അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയില് ആശ്വാസം.. ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് വർഷം തടവിന് ശിക്ഷിച്ച വിജിലൻസ് കോടതി ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. അപ്പീൽ പരിഗണിക്കുന്നതിനിടെ ജാമ്യവും അനുവദിച്ചു. കഴിഞ്ഞ മാസം 17നാണ് തച്ചങ്കരിയെ വിജിലൻസ് കോടതി ശിക്ഷിച്ചത്. തുടർന്ന് 28 ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നു. Also Read: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ അനുമതി അപേക്ഷ തള്ളി
അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. 2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അഴിമതിയിലൂടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ തടവുശിക്ഷയും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്.
ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് തച്ചങ്കരിയുടെ അപ്പീൽ പരിഗണിച്ചത്. മാതാവ് വഴി സ്വത്ത് കൈമാറി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലൻസ് കോടതി പരിഗണിച്ചില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. എന്നാൽ, സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്ന വാദം വാമൊഴി മാത്രമല്ലേയെന്നും വാക്കാലുള്ള മൊഴി എങ്ങനെ തെളിവായി പരിഗണിക്കാനാകുമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു.