ചൈനയിലെ ഏറ്റവും പ്രശസ്തമായ ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ എക്സ്പെങിന്‍റെ എഐ ദിനാചരണത്തിന്‍റെ വേദി. പുതിയ വാഹനങ്ങളും ഫീച്ചറുകളും കാത്തുനിന്ന കാണികള്‍ക്ക് മുന്നിലേക്ക് വേദിയിലെ ഇരുണ്ട അകത്തളങ്ങളില്‍ നിന്നും ഒരു രൂപം അപ്രതീക്ഷിതമായി നടന്നുവന്നു. ഇറുകിയ വെള്ള വസ്ത്രങ്ങള്‍ ധരിച്ച ഒരു സ്ത്രീരൂപം. ക്യാമറകളും കാണികളും വേദിയിലേക്ക് തുറിച്ചുനോക്കി. വാഹനങ്ങള്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് ഒരു സുന്ദരിയുടെ ക്യാറ്റ്വോക്ക്. ഇതെന്ത് ഫാഷന്‍ഷോയോ എന്ന് ചിലരെങ്കിലും പുരികമുയര്‍ത്തി.
പിന്നാലെ വേദിയില്‍ അനൗണ്‍സ്മെന്‍റ് മുഴങ്ങി. 'എക്സ്പെങ് ഇതാ അവതരിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മനുഷ്യസാമ്യതയുള്ള എഐ റോബോട്ട്, 'അയണ്‍ !' കാണികള്‍ അന്തംവിട്ടു. മുന്നില്‍ വന്ന്നില്‍ക്കുന്നത് ഒരു റോബോട്ടാണ്. അഞ്ചരയടിക്ക് മേല്‍ ഉയരവും സൂപ്പര്‍മോഡലുകളെ വെല്ലുന്ന ആകാരവുമുള്ള ഒരു റോബോട്ട്. അത്രയ്ക്ക് മനുഷ്യസഹജമായ ചലനങ്ങളായിരുന്നു 'അയണ്‍' റോബോട്ടിന്‍റേത്. മുന്നില്‍ നില്‍ക്കുന്നത് ജീവനില്ലാത്ത ഒരു വസ്തുവാണെന്ന് വിശ്വസിക്കാന്‍ പല കാണികളും വിസമ്മതിച്ചു. റോബോട്ടിനെക്കുറിച്ച് കൂടുതല്‍ വിവരണം ഉണ്ടായില്ല. അത് വേദിയുടെ മറ്റൊരു കോണിലെ ഇരുട്ടിലേക്ക് നടന്ന് മറഞ്ഞു. പരിപാടി അവസാനിച്ചു.
എന്നാല്‍ പിന്നെയാണ് കഥയുടെ ട്വിസ്റ്റ്. പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീയെ ശരീരം മൊത്തം മറയ്ക്കുന്ന വസ്ത്രം ധരിപ്പിച്ച് വേദിയില്‍ അവതരിപ്പിക്കുകയാണ് എക്സ്പെങ് ചെയ്തതെന്നും വെറും തട്ടിപ്പാണിതെന്നും വൈറലായ വിഡിയോകളുടെ അടിയില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. വേദിയില്‍ വന്നവര്‍ വരെ തങ്ങള്‍ കണ്ടത് റോബോട്ട് ആയി ഒരു മനുഷ്യസ്ത്രീ വേഷംകെട്ടി വന്നതാണോ എന്ന സംശയം സമൂഹമാധ്യമങ്ങളില്‍ പ്രകടിപ്പിച്ചു.
വൈകിയില്ല എക്സ്പെങിന്‍റെ പ്രതികരണം വന്നു. എറ്റവുമടുത്ത ദിവസം എക്സ്പെങ് ഒരു പരിപാടി സംഘടിപ്പിച്ചിക്കുന്നുവെന്നായിരുന്നു അതിന്‍റെ ഉള്ളടക്കം. റോബോട്ടിനെക്കുറിച്ചുള്ള കൗതുകം കാരണം പരിപാടിയില്‍ വന്‍ ജനപ്രവാഹം. ഇതുവരെ കാണാത്ത കൗതുക കാഴ്ച കാണാനും സത്യാവസ്ഥ മനസിലാക്കാനും ജനം ഒഴുകിയെത്തി. പലരും ഇരുണ്ട വേദിയിലേക്ക് നോക്കി അക്ഷമരായി കാത്തിരുന്നു, കാണികളുടെ അടക്കം പറച്ചിലുകളാല്‍ വേദി നിറഞ്ഞു. പെട്ടന്ന് എല്ലാവരും നിശബ്ദരാകാന്‍ പ്രഖ്യാപനമുണ്ടായി. വേദിയുടെ ഇരുട്ടില്‍ നിന്നും ഒരു വെളുത്ത രൂപം നടന്നുവന്നു. അന്ന് കണ്ട അതേ രൂപം. നടത്തത്തിലും മറ്റ് ചലനങ്ങളിലും ഒരു മാറ്റവുമില്ല. കാറ്റ്‌വാക്ക് ചെയ്തുവരുന്ന ഒരു സ്ത്രീരൂപം.
രൂപം വേദിയുടെ ഒത്ത നടുക്ക് നിന്നു. ഉടന്‍ വേദിയില്‍ മറ്റൊരാളുമെത്തി. എക്സ്പെങിന്‍റെ സിഇഒ ഷ്യാവോപെങ്. ഷ്യാവോപെങ് കാണികളെ ഗൗനിച്ചില്ല. നേരെ ആ രൂപത്തിന് നേരെ നടന്നു. അയാള്‍ ഒരു വസ്തു കയ്യില്‍ മുറുകെ പിടിച്ചിരുന്നു. കാണികളുടെ നോട്ടം പെങിന്‍റെ കൈകളിലേക്കായി. ഒരു കത്രികയായിരുന്നു അത്. റോബോട്ടിനടുത്തെത്തിയ സിഇഒ അതിന്‍റെ മുന്നില്‍ നിലത്തിരുന്നു. കാണികള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ട് നിന്നു. സിഇഒ ഒട്ടും അമാന്തിച്ചില്ല. റോബോട്ടിന്‍റെ കാലിലേക്ക് അയാള്‍ തന്‍റെ കത്രിക നീട്ടി. അയാള്‍ റോബോട്ടിന്‍റെ കാല്‍ മുറിക്കാന്‍ തുടങ്ങി. പതിയെ അയാള്‍ റോബോട്ടിന്‍റെ കാലിന് ചുറ്റുമുള്ള വസ്ത്രം മുറിച്ചുനീക്കി. ഒരു സ്ത്രീയുടെ കാല്‍ പ്രതീക്ഷിച്ചവര്‍ക്ക് കണ്ടത് ഒരു ഇരുമ്പ് കാലാണ്. വയറുകളും ഹൈഡ്രോളിക്സും മറ്റ് മെക്കാനിസങ്ങളും നിറഞ്ഞ ഒരു കാല്‍.
അയണിനെ 'നഗ്നയാക്കി' നിര്‍ത്തിയതിന് പിന്നാലെ സിഇഒ മാറിനിന്നു. ആ സ്ത്രീരൂപം മുന്നോട്ട് നടന്നു. മുറിച്ചുമാറ്റിയ ഭാഗത്ത് നിന്ന് യന്ത്രമനുഷ്യന്‍റെ ആന്തരിക യന്ത്ര പ്രവര്‍ത്തനങ്ങള്‍ കാണികള്‍ കണ്ടു ബോധ്യപ്പെട്ടു. കാഴ്ചയില്‍ മനുഷ്യനെ പോലെ തന്നെയുള്ള റോബോട്ട് യാഥാര്‍ഥ്യമായിരിക്കുന്നു.
കാണികളുടെ സംശയം മാറ്റിയ ശേഷമാണ് റോബോട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടത്. 173 സെമി ഉയരമുള്ള അയണിന് 70 കിലോയാണ് ഭാരം. പ്രത്യേകം വികസിപ്പിച്ചെടുത്ത എഐ ചിപ്പുകളുടെ സാങ്കേതികവിദ്യയോടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. ഈ രൂപം വെറുതേ കാണാനല്ല കായികാധ്വാനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തന്നെയാണ് തങ്ങളുടെ പദ്ധതി എന്ന് എക്സ്പെങ് വ്യക്തമാക്കി. 2026 ഓടെ റോബോട്ടിനെ വാണിജ്യാടിസ്ഥാനത്തില്‍ മാര്‍ക്കറ്റിലിറക്കാനാണ് പെങിന്‍റെ പദ്ധതി.