ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനൊപ്പം ചെലവുകൾ കുറയ്ക്കാനും ലക്ഷ്യമിടുന്ന മൈക്രോസോഫ്റ്റ് ജീവനക്കാർക്കായി സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യ, യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അർഹരായ ഏകദേശം 60,000 ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. എന്നാൽ ഡാറ്റാ സെന്ററുകൾ, സെയിൽസ്, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലെ ചില വിഭാഗങ്ങളിലെ ജീവനക്കാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മൈക്രോസോഫ്റ്റിലെ ലെവൽ 70-ലും അതിനു താഴെയുമുള്ള അർഹരായ ജീവനക്കാർക്കാണ് സ്വയം വിരമിക്കൽ പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. ജനറൽ മാനേജർമാർ, പാർട്ണർമാർ, സീനിയർ ഡയറക്ടർമാർ, വൈസ് പ്രസിഡന്റുമാർ തുടങ്ങിയ ഉയർന്ന തസ്തികകളിലുള്ളവരും ഇതിന്റെ പരിധിയിൽ വരും. പദ്ധതി തിരഞ്ഞെടുക്കാൻ താൽപര്യമുള്ള ജീവനക്കാർ ഡിസംബർ ആദ്യവാരത്തിനുള്ളിൽ തീരുമാനം അറിയിക്കണം. പദ്ധതിയുടെ ഭാഗമാകുന്നവർ ഡിസംബർ 31ന് കമ്പനിയിൽനിന്ന് വിരമിക്കും.
'ഞങ്ങൾ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ സുപ്രധാന ഭാഗമാണ് ഈ സ്വയം വിരമിക്കൽ പാക്കേജ്. ജീവനക്കാർക്ക് കൂടുതൽ വഴക്കമുള്ള സാഹചര്യങ്ങൾ ഒരുക്കുക, സാധ്യമാകുന്നിടത്തോളം അവരുടെ തൊഴിൽജീവിതത്തിന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്ന് സ്വയം തീരുമാനിക്കാൻ അവസരം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്', കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോൾമാൻ കുറിപ്പിൽ വ്യക്തമാക്കി.'
എഐ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന മൈക്രോസോഫ്റ്റ്, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിന്റെയും ചെലവുകൾ ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി സ്വീകരിക്കുന്നത്. പെട്ടെന്നുള്ള കൂട്ടപ്പിരിച്ചുവിടലുകൾ ഒഴിവാക്കി, സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനിയിൽനിന്ന് പിരിയാൻ താൽപര്യമുള്ളവർക്ക് അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തേ, ഏപ്രിലിൽ യുഎസിലെ ജീവനക്കാരിൽ ഏകദേശം ഏഴ് ശതമാനം പേർക്ക് കമ്പനി സ്വയം വിരമിക്കാനുള്ള അവസരം നൽകിയിരുന്നു. അർഹരായവരിൽ ഏകദേശം 30 ശതമാനം പേർ ഈ പദ്ധതി സ്വീകരിച്ചതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം, 2025 അവസാനത്തോടെ 2,28,000 ജീവനക്കാരുണ്ടായിരുന്ന മൈക്രോസോഫ്റ്റിൽ ജൂൺ അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 2,23,000 ആയി കുറഞ്ഞു. നെറ്റ്ഫ്ലിക്സും ജീവനക്കാരിൽ ഏകദേശം ആറ് ശതമാനം പേരെ, അതായത് 1,000 പേരെ, ഒഴിവാക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ആഴ്ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.