ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന തന്റെ ആഹ്വാനം സ്വയം നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുരക്ഷാ വ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇനി മുതൽ എസ്പിജി (SPG) പ്രോട്ടോക്കോൾ പ്രകാരം സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ വാഹനങ്ങൾ മാത്രമാകും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുക.

രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും ഇതിനായി കാർ പൂളിംഗ് (Car Pooling) ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. താൻ നൽകിയ ആഹ്വാനം ആദ്യം സ്വയം നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് വാഹനവ്യൂഹത്തിൽ ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിൽ നടന്ന പരിപാടിയിലും അസമിലെ റാലിയിലും വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചാണ് പ്രധാനമന്ത്രി എത്തിയത്.

വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ മാറ്റങ്ങൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ വ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങൾ (EV) കൂടുതലായി ഉൾപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയവ വാങ്ങരുത് എന്നും പകരം നിലവിൽ സർക്കാരിന്റെ പക്കലുള്ള ഇലക്ട്രിക് വാഹനങ്ങൾ തന്നെ തന്റെ വാഹനവ്യൂഹത്തിലേക്ക് ലഭ്യമാക്കിയാൽ മതി എന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമ്പോഴും സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എസ്പിജി സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആവശ്യമുള്ള സുരക്ഷാ വലയം നിലനിർത്തിക്കൊണ്ടുതന്നെ അനാവശ്യമായ വാഹനങ്ങൾ ഒഴിവാക്കുകയാണ് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന ഇന്ധന വെല്ലുവിളി കണക്കിലെടുത്ത് ഊർജ്ജ സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാണ് ഈ നടപടി.

ENGLISH SUMMARY:

Prime Minister Modi is leading by example in fuel conservation by significantly reducing the number of escort vehicles in his security convoy. This action aligns with his recent call for citizens to adopt measures like carpooling to decrease fuel consumption.