Image Credit: X

  • 'സഹ പൈലറ്റ് പ്രാര്‍ഥനയ്ക്കായി എഴുന്നേല്‍ക്കുന്നത് വരെ അതൊരു സാധാരണ പ്രാര്‍ഥനയായിരുന്നു. യാത്രയ്ക്കിടയില്‍ പ്രാര്‍ഥനാസമയമായാല്‍ അവര്‍ അങ്ങനെ ചെയ്യാറുള്ളതാണ്. അതില്‍ അസ്വാഭാവികത ഒട്ടുമില്ല. പ്രാര്‍ഥന ചൊല്ലുന്നതിനാല്‍ എല്ലാ ബഹുമാനത്തോടെയും ഞാന്‍ പതിവുപോലെ മുന്നിലേക്ക് നോക്കിയിരുന്നു'

ഫ്ലൈദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവം പൂര്‍ണമായും വിവരിച്ച് ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍. കോക്പിറ്റിലുണ്ടായ സംഭവമത്രയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടാണ് മച്ഛാര്‍ വിവരിച്ചത്. പ്രാര്‍ഥിക്കാനെഴുന്നേറ്റ സഹപൈലറ്റ് പെട്ടെന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും സാധാരണ ഒപ്പമുള്ളയാള്‍ പ്രാര്‍ഥിക്കുമ്പോള്‍ താന്‍ മുന്നോട്ട് തന്നെ നോക്കിയിരിക്കുകയാണ് ചെയ്യാറുള്ളതെന്നും മച്ഛാര്‍ വിവരിച്ചു. Also Read: ഫ്ലൈദുബായ് വിമാനത്തില്‍ നടന്നത് ഭീകരാക്രമണശ്രമം; അക്രമം കാട്ടിയ സഹപൈലറ്റ് ഒമാന്‍കാരന്‍

'സഹ പൈലറ്റ് പ്രാര്‍ഥനയ്ക്കായി എഴുന്നേല്‍ക്കുന്നത് വരെ അതൊരു സാധാരണ പ്രാര്‍ഥനയായിരുന്നു. യാത്രയ്ക്കിടയില്‍ പ്രാര്‍ഥനാസമയമായാല്‍ അവര്‍ അങ്ങനെ ചെയ്യാറുള്ളതാണ്. അതില്‍ അസ്വാഭാവികത ഒട്ടുമില്ല. പ്രാര്‍ഥന ചൊല്ലുന്നതിനാല്‍ എല്ലാ ബഹുമാനത്തോടെയും ഞാന്‍ പതിവുപോലെ മുന്നിലേക്ക് നോക്കിയിരുന്നു. പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റായിട്ടുണ്ടാവണം, പെട്ടെന്ന് എന്‍റെ തലയുടെ പിന്നില്‍ അതിശക്തമായ അടിയേറ്റു. വിമാനത്തിന് എന്തോ സംഭവിച്ചുവെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ആലോചിക്കാന്‍ നേരം കിട്ടുന്നതിന് മുന്‍പ് അടി വീണ്ടും വീണ്ടും കിട്ടി. അപ്പോഴാണ് വിമാനത്തിനല്ല, എനിക്കൊപ്പമുണ്ടായിരുന്ന സഹപൈലറ്റാണ് ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലായത്. 

തടയാന്‍ ശ്രമിച്ചുവെങ്കിലും അടിയുടെ ആഘാതത്തില്‍ എനിക്ക് കണ്ണുപോലും കാണാനായില്ല. വിമാനം നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുന്നത് എനിക്ക് മനസിലായി. തല ചിന്നിച്ചിതറുന്നത് പോലെ തോന്നിയതോടെ ഞാന്‍ കോക്പിറ്റ് തള്ളിത്തുറന്നു. പക്ഷേ അപ്പോഴേക്കും അവന്‍ കോക്പിറ്റിന്‍റെ വാതില്‍ വലിച്ചടയ്ക്കുകയും ഞാന്‍ നിലത്ത് വീഴുകയും ചെയ്തു. ആളുകള്‍ ഭയന്ന് നിലവിളിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.ഒരിക്കല്‍ കൂടി കോക്പിറ്റ് തുറക്കാന്‍ ഞാന്‍ സര്‍വശക്തിയുമെടുത്ത് ശ്രമിച്ചു'- മച്ഛാര്‍ വിവരിച്ചു.  അപ്പോള്‍ കോക്പിറ്റ് തുറക്കാനായില്ലെങ്കില്‍ യാത്രക്കാരുടെ ജീവന്‍ കൂടി അപകടത്തിലാകുമെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും യാത്രക്കാരെ അപകടത്തിലേക്ക് തള്ളിയിടില്ലെന്ന് മനസില്‍ ഉറപ്പിച്ചാണ് കോക്പിറ്റിന്‍റെ വാതില്‍ തുറന്നതെന്നും അദ്ദേഹം പറയുന്നു. 

'വാതില്‍ തുറന്നതും ആളുകള്‍ അകത്തേക്ക് കയറി വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ബാക്കിയെല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ' എന്നും മച്ഛാര്‍ പറഞ്ഞു. ഫോണിലൂടെയാണ് മച്ഛാര്‍ നടന്ന സംഭവങ്ങള്‍ നെതന്യാഹുവിനോട് വിവരിച്ചത്. അസാമാന്യ ധീരതയാണ് മച്ഛാര്‍ കാണിച്ചതെന്ന് നെതന്യാഹു പ്രശംസിച്ചു. 

സെപ്റ്റംബര്‍ 30ന് ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പറക്കുന്നതിനിടെയാണ് ഫ്ലൈ ദുബായുടെ FZ1073 വിമാനം ഹൈജാക്ക് അലര്‍ട്ടും അപായ മുന്നറിയിപ്പും പുറപ്പെടുവിച്ചത്. സെക്കന്‍റുകള്‍ കൊണ്ട് 17,000 അടി വിമാനം കൂപ്പുകുത്തുകയും ചെയ്തു. 27 കുട്ടികള്‍ ഉള്‍പ്പടെ 174 യാത്രക്കാരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും ഓക്സിജന്‍ മാസ്ക് ധരിച്ചതുമായി വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. കോക്പിറ്റില്‍ കടന്ന ഇസ്രയേലി പ്ലമറാണ് അക്രമിയെ കീഴടക്കിയത്. പിന്നാലെ വിമാനത്തിനുള്ളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയുമായിരുന്നു. 

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണമാണെന്ന് ഇന്നലെ സ്ഥിരീകരണമുണ്ടായിരുന്നു. ഫ്ലൈറ്റിലുണ്ടായിരുന്ന ക്രാഷ് ആക്സ് ഉപയോഗിച്ച് സ്മിത് മച്ഛാറിന്‍റെ തലയ്ക്ക് പിന്നിലും കൈയിലും സഹ പൈലറ്റ് അല്‍ ഹമ്മിമി ആഞ്ഞ് വെട്ടുകയായിരുന്നു. തീവ്രനിലപാടുകളെ തുടര്‍ന്ന് വിമാനം പറത്തുന്നതില്‍ നിന്ന് ഹമ്മിമിയെ ഒമാന്‍ വിലക്കിയിരുന്നുവെന്നും പിന്നീട് സിറിയയിലേക്ക് കടന്ന ഹമ്മിമി അവിടെ നിന്നും യുഎഇയില്‍ എത്തുകയും ആറുമാസം മുന്‍പ് ഫ്ലൈ ദുബായില്‍ പൈലറ്റായി കയറുകയുമായിരുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ENGLISH SUMMARY:

Captain Smith Machhar has recounted how his co-pilot allegedly attacked him with a crash axe after getting up to pray during flydubai flight FZ1073 from Dubai to Tel Aviv. Despite suffering serious injuries and temporarily losing control of the aircraft, Machhar managed to reopen the cockpit door, allowing passengers to intervene and restrain the attacker. The pilots later regained control and made an emergency landing in Tabuk, Saudi Arabia. The UAE has confirmed the incident as a terrorist attack.