പാസ്പോര്‍ട്ട് നിഷേധിച്ചതിന്റെ കാരണം തന്നോട് വിശദീകരിച്ചിട്ടില്ലെന്ന് ദ് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍.രാജഗോപാല്‍. കൊല്‍ക്കത്തയിലെ വിലാസത്തില്‍ കഴിഞ്ഞ വര്‍ഷം മകളുടെ പാസ്പോര്‍ട് പുതുക്കിയിരുന്നു. എല്ലാ പൗരന്‍മാര്‍ക്കുംകിട്ടുന്ന അവകാശം തനിക്കുംകിട്ടണമെന്നും രാജഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വോട്ടര്‍പട്ടികയില്‍ പേരില്ലെന്നതിനാലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത്. അടിയന്തര ഇടപെടലാവശ്യപ്പെട്ട്
മുഖ്യമന്ത്രി വി.ഡി സതീശന്‍ ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെയും മോദിയുടെയും കടുത്ത വിമര്‍ശകനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാലിന്‍റെ പേര് കഴിഞ്ഞ എസ്.ഐ.ആറിലാണ് കൊല്‍ക്കത്തയിലെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയത്. ഇക്കാരണത്താല്‍ പാസ്‌പോർട്ട് പുതുക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചെന്നാണ് രാജഗോപാലിന്‍റെ പരാതി. ഇതോടെ അമേരിക്കയിലുള്ള മകളുടെ വിവാഹത്തിൽ പങ്കെടുക്കാന്‍ രാജഗോപാലിന് സാധിച്ചില്ല
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ വിലാസത്തില്‍ മകളുടെ പാസ്പോര്‍ട് പുതുക്കിയിരുന്നുവെന്നും രാജഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേ വിലാസത്തിലുള്ള തനിക്ക് പാസ്പോര്‍ട്ട് നിഷേധിച്ചതിന്റെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും എസ്.ഐ.ആറില്‍ പേര് ഒഴിവാക്കിയതിന്റെ കാരണവും അധികൃതർ വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ അപ്പീൽ നല്‍കി. ജൂലൈ പതിനേഴിന് ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും രാജഗോപാല്‍. രാജഗോപാലിന്‍റെ പേര് വോട്ടർ പട്ടികയിൽ നീക്കം ചെയ്തത് അപലപനീയമാണെന്നും പേര് എത്രയും വേഗം പുനസ്ഥാപിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.