎസ്', 'ലോസിജി'  ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തു. തുടര്‍ നടപടികള്‍ പരിശോധിച്ച് വരികയാണെന്ന്  കേന്ദ്ര ഐ.ടി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ വ്യക്തമാക്കി.  നിലവിൽ ഈ വിഷയത്തിൽ പരാതികളോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഡല്‍ഹി സർക്കാരും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്.

ഈ ആപ്പുകൾക്ക് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തണമെന്നും ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് തജീന്ദർ ബഗ്ഗ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു. വിവാദമായതോടെ ജൂലൈ 1 മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഈ ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ പാസ്‌വേഡ് നിർബന്ധമാക്കി സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ആപ്പ് നിർമ്മാതാക്കളും ശ്രമിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A security vulnerability involving Chinese Battery Management System (BMS) apps has caused alarm in Delhi, as individuals were found remotely disabling e-rickshaws using smartphones. By exploiting the lack of password protection in budget e-rickshaw lithium-ion batteries, miscreants could connect via Bluetooth from up to 15 meters away to cut off power. In response to the viral social media videos, the central government has removed the identified apps—'Bat-BMS' and 'Lozeegy'—from platforms, while the Delhi government has launched a detailed investigation into the safety risks. App developers have since introduced password requirements in recent updates to address these security flaws.