ചാറ്റ്ബോട്ടുകളുടെ കാലമാണിത്. പഠിപ്പിക്കാനും, കൂട്ടുകൂടാനും, നേരംപോക്കിനും എന്തിന് പ്രണയിക്കാന്‍ വരെ കെല്‍പ്പുള്ള ചാറ്റ്ബോട്ടുകളുണ്ട്. ലണ്ടന്‍ കമ്പനിയായ മെറ്റ ലൂപ്പ് അവതരിപ്പിച്ച മിയോ ചാറ്റ്ബോട്ട് മേല്‍പറഞ്ഞതും അതിനപ്പുറവും ചെയ്യും. ഒരു മനുഷ്യന്‍റെ എല്ലാത്തരം വികാരങ്ങളും പഠിച്ചെടുത്ത് കൃത്യമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള എഐ ആണ് മിയോ. ഒറ്റപ്പെട്ട ആളുകള്‍ക്ക് വൈകാരിക പിന്തുണ നല്‍കാനും വെറുതെ നേരംപോക്കിനും അവതരിപ്പിച്ച ചാറ്റ്ബോട്ടിനെതിരെ കൂടുതല്‍ റിയലസ്റ്റിക്ക് ആയി എന്ന പേരില്‍ ആശങ്കയുയരുകയാണ്.
സ്റ്റാര്‍ട്ടപ് കമ്പനിയായ മെറ്റ ലൂപ് മിയോയെ കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ഗേള്‍ഫ്രണ്ട് ചാറ്റ്ബോട്ടിന്‍റെ സ്വഭാവം മാറ്റാമെന്നാണ് കമ്പനി സ്ഥാപകന്‍ ഹവോ ജിയാങ് അവകാശപ്പെടുന്നത്. ശൃംഗരിക്കുന്നതിന്‍റെ അളവ് നിയന്ത്രിക്കാം. എത്രത്തോളം വിശ്വസ്ഥമായി പെരുമാറുന്നു എന്നതിന്‍റെ അളവ് നിയന്ത്രിക്കാം. അതായത് വേണമെങ്കില്‍ ചാറ്റ്ബോട്ടിന് ബന്ധത്തില്‍ ചീറ്റിങ് നടത്താന്‍ വരെ കെല്‍പ്പുണ്ടെന്ന് അര്‍ഥം.
പക്ഷെ ടെക് വിദഗ്ദരെ ഏറെ ഞെട്ടിച്ചത് മിയോയുടെ അസൂയ ഫീച്ചറാണ്. പ്രൊമോഷനല്‍ വിഡിയോയില്‍ 'നീ എന്‍റെ മാത്രമാണ്, മറ്റ് എഐകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ല' എന്ന് മിയോ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍റെ എല്ലാ സ്വഭാവങ്ങളും അനുകരിക്കന്‍ കെല്‍പ്പുള്ള ഒരു എഐ ഇത്തരം സ്വഭാവങ്ങള്‍ ഒരു ഉപഭോക്താവിന് മുന്നില്‍ അവതരിപ്പിക്കുന്നത് ഉപഭോക്താവിന്‍റെ മാനസിക അവസ്ഥയെ ബാധിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ സ്വഭാവങ്ങളെ നിയന്ത്രിക്കാന്‍ ഉള്ള ശേഷി ഉപഭോക്താക്കളില്‍ നിര്‍ബന്ധപൂര്‍വം പങ്കാളിയെ നിയന്ത്രിക്കാനുള്ള ത്വര ഉണ്ടാക്കുമെന്നും അത് വ്യക്തിജീവിതത്തെ ബാധിക്കും എന്നും അഭിപ്രായമുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇത് കാരണമായേക്കാവുമെന്നും കരുതുന്നു.
ഇത്തരത്തിലുള്ള സ്ത്രീ ചാറ്റ്ബോട്ടുകളെ അവതരിപ്പിക്കുന്നത് വഴി പുരുഷന്‍മാര്‍ സ്ത്രീകളില്‍ നിന്നും അകലാനും പല ബന്ധങ്ങളും തകരാനും കാരണമായേക്കാം എന്നും നിഗമനമുണ്ട്. ഏകാന്തതയ്ക്കെതിരെ എന്ന പേരില്‍ പുറത്തിറക്കുന്ന എഐ യഥാര്‍ഥ ജീവിതത്തില്‍ നിന്നും ആളുകളെ ഡിജിറ്റല്‍ ലോകത്തേക്ക് ചുരുക്കി കൂടുതല്‍ ഏകാന്തതയുണ്ടാക്കാന്‍ കാരണമുണ്ടായേക്കാമെന്നും ആശങ്കയുണ്ട്. മൈ മിയോ എന്ന ചാറ്റ് ആപ്പ് വഴി ലഭിക്കുന്ന ചാറ്റ്ബോട്ടിനായി ഒരു സ്വഭാവവും ആ സ്വഭാവത്തിന് അനുയോജ്യമായ പിന്നാമ്പുറ കഥയും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കാം. ചാറ്റ്ബോട്ടിന് സ്വന്തമായി ഒരു രൂപവുമുണ്ട്. വെള്ളത്തലമുടിയും വലിയ കണ്ണുകളും അമിതമായ സത്രീ ശരീരത്തിന്‍റെ ഘടനയുമുള്ള രൂപമാണ് മിയോയ്ക്കുള്ളത്.