സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവ് ജീവിതം നയിക്കുകയാണെന്ന അവകാശവാദത്തോടെ പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് എ.ഐപരിശോധനയിൽ കണ്ടെത്തൽ. ആധുനിക എ.ഐ ഫേസ് റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 2023-ൽ പകർത്തിയതെന്ന് അവകാശപ്പെടുന്ന പുതിയ ചിത്രത്തിന് സുകുമാരക്കുറുപ്പുമായി മുഖസാദൃശ്യമില്ലെന്ന് വ്യക്തമായത്. എഐ വിദഗ്ധനായ എം. നന്ദകിഷോറാണ് ഇത്തരമൊരു കണ്ടെത്തല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആധുനിക എ.ഐ ഫേസ് റെക്കഗ്നിഷൻ മോഡലുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ സുകുമാര കുറുപ്പിന്റെ ചിത്രവുമായി പുതിയ ചിത്രത്തിന് മുഖസാദൃശ്യമില്ലെന്ന് അദ്ദേഹം കുറിച്ചു. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന 'ആർക്ക് ഫേസ്' എന്ന ഫേസ് റെക്കഗ്നിഷൻ മോഡല്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പരിശോധിച്ചത്.
1984 കാലത്താണ് സുകുമാര കുറുപ്പിന്റെ അവസാന ഫോട്ടോ ലഭിക്കുന്നത്. 1984-ൽ ലഭിച്ച സുകുമാരക്കുറുപ്പിന്റെ അവസാന ചിത്രവും നിലവിൽ പ്രചരിക്കുന്ന ചിത്രവും തമ്മിൽ 40 വർഷത്തെ പ്രായവ്യത്യാസമുണ്ടെങ്കിലും, പ്രായവ്യത്യാസത്തെ തരണം ചെയ്ത് കൃത്യത നൽകാൻ ശേഷിയുള്ളതാണ് 'ആർക്ക് ഫേസ്' എന്ന് നന്ദകിഷോര്‍ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. ചെറിയ രീതിയിൽ രൂപമാറ്റം വരുത്തിയാൽ പോലും തലയോട്ടിയുടെ ആകൃതി, കണ്ണുകൾ തമ്മിലുള്ള അകലം, മൂക്കിന്റെയും കണ്ണിന്റെയും സ്ഥാനങ്ങൾ തുടങ്ങിയ മുഖത്തിന്റെ അടിസ്ഥാന അസ്ഥികൂട ഘടനകളിൽ മാറ്റം വരില്ല. അതിനാൽ നിലവിലെ ചിത്രം സുകുമാരക്കുറുപ്പിന്റേത് ആകാൻ സാധ്യതയില്ലെന്നാണ് ശാസ്ത്രീയ നിഗമനം.
വലിയ അളവില്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്താല്‍ മാത്രമാണ് തെറ്റുവരാനുള്ള സാധ്യത. നിലവില്‍ അത്തരം അവകാശവാദങ്ങളില്ല. അതിനാല്‍ പ്രചരിക്കുന്ന ചിത്രം സുകുമാര കുറുപ്പിന്റേതല്ലെന്ന 99 ശതമാനം ഉറപ്പിക്കാമെന്നും നന്ദകിഷോര്‍ പറഞ്ഞു. 'ആർക്ക് ഫേസ്' ഉപയോഗിച്ചുള്ള പരിശോധനയ്ക്കൊപ്പം ഫേസ്‌നെറ്റ്, വി.ജി.ജി-ഫേസ് തുടങ്ങിയ മറ്റ് എട്ട് പ്രധാന എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴും ചിത്രം സുകുമാര കുറുപ്പിന്റേതല്ലെന്ന റിസള്‍ട്ടാണ് ലഭിച്ചതെന്നും നന്ദകിഷോര്‍ പറഞ്ഞു.
സുകുമാര കുറുപ്പിന്‍റെ കേസ് അന്വേഷിച്ച മുന്‍ അന്വേഷണ സംഘാംഗമായ അലി അക്ബറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന അഭ്യൂഹം പരന്നത്. 2023-ൽ ബ്രൂണെയിൽ ഇയാൾ കാറിൽ വന്നിറങ്ങി ഹോട്ടലിലേക്ക് പോകുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് അലി അക്ബര്‍ അവകാശപ്പെട്ടു. 'ജോൺ മേനോൻ' എന്ന പേരിലാണ് ഇയാൾ ബ്രൂണെയില്‍ അറിയപ്പെ്ടിരുന്നത്. ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരനാണ് താനെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും ഇയാൾക്ക് നന്നായി മലയാളം സംസാരിക്കാനറിയാമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തി സുകുമാരക്കുറുപ്പുമായി സംസാരിച്ചിരുന്നുവെന്നും, ഹിന്ദിയും മലേഷ്യൻ ഭാഷയും സംസാരിച്ചതിനാൽ ആദ്യം തിരിച്ചറിയാനായില്ലെങ്കിലും പിന്നീട് സംശയം തോന്നി തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും അലി അക്ബർ പറഞ്ഞു.
സുകുമാരകുറുപ്പ് വിദേശത്ത് ജീവിച്ചിരിക്കുന്നുവെന്ന വെളിപെടുത്തലിൽ വിശദ അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇന്റർപോളിന്റെ സഹായത്തോടെ വിവരം ശേഖരിക്കാനാണ് ആദ്യശ്രമം. ഇതിനായി ഇന്നോ നാളെയോ ഇന്റർപോളിന് നോട്ടീസ് നൽകും. ബ്രൂണയിൽ കണ്ടതായി പറയുന്നയാളുടെ വിവരം തേടിയാവും കത്ത്. ഇതോടൊപ്പം ബ്രൂണയിലുള്ള മലയാളികളെ ബന്ധപ്പെട്ട് വിവരം ശേഖരിക്കാനും അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബർ ഓപ്പറേഷൻസ് വിഭാഗവും വിവരം ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. ബ്രൂണയിൽ കണ്ടതായി പറയുന്നയാളെ കേന്ദ്രീകരിച്ച് വിവരം ലഭിച്ച ശേഷമായിരിക്കും വിദേശത്തേക്ക് അന്വേഷണ സംഘത്തെ അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.