നിര്‍മിത ബുദ്ധി രംഗത്ത് ഇന്ത്യയുടെ ശക്തമായ സാന്നിധ്യവും എ.ഐ കുത്തകവത്കരണത്തിനെതിരെ രാജ്യാന്തര യോജിപ്പും വിളിച്ചോതിയാണ് എ.ഐ ഉച്ചകോടി സമാപിക്കുന്നത്.  ഉച്ചകോടിയില്‍ പങ്കെടുത്ത 80  രാജ്യങ്ങള്‍ ഒപ്പിടുന്ന സംയുക്ത പ്രസ്താവന ഇന്ന് പ്രഖ്യാപിക്കും.  എ.ഐ രംഗത്ത് ഇന്ത്യയില്‍ 25,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഉച്ചകോടിയില്‍ ഉറപ്പുലഭിച്ചു.  സംഘാടനത്തിലെ വീഴ്ചകളും ചൈനീസ് റോബോട്ട് വിവാദവും പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധവും കല്ലുകടിയായി.

ലോകത്തെ നാലാമത്തെ പ്രധാന എ.ഐ ഉച്ചകോടിയായ ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ 118 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തെന്നാണ് കേന്ദ്രത്തിന്‍റെ അവകാശവാദം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോയടക്കം ഇരുപതിലേറെ രാഷ്ട്രതലവന്‍മാര്‍‌ ഉച്ചകോടിയില്‍ ഇന്ത്യയോട് കൈകോര്‍ത്തു.  

യു.എസിന് പരോക്ഷസന്ദേശമായി എ.ഐ കുത്തകവത്കരണത്തിനെതിരെ നിലപാട് പ്രഖ്യാപിച്ച മോദിക്ക് ഉച്ചകോടിയില്‍ മാക്രോയുടക്കമുള്ളവരുടെ പിന്തുണയും ലഭിച്ചു. കഴിഞ്ഞ വർഷം ഫ്രാന്‍സില്‍ നടന്ന ഉച്ചകോടിയിൽ 60 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. ഇത്തവണ പരമാവധി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. ലോകത്തെ പ്രധാന എ.ഐ സ്ഥാപന മേധാവിമാരെത്തിയ ഉച്ചകോടിയില്‍ എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി 25,000 കോടി ഡോളറിന്റെ നിക്ഷേപത്തിന് വിവിധ കമ്പനികളിൽനിന്ന് ഉറപ്പ് ലഭിച്ചതായും കേന്ദ്രം പറയുന്നു. വിദേശ എ.ഐ മോഡലുകളോട് കിടപിടിക്കുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യയ്ക്ക് ഉച്ചകോടിയിലൂടെ ലോകത്തിന് മുന്നിലെത്തിക്കാനായി.  എന്നാല്‍ ചൈനീസ് റോബോട്ട് സ്വന്തമെന്ന പേരില്‍ പ്രദര്‍ശിപ്പിച്ച് ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല നാണക്കേടുണ്ടാക്കി.  എ.ഐ എക്സ്പോയ്ക്ക് 5 ലക്ഷത്തിലധികംപേരെത്തിയെന്നാണ് കണക്ക്. ഈ ജനത്തിരക്ക് നിയന്ത്രിക്കുന്നതിലടക്കം സംഘാടനത്തിലുണ്ടായ വീഴ്ചകള്‍ വ്യാപക വിമര്‍ശനത്തിനും കാരണമായി.

ENGLISH SUMMARY:

The AI Summit India concluded with a strong emphasis on India's presence in the artificial intelligence sector and international cooperation against AI monopolization. The summit secured a commitment of $25 billion in investment for AI development in India, showcasing the nation's technological capabilities.