Image: X

ഫ്ലൈദുബായ് വിമാനത്തില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ഛാര്‍

  • രാജ്യാന്തര ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് യാത്രാവിമാനങ്ങളിലെ കോക്പിറ്റില്‍ ക്രാഷ് ആക്സ് സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനാണിത്. നേരത്തെ ക്രാഷ് ആക്സ് കാബിനിലാണ് സൂക്ഷിച്ചിരുന്നത്. 9/11 ഭീകരാക്രമണത്തിന് ശേഷമാണ് ഇത് കോക്​പിറ്റിലേക്ക് മാറ്റിയത്

ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ പൈലറ്റിനെ ആക്രമിച്ച് വിമാനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സഹപൈലറ്റിനെ തിരിച്ചറിഞ്ഞു. ഒമാന്‍കാരനായ ഹമാം അല്‍ഹമാമിയാണ് അക്രമിയെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഹമാമി നടത്തിയത് ഭീകരാക്രമണശ്രമമാണെന്ന് യുഎഇ സ്ഥിരീകരിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെ ക്രാഷ് ആക്സ് കൊണ്ട് തലയിലും ഹമാം അല്‍ ഹമീമി  കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നുവെന്നും വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും യുഎഇ പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

ഹമീമിക്ക് രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ അറിയിച്ചു. രാജ്യാന്തര ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് യാത്രാവിമാനങ്ങളിലെ കോക്പിറ്റില്‍ ക്രാഷ് ആക്സ് സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനാണിത്. നേരത്തെ ക്രാഷ് ആക്സ് കാബിനിലാണ് സൂക്ഷിച്ചിരുന്നത്. 9/11 ഭീകരാക്രമണത്തിന് ശേഷമാണ് ഇത് കോക്പിറ്റിലേക്ക് മാറ്റിയത്.

എട്ടു മാസത്തോളമായി ഹമാം ഫ്ലൈദുബായില്‍ വിമാനം പറത്തുന്നുണ്ടായിരുന്നു. പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു കോ-പൈലറ്റായിരുന്നു അല്‍ ഹമാമിയുടെ ശ്രമം. തീവ്രനിലപാടുകളുടെ പേരിൽ ഇയാൾക്ക് ഒമാനിൽ വിമാനം  പറത്തുന്നതിൽ  വിലക്കുണ്ടായിരുന്നു. പിന്നാലെ ഇയാൾ രാജ്യം വിട്ട് സിറിയയിൽ കഴിയുകയായിരുന്നു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് ആൽ ഷംസിയാണ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി വിശദീകരിച്ചത്.

ഒമാന്‍ പൗരനായ ഹമാം അല്‍ ഹമാമി യുഎഇയിലാണ് ജനിച്ചത്. ഇയാളുടെ പിതാവ് ഒമാനിയും അമ്മ സിറിയക്കാരിയുമാണ്. സൗദിയിലെ തബൂക്കില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ അക്രമിയെ യുഎഇയിലേക്ക് മാറ്റി. വിശദമായ ചോദ്യംചെയ്യല്‍ തുടരുകയാണ്.

വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും സഹ പൈലറ്റ് തന്നെ ആക്രമിച്ചുവെന്ന് പറയുന്നതും കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും യുഎഇ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറാണ് പ്രാഥമിക ചികില്‍സ നല്‍കിയത്. യാത്രികരായിരുന്ന രണ്ട് പൈലറ്റുമാര്‍ പിന്നീട് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലെ തബൂക്കിലിറക്കുകയുമായിരുന്നു. 

സൗദിയിലെ ചികില്‍സയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്മിത് മച്ഛാറിനെയും സഹ പൈലറ്റ് ഹമീമിയെയും യുഎഇയ്ക്ക് കൈമാറുകയായിരുന്നു. ഹമീമിയെ ചോദ്യം ചെയ്യാന്‍ ഇസ്രയേല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സൗദി വഴങ്ങിയില്ല. വിമാനത്തിന്‍റെ റജിസ്ട്രേഷന്‍ യുഎഇയില്‍ ആയതിനാല്‍ ചട്ടപ്രകാരം യുഎഇയ്ക്ക് കൈമാറി.

അതേ സമയം സംഭവത്തിന് പിന്നില്‍ ഇസ്രയേലിന്റെ സുരക്ഷാ വീഴ്ചയും കാരണമായെന്ന് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൈലറ്റുമാര്‍ക്കുള്ള വിലക്ക് ഒമാനി പൈലറ്റ് ലംഘിച്ചത് തടയാന്‍ കഴിയാതെ പോയത് ഇസ്രയേലില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി.

ENGLISH SUMMARY:

The United Arab Emirates has officially classified the September 30 incident aboard a Flydubai flight from Dubai to Tel Aviv as a terrorist attack. UAE prosecutors stated that co-pilot Hamam al-Hammami attacked Captain Smit Machchhar with a crash axe, striking him on the head, neck and arm, before attempting to seize control of the aircraft. Authorities are investigating whether any extremist organisation was involved in the attack, while examining video footage and other evidence from the flight. The injured captain received initial medical assistance from a doctor on board, and the other pilots regained control of the aircraft before making an emergency landing in Tabuk, Saudi Arabia, after which both the captain and the accused co-pilot were handed over to the UAE