പത്ത് ദിവസത്തെ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ആര്‍ട്ടിമിസ് 2 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 5.37നായിരുന്നു. സാന്‍ഡിയോഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തില്‍ ഓറിയോണ്‍ പേടകത്തിന്റെ സ്പ്ലാഷ് ഡൗണ്‍. ഏപ്രില്‍ രണ്ടിനാണ് സംഘം യാത്ര തിരിച്ചത് . ഈ യാത്രയോടെ പലതും ചരിത്രമായി. എട്ട് റെക്കോര്‍ഡുകളാണ് ഈ നാലംഗ സംഘം തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്.
1. ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍
ഭൂമിയില്‍ നിന്ന് 2,52,756 ൈമല്‍ ദൂരം സഞ്ചരിച്ചാണ് റീഡ് വൈസ്മാന്‍ നയിക്കുന്ന സംഘം റെക്കോര്‍ഡ് മാറ്റി കുറിച്ചത്. 1970 ഏപ്രില്‍ പതിനാലിലെ അപ്പോളോ 13ന്റെ 248655 മൈല്‍ ദൂരം സംഘം ആറാം ദിനത്തില്‍ മറികടന്നു. ക്രൂ ആകെ സഞ്ചരിച്ചത് 6,94,481 മൈലുകളാണ്.
Also Read: ആർട്ടെമിസ് 2 വിജയം; ചന്ദ്രനെ ചുറ്റി മനുഷ്യർ ഭൂമിയിൽ തിരിച്ചെത്തി
2. ചന്ദ്രനു ചുറ്റും പറന്ന ആദ്യ വനിത
ചന്ദ്രനിലേക്ക് ഇതുവരെ പറന്നതെല്ലാം പുരുഷന്മാര്‍. ഈ ചരിത്രം തിരുത്തിക്കുറിച്ചു ക്രിസ്റ്റീന കോച്ച്. 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ക്രിസ്റ്റീന ഒരു സ്ത്രീ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രയുടെ റെക്കോര്‍ഡും നേരത്തെ സ്വന്തമാക്കിയിരുന്നു . വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുന്‍പ് 23 മില്യണ്‍ ഡോളര്‍ വിലയുളള ടോയ്‌ലറ്റിന്റെ തകാറുകള്‍ കണ്ടെത്തിയതും ക്രിസ്റ്റീനയാണ്.
3. ചന്ദ്രനു ചുറ്റും പറന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍
വിക്ടര്‍ ഗ്ലോവര്‍ . ആര്‍ടെമിസ് ടുവിന്റെ പൈലറ്റാണ് വിക്ടര്‍ ഗ്ലോവര്‍. യു.എസ്. നാവികസേന ക്യാപ്റ്റനും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാല ദൗത്യത്തില്‍ സേവനം അനുഷ്ഠിച്ച ആദ്യ കറുത്തവര്‍ഗക്കാരനും വിക്ടറാണ്.
4. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
50 വയസുളള കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിനപ്പുറം സഞ്ചരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. അപ്പോളോ 17ലെ ജീന്‍ സെര്‍നാന് ശേഷം ചാന്ദ്ര ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ആദ്യ വ്യക്തിയും.
5. ചാന്ദ്രദൗത്യത്തിനായി പറക്കുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി.
കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ യാത്രികന്‍ ജെറമി ഹാന്‍സണ്‍ ചാന്ദ്രദൗത്യത്തില്‍ പങ്കെടുക്കുന്ന അമേരിക്കക്കാരനല്ലാത്ത ആദ്യ വ്യക്തിയാണ്.
6.ഡീപ് സ്െപയ്സില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍: ഒരേ സമയം നാലുപേര‍്‍ ബഹിരാകാശത്ത് ഒരേ സമയം ചെലവഴിച്ചു. അപ്പോളോ ദൗത്യങ്ങളിലെല്ലാം മൂന്നുപേരാണ് ഉണ്ടായിരുന്നത്.
7.അപൂര്‍വ സൂര്യഗ്രഹണം: സൂര്യനും ഓറിയോണ്‍ പേടകത്തിനും ഇടയില്‍ ഭുമി കടന്നുപോയതിനാല്‍ അപൂര്‍വ സൂര്യഗ്രഹണത്തിനും സംഘാംഗങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒരു മണിക്കൂറിലേറെ സൂര്യഗ്രഹണം നീണ്ടുനിന്നു
8.ഏറ്റവും ഉയര്‍ന്ന താപനില പുനഃ പ്രവേശനം: ഇന്‍റഗ്രിറ്റി എന്ന കാപ്സ്യൂള്‍ 13 മിനിറ്റ് ദൈര്‍ഘ്യമുളള പുനഃ പ്രവേശനത്തില്‍ 2,760 ഡിഗ്രി സെല്‍സ്യസിലൂടെയാണ് കടന്നുപോയത്.
ചരിത്രനേട്ടങ്ങള്‍ക്കപ്പുറം വൈകാരിക നിമിഷങ്ങള്‍ക്കും ആര്‍ട്ടെമീസ് ദൗത്യവും ലോകവും സാക്ഷിയായി. ലൂണാര്‍ ഫ്ലൈ ബൈയ്്ക്കിടെ രണ്ട് ഗര്‍ത്തങ്ങള്‍ക്കും സംഘം പേരിട്ടു. ചന്ദ്രനിലെ ഗര്‍ത്തങ്ങളില്‍ ഒന്നിന് മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്റെ മരിച്ചുപോയ ഭാര്യയുടെ പേരാണ് ജെറമി ഹന്‍സന്‍ നിര്‍ദേശിച്ചത്. 2020ല്‍ അര്‍ബുദത്തെ തുടര്‍ന്നാണ് കാരള്‍ ലോകത്തോട് വിടപറഞ്ഞത്. മറ്റൊരു ഗര്‍ത്തത്തിന് പേടകത്തിന്റെ പേരായ ഇന്റഗ്രിറ്റിയെന്നും പേരിട്ടു. ആര്‍ട്ടിമിസിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ യാത്രയിലെ ഓരോ കണ്ടെത്തലുകളും.