നിറയെ സൂചികൾ പോലെയുള്ള ഭാഗങ്ങളോടുകൂടിയ  ഒരു മെഷീനിലേക്ക് ഒരു സ്ത്രീ കൈവച്ചുകൊടുക്കുന്നു. നിമിഷങ്ങൾക്കകം അവരുടെ കൈയിൽ മനോഹരമായ മൈലാഞ്ചി ഡിസൈൻ. അതെ, മൈലാഞ്ചി ഇടുന്ന മെഷീൻ! വിശ്വസിക്കാൻ കഴിയുന്നുണ്ടോ? എന്നാൽ, അല്പം ആശ്വസിക്കാം... ഇത് യഥാർഥ മെഷീനല്ല, AI ജനറേറ്റഡ് വിഡിയോയാണ്.

വ്യവസായി ഹർഷ് ഗോയങ്ക ഇൻസ്റ്റഗ്രാമിലും എക്സിലും പങ്കുവച്ച മെഹന്തി പ്രിന്റിങ് മെഷീന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ‘ഇനി കുറച്ച് ജോലികൾ കൂടി ഇല്ലാതാകും’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

പരമ്പരാഗതമായി കൈകളിൽ മെഹന്തി അണിയിക്കുന്ന നിരവധി കലാകാരന്മാരുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു മെഷീൻ യാഥാർഥ്യമായാൽ മെഹന്തി ആർട്ടിസ്റ്റുകളുടെ തൊഴിൽ മേഖലയെ അത് എങ്ങനെ ബാധിക്കുമെന്ന ചർച്ചയും വിഡിയോയ്ക്കൊപ്പം സജീവമായി.

മിനിറ്റുകൾക്കുള്ളിൽ കൈകളിൽ അതിസൂക്ഷ്മമായ മെഹന്തി ഡിസൈനുകൾ ഒരുക്കുന്ന സാങ്കേതികവിദ്യ യാഥാർഥ്യമായാൽ കലാകാരന്മാരുടെ തൊഴിലിനെ അത് എങ്ങനെ ബാധിക്കുമെന്ന ഗൗരവകരമായ ചോദ്യമാണ് വിഡിയോ ഉയർത്തിയത്. എന്നാൽ, ഇത് AI നിർമിത വിഡിയോയാണെന്ന് വ്യക്തമായതോടെ ആശങ്കകൾക്ക് വലിയ തോതിൽ ശമനമായി.

കൗതുകത്തിന്റെ പേരിൽ ഒരുക്കിയ AI വിഡിയോ ആണെങ്കിലും, ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ യാഥാർഥ്യമായാൽ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന ചർച്ചയ്ക്കും ഇത് വഴിയൊരുക്കി.

എത്ര കൃത്യതയോടെ മെഷീൻ മെഹന്തി അണിയിച്ചാലും മനുഷ്യന്റെ കൈകളിൽ വിരിയുന്ന കലയുടെ ഭംഗിയും അതിനോടൊപ്പമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയും പകരംവയ്ക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയില്ലെന്നാണ് വിഡിയോ കണ്ടവരിൽ പലരുടെയും പ്രതികരണം.

ENGLISH SUMMARY:

An AI generated mehndi machine video is creating buzz online, showcasing a concept where intricate mehndi designs are applied instantly. While initially raising concerns about job displacement for mehndi artists, it's confirmed to be an AI-generated video, easing immediate worries but sparking discussions about future technological impacts on traditional art forms.