anthropic-researcher-jacob-coxon-resigns

2030-ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമായേക്കാമെന്ന ഗുരുതര മുന്നറിയിപ്പുമായി മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് രാജിവെച്ച ഗവേഷകൻ ജേക്കബ് കോക്‌സണ്‍. കമ്പനിയിൽ ലഭിക്കാനിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇക്വിറ്റിയും ഓഹരി ആനുകൂല്യങ്ങളും വേണ്ടെന്നുവെച്ചാണ് 27-കാരനായ ജേക്കബ് കോക്സൺ രാജിവെച്ചിറങ്ങുന്നത്. ഈ പടിയിറക്കത്തില്‍ ഒരു മുന്നറിയിപ്പ് മാത്രമേ അദ്ദേഹം നല്‍കുന്നുള്ളൂ... ‘ലോകത്തെ വൻകിട എഐ കമ്പനികൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ മനുഷ്യജീവൻ വെച്ച് പന്താടകുയാണ്. മനുഷ്യന്റെ മറ്റൊരു പ്രവർത്തിയും ഇത്രയും വലിയൊരു അപകടസാധ്യത ഉയർത്തുന്നതല്ല!’

ഓപ്പണ്‍ എഐ, ആന്ത്രോപിക് എന്നീ വൻകിട എഐ കമ്പനികളില്‍ കഴിഞ്ഞ മൂന്ന് വർഷമായി പ്രീ-ട്രെയിനിങ് ഗവേഷകനായി പ്രവർത്തിക്കുകയായിരുന്നു ജേക്കബ് കോക്സൺ. എന്നാല്‍ രണ്ട് കമ്പനികളും ഉത്തരവാദിത്തത്തോടെയല്ല പ്രവർത്തിക്കുന്നതെന്നും സ്വയം ശേഷി വർദ്ധിപ്പിക്കുന്ന 'സൂപ്പർ ഇന്റലിജൻസ്' (Self-improving Superintelligence) നിർമ്മിക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മുടെ ജീവിതം വെച്ചാണ് അവര്‍ ചൂതാട്ടം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. എഐയുടെ ശക്തിയെ നിസ്സാരമായി കാണരുത്. അതിന്‍റെ വളർച്ച വളരെ വേഗത്തിലാണ്. ഏത് നെറ്റ്‌വർക്കും ഹാക്ക് ചെയ്യാനും സാമ്പത്തിക- ഭരണകൂടങ്ങളുടെ ശക്തി കൈക്കലാക്കാന്‍ ശേഷിയുള്ള ഹ്യൂമൻ-ലെവലിനും മുകളിലുള്ള 'സൂപ്പർഹ്യൂമൻ' സിസ്റ്റങ്ങൾ ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

‘എഐ കെട്ടിപ്പടുക്കുന്നവര്‍ക്കും ഗവേഷകർക്കും ഇത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുമെന്ന് നന്നായി അറിയാം. വെറുമൊരു മാർക്കറ്റിങ് തന്ത്രമല്ലിത്, അടച്ചിട്ട മുറികളിൽ അവർ ഈ ഭയം പങ്കുവെക്കുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്’– ജേക്കബ് കോക്‌സണ്‍ പറയുന്നു. ‘അവരും ഇത് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് ഇത് തുടരുന്നത്? എന്ന ഒരു ചോദ്യമായിരിക്കും ഉയരുന്നത്. ഓപ്പൺ എഐയിലുള്ള പലരും ഇതിന്റെ പ്രത്യാഘാതങ്ങളെ ഗൗരവമായി ഉൾക്കൊണ്ടിട്ടില്ല. എന്നാൽ ആന്ത്രോപിക് ഈ അപകടസാധ്യതകൾ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും ആദ്യമെത്താനുള്ള മത്സരപ്പാച്ചിലിലാണ് അവരും— മറ്റാരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കില്ലെന്നും, അതിനാൽ അപകടസാധ്യതകൾ ഉണ്ടെങ്കിൽ പോലും തങ്ങൾ തന്നെ അത് ചെയ്യണമെന്നുമാണ് അവരുടെ വിശ്വാസം’– ജേക്കബ് കോക്‌സണ്‍ പറയുന്നു. എക്സിലൂടെയാണ് അദ്ദേഹം തന്റെ ആശങ്കകളും രാജിവച്ച വിവരവും പങ്കുവെച്ചത്.

ജേക്കബ് കോക്സണിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആന്ത്രോപിക്കിലെ അലൈൻമെന്റ് വിഭാഗം തലവനായ ഇവാൻ ഹൂബിംഗറും സമാന ആശങ്ക പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ എഐ മൂലം മനുഷ്യരാശിക്ക് വംശനാശം സംഭവിക്കാനുള്ള സാധ്യത 10 ശതമാനത്തിലധികമാണെന്ന് ഇവാൻ ഹൂബിംഗർ വ്യക്തമാക്കി. മാനവികതയ്ക്ക് ഭീഷണിയാകാത്ത വിധം സൂപ്പർ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള ഒരുവഴിയും നിലവിൽ തങ്ങളുടെ പക്കൽ ഇല്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം തുറന്നുസമ്മതിക്കുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ പിതാക്കന്മാരിൽ ഒരാളായി അറിയപ്പെടുന്ന നൊബേൽ ജേതാവ് ജോഫ്രി ഹിന്റണും ഈ വിലയിരുത്തൽ തള്ളിക്കളയാനാവില്ലെന്നാണ് പ്രതികരിക്കുന്നത്.

വൻകിട എഐ കമ്പനികളുടെ സുരക്ഷാ പരിധികൾ ലംഘിച്ച് എഐ ഏജന്റുകൾ സ്വയം ഹാക്കിങ്ങില്‍ ഏർപ്പെടുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഓപ്പൺ എഐയുടെ ഒരു എഐ മോഡൽ നിയന്ത്രണം ലംഘിച്ച് 'ഹഗ്ഗിങ് ഫെയ്സ്' എന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ ഹാക്കിങ് നടത്തിയ സംഭവവും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അപകടകരമായ ഓട്ടണോമസ് ഏജന്‍റ് എഐ മോഡലുകൾ ഡിജിറ്റൽ ലോകത്തും സൈബർ സുരക്ഷയിലും വൻ ഭീഷണിയാണ് ഉയർത്തുന്നത്.  ഇതിന് പിന്നാലെയാണ് ഗവേഷകരുടെ പുതിയ മുന്നറിയിപ്പ്.

ആന്ത്രോപിക്, ഓപ്പൺ എഐ എന്നിവയിലെ ഗവേഷകരുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ– ടെക് ലോകങ്ങളിലും വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. യു.എസ് ജനപ്രതിനിധി സഭയിൽ  എഐ സുരക്ഷയ്ക്കായി 'എഐ കിൽ സ്വിച്ച് ബിൽ' (AI Kill Switch Act) ഉൾപ്പെടെയുള്ള ഉഭയകക്ഷി ബില്ലുകൾ അടിയന്തരമായി പാസാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആഗോളതലത്തിൽ എഐയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്ന പരീക്ഷണങ്ങൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ആഗോളതലത്തിൽ ഈ സംഭവം വീണ്ടും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

ENGLISH SUMMARY:

Jacob Coxon, a 27-year-old pre-training researcher who recently resigned from AI giant Anthropic (and previously worked at OpenAI), warned that uncontrolled Artificial Intelligence could cause human extinction by 2030. Leaving behind millions of dollars in equity, Coxon stated that major tech firms are racing to build self-improving superintelligence without adequate safety guardrails. Following his departure, Evan Hubinger, Anthropic's alignment team lead, echoed these concerns, estimating a greater than 10% chance of AI-driven human extinction within the decade. Nobel laureate Geoffrey Hinton also validated these risk assessments. The revelations have intensified political discussions in the U.S., pushing lawmakers to advocate for bipartisan legislation such as the 'AI Kill Switch Act' and global moratoriums on frontier AI development.