ആകാശവും കടന്ന്, ചന്ദ്രൻ ലക്ഷ്യമാക്കി മനുഷ്യന്റെ യാത്ര. ചന്ദ്രനെ മനുഷ്യന്റെ കൈപ്പിടിയിലാക്കാനുള്ള ആർട്ടിമിസ് ദൗത്യങ്ങളിലെ നിർണായക ഘട്ടമായ ആർട്ടിമിസ് 2 നാലു യാത്രികരുമായി വിജയകരമായി വിക്ഷേപണം ചെയ്യപ്പെട്ടത് 10 ദിവസം മുന്‍പാണ്, ഈ മാസം മൂന്നിന്. ചന്ദ്രന്റെ ആകാശത്ത് ഭൂമി അസ്തമിക്കുന്ന മനോഹര ചിത്രമടക്കം പങ്കുവച്ച ആ ദൗത്യത്തിന്റെ നാള്‍ വഴികാണാം.
53 വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ചന്ദ്രയാത്ര. 10 ദിനങ്ങള്‍. ചന്ദ്രനെ ചുറ്റിക്കറങ്ങി, 11 ലക്ഷം കിലോമീറ്റർ താണ്ടി, യാത്രികർ തിരിച്ചെത്തി. ഏപ്രില്‍ 1, യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നു കുതിച്ചുയരുന്ന എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിലേറി 4 മനുഷ്യര്‍ ഏതു സ്വപ്‌നവും ദൂരെയല്ലെന്ന് ഓർമിപ്പിച്ച്, ഉയരങ്ങളിലേക്കു യാത്ര പുറപ്പെട്ടു.
വിക്ഷേപിക്കപ്പെട്ട റോക്കറ്റ് 8 മിനിറ്റിനുള്ളിൽ ബഹിരാകാശത്തെത്തി. ഓറിയൺ 4 സൗരോർജ പാനലുകൾ വിരിച്ചു. രണ്ടാം ദിനം മുതല്‍ നാലാം ദിനം വരെ ചന്ദ്രനിലേക്ക് ശരിക്കുമുള്ള യാത്ര. ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ ഘട്ടം. ഭൂമിയുടെ ഭ്രമണപഥങ്ങളും ഗുരുത്വബലവും പിന്നിട്ട് ചന്ദ്രനെത്തേടിയുള്ള യാത്ര. പേടകത്തിൽ തുടരെത്തുടരെ പരിശോധനകൾ.
അഞ്ചാം ദിനം പേടകം ചന്ദ്രനരികിലേക്ക്. ചന്ദ്രന്റെ ഗുരുത്വാകർഷണം പേടകത്തെ സ്വാധീനിക്കാൻ തുടങ്ങി.നിര്‍ണായകമായ ആറാം ദിനം. പേടകം ചന്ദ്രനോട് ഏറ്റവുമടുത്ത്. ചന്ദ്രോപരിതലത്തിന് 6450 കിലോമീറ്റർ മുകളിൽ. ഓറിയണിന്റെ ജാലകത്തിലൂടെ ചന്ദ്രനെയും ഭൂമിയെയും കണ്ട് യാത്രികർ.
സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന ഗ്രഹണവും ചന്ദ്രനിലെ ഓറിയന്റാലെ ബേസിൻ മേഖലയുമുൾപ്പെടെ അപൂർവ കാഴ്ചകൾ കണ്ട് യാത്രികർ. പതിനായിരത്തിലേറെ ചിത്രങ്ങൾ പകര്‍ത്തി. ‘എർത്ത്സെറ്റ്' എന്ന് പേരുനല്‍കിയ ചന്ദ്രന്റെ ആകാശത്ത് ഭൂമി അസ്തമിക്കുന്നതു കാണിക്കുന്ന ചിത്രം. മുൻഗാമിയായ അപ്പോളോ 8 പകർത്തിയ എർത്ത്റൈസ് എന്ന ചിത്രത്തിന്റെ പ്രതിരൂപം. ലൂണാർ ഫ്ലൈബൈ നടക്കുന്ന സമയത്ത് സൂര്യനെ ചന്ദ്രൻ പൂർണമായി മറയ്ക്കുന്നതിനാല്‍ അനുഭവവേദ്യമായ സൂര്യഗ്രഹണം. ഓറിയന്റലെ ബേസിൻ മഹാഗർത്തമേഖല. ഇവിടത്തെ പർവതങ്ങളും ലാവാനിലങ്ങളും. ഭൂമിയിൽനിന്നു പ്രതിഫലിച്ചുവരുന്ന പ്രകാശം ചന്ദ്രനിൽ പതിക്കുന്നതുമൂലമുണ്ടാകുന്ന എർത്ത്ഷൈൻ പ്രതിഭാസം.
സൗരവാതവും കാന്തികപ്രസരണവും കാരണം ചന്ദ്രനിൽനിന്ന് പൊടിപടലങ്ങൾ വൻതോതിൽ ഉയരുന്ന കാഴ്ച. അങ്ങനെ ഭൂമിയിലെ മനുഷ്യർക്കൊന്നും അനുഭവവേദ്യമാകാത്ത കാഴ്ചകൾ.
ഏഴാം ദിനം ഇന്ധനം ഉപയോഗിക്കാതെ പ്രത്യേക ചലനം വഴി പേടകത്തിന്റെ ഗതിമാറ്റി. ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കം. ഒടുവില്‍ പത്താംദിനം,ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പേടകത്തിലേക്കുള്ള മടക്കം. ഓറഞ്ച് മനുഷ്യര്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തിന്റെ മടിത്തട്ടില്‍ സ്പളാഷ് ഡൗണ്‍.