ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം (Left). Image Credit:AP (Right)

  • ഭീതി വിതച്ച് ജനങ്ങളെ ഭയപ്പാടിലാക്കുന്ന ചിത്രത്തിനൊപ്പം 'ഇറാനില്‍ നിന്നുള്ള ഭീഷണിക്കെതിരെ നിലനില്‍പ്പിന് വേണ്ടി ഇസ്രയേലിലെ ജനങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ശേഷിക്കുന്ന രണ്ട് വര്‍ഷം പ്രയോജനപ്പെടുത്തണം' എന്നും കുറിച്ചു.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ടെല്‍ അവീവ് നഗരത്തിന് മേല്‍ ആണവായുധം പ്രയോഗിക്കപ്പെട്ടതായുള്ള എഐ നിര്‍മിതചിത്രം സമൂഹ മാധ്യമ പേജുകളിലൂടെ പ്രചരിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഭീതി വിതച്ച് ജനങ്ങളെ ഭയപ്പാടിലാക്കുന്ന ചിത്രത്തിനൊപ്പം 'ഇറാനില്‍ നിന്നുള്ള ഭീഷണിക്കെതിരെ നിലനില്‍പ്പിന് വേണ്ടി ഇസ്രയേലിലെ ജനങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ശേഷിക്കുന്ന രണ്ട് വര്‍ഷം പ്രയോജനപ്പെടുത്തണം' എന്നും കുറിച്ചു. ജനസാന്ദ്രതയേറിയ നഗരത്തിന് മേല്‍ വലിയ കൂണ്‍ പോലെയുള്ള അഗ്നിമേഘം പുകയുന്നത് പോലെയുള്ള ചിത്രമാണ് നെതന്യാഹു പങ്കുവച്ചത്. അംബരചുംബികളായ നിരവധി കെട്ടിടങ്ങളും മേഘത്തിന് കീഴില്‍ കാണാം.  ഇതിനൊപ്പം ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രിയ നിരീക്ഷകനുമായ യുവാല്‍ ബ്ലംബര്‍ഗിന്‍റെ കുറിപ്പും നെതന്യാഹു പങ്കുവച്ചിട്ടുണ്ട്. 

'ഇസ്രയേല്‍ എന്ന രാജ്യം അതിന്‍റെ നിലനില്‍പ്പ് തന്നെ ഭീഷണിയായിരിക്കുന്ന സ്ഥിതിയിലാണിന്നുള്ളത്. ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ ഒന്നും പഴയത് പോലെ ആവില്ല. ഇറാന്‍റെയും ഷിയാ നേതൃത്വത്തിന്‍റെയും ഭീഷണി അത്രത്തോളമാണ്. നിലവില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന പോലെ അവര്‍ വിഷയം മാറ്റുന്നത് ഇറാനിലെ ആണവായുധ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മാത്രമാണ്. ഇന്നീ മണ്ണില്‍ ജീവിച്ചിരിക്കുന്ന ഓരോരുത്തരുടെയും നിലനില്‍പ്പിനെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്'- പോസ്റ്റില്‍ പറയുന്നു.

ഇതിനൊപ്പം 'ഇറാനില്‍ ഇപ്പോള്‍ തുടങ്ങിവച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ നമുക്ക് ട്രംപിന്‍റെ ശേഷിക്കുന്ന രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. അതിന് ശേഷം കമല ഹാരിസാണോ ആരാണോ വരുന്നതെന്ന് നമുക്ക് അറിയില്ല. നിലവിലുള്ള സമയം നമ്മുടെ നിലനില്‍പ്പിന് വേണ്ടി അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാനുള്ളതാണ്. ഈ ദൗത്യത്തില്‍ രാജ്യത്തെ എല്ലാ വിഭവങ്ങളും പൂര്‍ണമായും പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്'- എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

അതേസമയം,വലിയ വിമര്‍ശനമാണ് നെതന്യാഹുവിന്‍റെ പോസ്റ്റിനെതിരെ ഇസ്രയേലില്‍ ഉയരുന്നത്. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ നെതന്യാഹുവിന് സമനില നഷ്ടമായെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി സ്വന്തം രാജ്യത്തിന് മേല്‍ ആണവായുധമിട്ടെരിക്കുന്ന ചിത്രം പങ്കുവയ്ക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഡമോക്രാറ്റ് ചെയര്‍മാന്‍ യായിര്‍ ഗോലാന്‍ പറഞ്ഞു. 'ടെല്‍ അവീവിന് മേല്‍ ആറ്റംബോബ് വീണ ചിത്രമിട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി. ദയവ് ചെയ്ത് അദ്ദേഹത്തെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ആരെങ്കിലും മാറ്റി നിര്‍ത്തണം. അദ്ദേഹത്തിനും അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ക്കും ബോധം നശിച്ചിരിക്കുകയാണ്. സമ്മര്‍ദം അത്രത്തോളമാണ്'- ഗോലാന്‍ തുറന്നടിച്ചു. 'നെതന്യാഹു ഭ്രാന്തനെപ്പോലെ പെരുമാറുന്നു. ഇതാ അടുത്ത ഭീതി വിതയ്ക്കല്‍. എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരേ തന്ത്രങ്ങള്‍, നുണകളും ഭീതി വിതയ്ക്കലും തന്നെയാണ് അദ്ദേഹം തുടരുന്നത്'- എന്നായിരുന്നു യഷര്‍ ചെയര്‍മാന്‍ ഗാഡി ഇസന്‍കോട്ടിന്റെ പ്രതികരണം. 

നാളെയാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. രാജ്യ വ്യാപകമായി നടത്തുന്ന തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രപോഷനല്‍ റപ്രസന്‍റേഷന്‍ രീതിയാണ് ഇസ്രയേലിലുള്ളത്. 120 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം കിട്ടാന്‍ 61 സീറ്റ് ലഭിക്കണം. 

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu has shared an AI-generated image depicting a nuclear explosion over Tel Aviv on social media, just hours before the country's election. Alongside the alarming image, he urged Israelis to use the remaining two years of US President Donald Trump's term to counter the perceived threat from Iran and prevent it from acquiring nuclear weapons. The post has triggered sharp criticism from Israeli opposition leaders, including Yair Golan and Gadi Eisenkot, who accused Netanyahu of spreading fear and using scare tactics for political purposes. Israel follows a proportional representation system, with 61 seats required for a majority in its 120-member parliament.