uae-wage

TOPICS COVERED

യുഎഇയിൽ ജീവനക്കാരുടെ ശമ്പളം വൈകിയാൽ സ്ഥാപനങ്ങൾക്കെതിരെ  ഉടനടി കടുത്ത നടപടികളിലേക്ക് കടക്കില്ലെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വേതനം വൈകുന്ന സാഹചര്യങ്ങളിൽ ആദ്യം ഇലക്ട്രോണിക് മുന്നറിയിപ്പും, തിരുത്താൻ നിശ്ചിത സമയപരിധിയും നൽകും. വേതന സംരക്ഷണ സംവിധാനമായ  WPS ലെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ഘട്ടംഘട്ടവുമാക്കിയാണ് മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. 

 

ശമ്പളവിതരണം പൂർണമായും ഡിജിറ്റൽ സംവിധാനം വഴി നിരീക്ഷിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. വേതനം വൈകിയതായി കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇലക്ട്രോണിക് നോട്ടീസും മുന്നറിയിപ്പും ലഭിക്കും. തുടർന്ന്, അനുവദിച്ച സമയപരിധിക്കുള്ളിൽ വീഴ്ച പരിഹരിച്ചില്ലെങ്കിൽ മാത്രമേ പിഴയടക്കമുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കൂ. നിലവിലെ ചട്ടങ്ങൾ കൂടുതൽ ഏകീകൃതമാക്കുക മാത്രമാണ് ചെയ്തതെന്നും തൊഴിലുടമകൾക്ക് പുതിയ സാമ്പത്തിക ബാധ്യതകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണം, ഗതാഗതം, സുരക്ഷ, ശുചീകരണം തുടങ്ങിയ മേഖലകളിലായിരിക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക. പ്രതിമാസം മൂവായിരത്തി എഴുന്നൂറ് കോടിയിലേറെ ദിർഹത്തിന്‍റെ ശമ്പളമാണ് യുഎഇയിൽ ഡബ്ല്യുപിഎസ് സംവിധാനം വഴി വിതരണം ചെയ്യുന്നത്. പുതിയ പരിഷ്കാരം വഴി വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, തൊഴിലാളി-തൊഴിലുടമ ബന്ധം കൂടുതൽ സുരക്ഷിതമായി നിലനിർത്താനും സാധിക്കുമെന്നാണ് വിലയിരുത്തൽ. 

ENGLISH SUMMARY:

The UAE Ministry of Human Resources and Emiratisation (MoHRE) has announced phased electronic enforcement procedures for companies delaying employee salaries under the Wage Protection System (WPS).