സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഇ.ഡി.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർ നൽകിയ അപ്പീൽ അനുമതി അപേക്ഷകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. Also Read: സുഹൈലിന്റെ ‘ജയില് മേക്ക് ഓവര്’; നീട്ടിവളര്ത്തിയ മുടി സ്വയം പറ്റെവെട്ടി, ബന്ധുക്കള് പോലും തിരിച്ചറിയില്ല
വിജിലൻസ് കേസെടുക്കാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ ഹർജിക്കാർക്ക് അവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി ഹർജിക്കാരുടെ അവകാശങ്ങളെ ബാധിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപേക്ഷകളിൽ വിധി പറഞ്ഞത്. പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവരായിരുന്നു അപ്പീൽ അനുമതി തേടി കോടതിയെ സമീപിച്ചത്.
തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരും ഹർജിക്കാരുടെ നിലപാടിനെ പിന്തുണച്ചാണ് കോടതിയിൽ വാദിച്ചത്.
എന്നാൽ, എഫ്ഐആർ ഇതിനകം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അതിനെ ചോദ്യം ചെയ്തല്ലേ ഹർജിക്കാർ കോടതിയെ സമീപിക്കേണ്ടതെന്ന ചോദ്യം വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ഉന്നയിച്ചിരുന്നു. അപ്പീൽ അനുമതി അപേക്ഷകൾ തള്ളിയതോടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഈ നടപടിക്രമത്തിലൂടെ മുന്നോട്ടുപോകാനുള്ള ഹർജിക്കാരുടെ നീക്കത്തിന് തിരിച്ചടിയായി. കേസിലെ തുടർനിയമനടപടികൾ ഇനി ഏത് ദിശയിലേക്ക് നീങ്ങുമെന്നത് നിർണായകമാണ്.