People walk past a Likud party campaign billboard featuring Israeli Prime Minister Benjamin Netanyahu alongside opposition party leaders and bearing the Hebrew slogan "Right or Palestine," ahead of Israel's general election, in Beni Brak, Israel, Sunday, Oct. 18, 2026. (AP Photo/Oded Balilty)

  • നെതന്യാഹുവിനും ലിക്കു‍ഡ് പാര്‍ട്ടിക്കും ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പ്, തൂക്കുസഭയ്ക്ക് സാധ്യതയെന്ന് വിലയിരുത്തല്‍, നെതന്യാഹുവിനെ തറപറ്റിക്കാന്‍ പ്രതിപക്ഷനീക്കം

ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയും പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. 26ാമത് നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 27നാണ് നടക്കുക. ഗാസയിലെ യുദ്ധത്തിനും ലെബനന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് നെതന്യാഹുവും കൂട്ടരും. 19 വര്‍ഷക്കാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന നെതന്യാഹു പക്ഷേ നിലവില്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെടെ വിചാരണ നേരിടുകയാണ്. ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷസഖ്യവും ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 120 അംഗ പാർലമെന്റിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇസ്രയേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 73 ലക്ഷത്തിലേറെ ആളുകള്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.

ജനത വോട്ടുചെയ്യുന്നത് പാര്‍ട്ടിക്ക്

ഇസ്രയേലില്‍ ജനങ്ങള്‍ നേരിട്ട് പ്രധാനമന്ത്രിയേയോ വ്യക്തിഗത സ്ഥാനാര്‍ഥികളെയോ തിരഞ്ഞെടുക്കുന്നില്ല. പകരം വോട്ട് രേഖപ്പെടുത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ഓരോ പാര്‍ട്ടിക്കും ദേശീയ തലത്തില്‍ ലഭിക്കുന്ന വോട്ടിന്‍റെ അനുപാതത്തിലാണ് നെസറ്റില്‍ സീറ്റുകള്‍ അനുവദിക്കുന്നത്. 120അംഗ നെസറ്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 61സീറ്റുകള്‍ അനിവാര്യമാണ്.

People cross a bridge beneath a television campaign advertisement featuring Israeli Prime Minister Benjamin Netanyahu, right, and his main rival, opposition candidate Gadi Eisenkot, ahead of Israel's general election in Ramat Gan, Israel, Sunday, Oct. 18, 2026. (AP Photo/Oded Balilty)

ഇസ്രയേലിന്‍റെ ചരിത്രം നോക്കിയാല്‍ ഈ കണക്ക് ഒരു പാര്‍ട്ടിയും ഇന്നേവരെ നേടിയിട്ടില്ല. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതുകൊണ്ടുമാത്രം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയണമെന്നുമില്ല. മറ്റു പാര്‍ട്ടികളുടെ കൂടി പിന്തുണയോടെ സഖ്യം രൂപീകരിക്കലാണ് പോംവഴി. സർക്കാർ രൂപീകരികരണത്തിനായി പാർട്ടികൾക്ക് 28 ദിവസമാണ് അനുവദിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി കാലാവധി നീട്ടിയേക്കും. ഈ സമയത്തിനുള്ളിൽ ആർക്കും ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നതാണ് രീതി.

പാർലമെന്റ് പ്രവേശനത്തിന് 3.25 ശതമാനം വോട്ട്

കുറഞ്ഞത് 3.25ശതമാനം വോട്ട് നേടുന്ന പാര്‍ട്ടിക്കാണ് പാര്‍ലമെന്റ് പ്രവേശനം സാധ്യമാവുക. ഈ കണക്ക് ഒപ്പിക്കാനാവാത്ത പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകള്‍ സീറ്റ് വിഭജനത്തില്‍ പരിഗണിക്കില്ല. അതിനാൽ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ചെറിയ പാർട്ടികൾ മറ്റ് പാർട്ടികളുമായി ലയിക്കുകയോ സഖ്യങ്ങൾ രൂപീകരിക്കുകയോ ചെയ്യുന്നത് ഇസ്രയേലിൽ പതിവാണ്. നെസറ്റ് പ്രതിനിധികളുടെ കാലാവധി നാലുവര്‍ഷമാണ്. പ്രധാനമന്ത്രിക്ക് കാലാവധിയില്ല.

വോട്ടവകാശമില്ലാതെ ലക്ഷക്കണക്കിന് പലസ്തീനികൾ

ഇസ്രയേലിലെ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരിൽ ജൂത ഇസ്രയേലികളും ഏകദേശം 12 ലക്ഷം വരുന്ന പലസ്തീൻ വംശജരായ ഇസ്രയേൽ പൗരന്മാരും ഉൾപ്പെടുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും അധിനിവേശ കിഴക്കൻ ജറുസലേമിലുമായി താമസിക്കുന്ന ഏഴര ലക്ഷത്തിലധികം ഇസ്രയേലി കുടിയേറ്റക്കാരിൽ പ്രായപൂർത്തിയായവർക്കും വോട്ട് ചെയ്യാം. എന്നാല്‍ ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, അധിനിവേശ കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലായി താമസിക്കുന്ന ഏകദേശം 30 ലക്ഷം പ്രായപൂർത്തിയായ പലസ്തീനികൾക്ക് ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലെന്നാണ് റിപ്പോര്‍ട്ട്. അധിനിവേശ കിഴക്കൻ ജറുസലേമിലെ മിക്ക പലസ്തീനികൾക്കും ഇസ്രയേൽ പൗരത്വമില്ല, മറിച്ച് താമസാനുമതി മാത്രമാണുള്ളത്.

ഇവര്‍ക്ക് ജറുസലേം നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെങ്കിലും നെസറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല. വെസ്റ്റ് ബാങ്കിൽ ഒരേ പ്രദേശത്ത് താമസിക്കുന്ന ഇസ്രയേലി കുടിയേറ്റക്കാർക്ക് ഇസ്രയേൽ പാർലമെന്റിലേക്ക് വോട്ടുചെയ്യാൻ കഴിയുമ്പോൾ സമീപത്ത് താമസിക്കുന്ന പലസ്തീനികൾക്ക് ആ അവകാശമില്ലെന്ന വൈരുധ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.

വിദേശത്തുള്ള ഇസ്രയേലികൾക്കും വോട്ടില്ല

ഇസ്രയേലിലെ രീതിയനുസരിച്ച് പൊതുതിരഞ്ഞെടുപ്പിനായി വോട്ടുചെയ്യാന്‍ പൗരന്‍മാര്‍ രാജ്യത്തിനുള്ളില്‍ നേരിട്ട് ഹാജരാകണം. അതേസമയം നയതന്ത്ര ഉദ്യോഗസ്ഥർക്കും സർക്കാർ പ്രതിനിധികൾക്കും വിദേശത്തുള്ള ഇസ്രയേൽ ദൗത്യകാര്യാലയങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക ഇളവുണ്ട്.

കഠിനം ഈ തിരഞ്ഞെടുപ്പ്

വര്‍ഷങ്ങളായി അധികാരക്കസേരയിലിരിക്കുന്ന നെതന്യാഹുവിന് ഏറെ നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുന്നത് കടുത്ത വെല്ലുവിളികളാണ്. നെതന്യാഹുവിന്റെ സൈനിക നീക്കങ്ങളും സുരക്ഷാ നയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഐക്യനീക്കങ്ങളാകും നെതന്യാഹുവിന് തലവേദന സൃഷ്ടിക്കുക. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണവും ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികളും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്. ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.

അന്നുണ്ടായ സുരക്ഷാവീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര സംസ്ഥാന അന്വേഷണകമ്മിഷന്‍ രൂപീകരിക്കാത്തതില്‍ നെതന്യാഹുവിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. അൾട്രാ ഓർത്തഡോക്സ് ജൂതവിഭാഗത്തിന് നിർബന്ധിത സൈനിക സേവനത്തിൽ നൽകുന്ന ഇളവുകൾ മറ്റൊരു പ്രധാന തർക്കവിഷയമാണ്. മതപഠനത്തിൽ മുഴുവൻ സമയവും ഏർപ്പെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് ഇളവുകളെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

മാത്രമല്ല സുപ്രീം കോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള നെതന്യാഹു സർക്കാരിന്റെ നീക്കങ്ങൾ നേരത്തേത്തന്നെ രാജ്യത്ത് പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. യുദ്ധത്തിനും മുന്‍പേ ഇസ്രയേലിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയ വിഷയമാണിത്. രാജ്യത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലുപരിയായി ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, ലെബനൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാവുകയാണ്.

ഹമാസിനെയും ഹിസ്ബുല്ലയെയും പൂർണമായി പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഇരുസംഘടനകളും വളരെ സജീവമായി രംഗത്തുണ്ടെന്നതും രാജ്യത്ത് ചര്‍ച്ചയാണ്. ജീവിതച്ചെലവും വിലക്കയറ്റവും സാധാരണ ഇസ്രയേലികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. 2023ന് ശേഷം രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് ഇരട്ടിയായതോടെ സാമൂഹിക മേഖലകള്‍ക്കുള്ള ചെലവിലും പൊതുധനകാര്യങ്ങളിലും വലിയ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

നെതന്യാഹുവിനെ തറപറ്റിക്കാന്‍ പ്രതിപക്ഷനീക്കം

നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിനെതിരെ കടുത്ത തന്ത്രങ്ങള്‍ പ്രയോഗിച്ചുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യായിർ ലാപിഡും നേതൃത്വം നൽകുന്ന ടുഗെദർ സഖ്യവും ഗാദി ഐസൻകോട്ടിന്റെ യഷാർ പാർട്ടിയും യായിർ ഗോലന്റെ ഡെമോക്രാറ്റുകളും അവിഗ്ദോർ ലിബർമാന്റെ യിസ്രായേൽ ബെയ്തേനുവും പ്രതിപക്ഷത്തിലെ നെടുംതൂണുകളാണ്. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന സാധ്യതകളിലൊരാളായാണ് വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ യഷാർ പാർട്ടിക്ക് നെതന്യാഹുവിന്റെ ലിക്കുഡിനോട് അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പം പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സാധ്യത തൂക്കുപാര്‍ലമെന്റിനു തന്നെ

2019 മുതല്‍ രാഷ്ട്രീയ അസ്ഥിരതയാണ് ഇസ്രയേല്‍ കാണുന്നത്. 2019 ഏപ്രിലിലും സെപ്റ്റംബറിലും നടന്ന തിരഞ്ഞെടുപ്പുകൾ വ്യക്തമായ ഭൂരിപക്ഷം നൽകാത്തതിനെ തുടർന്ന് സർക്കാർ രൂപീകരണം പ്രതിസന്ധിയിലായി. 2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ നെതന്യാഹുവും ബെന്നി ഗാന്റ്സും ചേർന്നുള്ള ഐക്യസർക്കാർ രൂപീകരിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ അത് തകർന്നു. 2021ൽ നഫ്താലി ബെന്നറ്റിന്റെയും യായിർ ലാപിഡിന്റെയും നേതൃത്വത്തിലുള്ള എട്ടു പാർട്ടികളുടെ സഖ്യം നെതന്യാഹുവിന്റെ 12 വർഷത്തെ തുടർച്ചയായ ഭരണത്തിന് അന്ത്യം കുറിച്ചു. എന്നാൽ ആ സർക്കാരും ഒരു വർഷം മാത്രമാണ് നിലനിന്നത്. 2022 നവംബറിൽ നെതന്യാഹു വീണ്ടും അധികാരത്തിലെത്തി. ഇത്തവണയും ഒരു മുന്നണിക്കും നെസറ്റിലെ 120 സീറ്റുകളിൽ ഭൂരിപക്ഷം ഉറപ്പിക്കാനാവില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഭരണം തുടരാന്‍ നെതന്യാഹുവിനൊപ്പം ഏതെല്ലാം പാര്‍ട്ടികള്‍ ഒന്നിക്കുമെന്നതിലും വ്യക്തതയില്ല. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തപക്ഷം സർക്കാർ രൂപീകരണ ചർച്ചകൾ വീണ്ടും നീളാനിടയുണ്ട്. ഇസ്രയേലിന്റെ ഭാവി, പലസ്തീന്‍ വിഷയത്തിലെ സമീപനം എന്നിവയെല്ലാം നിര്‍ണയിക്കപ്പെടുന്ന രാഷ്ട്രീയ പോരാട്ടമായാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

Israel Election: Netanyahu Faces Tough Fight as Majority Remains Uncertain:

Benjamin Netanyahu and his Likud-led right-wing coalition face a crucial test in Israel’s upcoming parliamentary election, amid political divisions, corruption trial proceedings and criticism over security failures following the October 7, 2023, Hamas attack. With 120 seats in the Knesset and 61 required for a majority, opinion polls suggest that no political bloc may secure enough seats to form a government independently. The election is also marked by debates over the Gaza war, regional conflicts, military conscription exemptions, judicial reforms, rising living costs and the voting rights of Palestinians living in the occupied territories. Opposition leaders, including Naftali Bennett, Yair Lapid and Gadi Eisenkot, are seeking to challenge Netanyahu, raising the possibility of another coalition-building deadlock