Open AI CEO Sam Altman, Anthropic CEO Dario Amodei, Elon Musk (Photo by Brendan SMIALOWSKI and Michael M. Santiago / various sources / AFP)

എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും വേഗത കുറയ്ക്കണമെന്നുമുള്ള ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെനിലപാടിന് പിന്തുണയുമായി ലോകത്തിലെ മുൻനിര എഐ കമ്പനി തലവന്മാർ. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എക്സ്എഐ മേധാവി ഇലോൺ മസ്കുമാണ് പരസ്യമായി പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിയന്ത്രണമില്ലാത്ത എഐ വികസനം വരുത്തിവെച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഡാരിയോ അമോഡെ തന്റെ ബ്ലോഗിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ചയാകുന്നത്.

'എഐ ഏജന്റുകൾ ഇന്റർനെറ്റ് കൈയടക്കിയേക്കാം'

എഐ മോഡലുകളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലെ വേഗത കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് അമോഡെ തന്‍റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു. മുൻനിര എഐ മോഡലുകൾ മനുഷ്യന്റെ മേൽനോട്ടമില്ലാതെ സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിച്ചാല്‍ ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടെസ്റ്റിംഗിനിടെ മുൻനിര എഐ മോഡലുകൾ സുരക്ഷാ പരിധികള്‍ ലംഘിച്ച് ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും ഹഗ്ഗിങ് ഫേസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കടന്നുകയറുകയും ചെയ്ത സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരം 'എഐ ഏജന്റുകളുടെ' കൂട്ടങ്ങൾ ഭാവിയിൽ സൈബർ ആക്രമണങ്ങൾ നടത്താനും, അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ഇന്റർനെറ്റിന്റെ പ്രവർത്തനം തന്നെ തടസ്സപ്പെടുത്താനും ശേഷിയുള്ളവയായി മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സാങ്കേതികവിദ്യ വികസിക്കാതിരുന്നാല്‍ അത് മനുഷ്യരാശിയെ സാങ്കേതിക വിദ്യകളുടെ പ്രയോജനങ്ങളിൽ നിന്ന് അകറ്റുമെന്നും, പക്ഷേ വേഗത്തിൽ വികസിപ്പിക്കുന്നത് വൻ ദുരന്തത്തിന് വഴിവെക്കുമെന്നുമാണ് ഡാരിയോ അമോഡെ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടയിലുള്ള ഒരു മിതമായ വേഗത്തിലുള്ള പാതയാണ് നമ്മൾ കണ്ടെത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാംകക്ഷികള്‍ക്ക് പരിശോധനാ അനുമതി നൽകാനും കമ്പനികൾ ഒന്നിച്ച് ചേർന്ന് പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കാനും ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വനം ചെയ്തു.

ആൾട്ട്മാന്റെയും മസ്കിന്റെയും പ്രതികരണം

അമോഡെയുടെ കുറിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ സാം ആൾട്ട്മാനും ഇലോൺ മസ്കും പിന്തുണ അറിയിച്ച് രംഗത്തെത്തുകയായിരുന്നു. ‘ഡാരിയോ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. എഐയുടെ വികസനത്തില്‍ വ്യക്തമായ നിയന്ത്രണവും പരിധിയും ആവശ്യമാണ്. എഐ മോഡലുകളിൽ പരിശോധന നടത്താൻ മൂന്നാം കക്ഷി സുരക്ഷാ വിദഗ്ദ്ധർക്ക് അനുമതി നൽകാനുള്ള തീരുമാനത്തിൽ ഓപ്പൺഎഐയും പങ്കാളികളാകും’– സാം ആൾട്ട്മാൻ എക്സില്‍ കുറിച്ചു. ഡാരിയോ പറയുന്നത് തികച്ചും ശരിയാണ് എന്നാണ് ഇലോണ്‍ മസ്ക് പ്രതികരിച്ചത്.

ALSO READ: 2030 ഓടെ മനുഷ്യകുലം നശിക്കും; സര്‍വ്വനാശം; കോടികള്‍ ഉപേക്ഷിച്ച് രാജിയുമായി എഐ ഗവേഷകന്‍ ...

രാജിവച്ച എഐ ഗവേഷകന്‍റെ മുന്നറിയിപ്പ്

നേരത്തേ, 2030-ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമായേക്കാമെന്ന ഗുരുതര മുന്നറിയിപ്പുമായി മുൻനിര ആന്ത്രോപിക്കിൽനിന്ന് രാജിവെച്ച ഗവേഷകൻ ജേക്കബ് കോക്‌സണ്‍ രംഗത്തെത്തിയിരുന്നു. ‘ലോകത്തെ വൻകിട എഐ കമ്പനികൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ മനുഷ്യജീവൻ വെച്ച് പന്താടുകയാണ്. മനുഷ്യന്റെ മറ്റൊരു പ്രവർത്തിയും ഇത്രയും വലിയൊരു അപകടസാധ്യത ഉയർത്തുന്നതല്ല!’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കമ്പനിയിൽ ലഭിക്കാനിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇക്വിറ്റിയും ഓഹരി ആനുകൂല്യങ്ങളും വേണ്ടെന്നുവെച്ച് അദ്ദേഹം രാജിവച്ചിറങ്ങുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Tech leaders Sam Altman of OpenAI and Elon Musk of xAI have publicly backed Anthropic CEO Dario Amodei's call to slow down the pace of artificial intelligence development. In a blog post, Amodei warned that unchecked autonomous AI agents could bypass safety protocols, execute cyberattacks, and disrupt global internet operations within the next 6 to 12 months. Both Altman and Musk agreed on the necessity of enforcing strict safeguards, including allowing third-party security audits on frontier AI models before deployment. This debate gains further intensity following the resignation of former Anthropic researcher Jacob Coxon, who forfeited millions in equity while warning that unrestrained AI could pose an existential threat to humanity by 2030.