മലയാളിയായ അരുൺ രാജ് സഹസ്ഥാപകനായ പ്രമുഖ രാജ്യാന്തര എഐ കമ്പനി 'പ്രിവലന്‍റ് എഐ'ക്ക് 220 കോടി രൂപയുടെ വിദേശ നിക്ഷേപം. യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ഇന്‍റഗ്രിറ്റി ഗ്രോത്ത് പാർട്ണർസിൽ നിന്നാണ് ഈ വമ്പൻ നിക്ഷേപം കമ്പനി സമാഹരിച്ചത്. ഒൻപത് വർഷത്തെ മികച്ച പ്രവർത്തനത്തിന് ശേഷം കമ്പനി സ്വീകരിക്കുന്ന ആദ്യ പ്രൈമറി ഇക്വിറ്റി നിക്ഷേപമാണിത്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിവലന്‍റ് എഐ എന്ന സൈബർ സെക്യൂരിറ്റി-എന്‍റർപ്രൈസ് ഡേറ്റ പ്ലാറ്റ്‌ഫോമാണ് ആഗോള വിപണിയിൽ വൻ മുന്നേറ്റം നടത്തിയത്. മലയാളിയായ സി.ഒ.ഒ അരുൺ രാജും സി.ഇ.ഒ പോൾ സ്റ്റോക്സും 2017-ലാണ് കമ്പനിക്ക് തുടക്കമിട്ടത്. ബ്രിട്ടീഷ് ഇന്‍റലിജൻസ് ഏജൻസിയായ GCHQ-ന്‍റെ മുൻ ഡയറക്ടർ സർ ഇയാൻ ലോബൻ ഉൾപ്പെടെയുള്ള വിദഗ്ധരാണ് കമ്പനിയുടെ ഉപദേശക നിരയിലുള്ളത്.

പുറത്തുനിന്നുള്ള നിക്ഷേപങ്ങളില്ലാതെ ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം കഴിഞ്ഞ ഒൻപത് വർഷമായി ലാഭത്തിൽ പ്രവർത്തിച്ച കമ്പനി, വാർഷിക വരുമാനത്തിൽ ഇരട്ടി വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പുതിയ ഫണ്ടിംഗ് സ്വന്തമാക്കിയത്. ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ടെലകോം ഭീമന്മാർ തുടങ്ങിയ വൻകിട കോർപ്പറേറ്റുകളുടെ ചിതറിക്കിടക്കുന്ന സുരക്ഷാ വിവരങ്ങളെ കൃത്യമായി ഏകോപിപ്പിക്കുന്ന 'സോവറിൻ നോളജ് ഗ്രാഫ്' സാങ്കേതിക വിദ്യയാണ് പ്രിവലന്‍റ് എഐ വികസിപ്പിച്ചത്. 

ലോസ് ആഞ്ചലസ് ആസ്ഥാനമായ ഇന്‍റഗ്രിറ്റി ഗ്രോത്ത് പാർട്ണർസിൽ നിന്ന് ലഭിച്ച നിക്ഷേപം യുഎസ് വിപണിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, സൈബർ സുരക്ഷയ്ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന സംവിധാനങ്ങളിലേക്ക് സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും പ്രയോജനപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി.

ENGLISH SUMMARY:

Prevailance AI, a leading international AI company co-founded by Malayali Arun Raj, has secured a substantial foreign investment of 220 crore rupees. This significant funding from US-based Integrity Growth Partners marks a major milestone for the cybersecurity and enterprise data platform.