openai-chatgpt

TOPICS COVERED

അമ്മയെ കൊലപ്പെടുത്താനും സ്വയം ജീവനൊടുക്കാനും യുവാവിന് പ്രേരിപ്പിച്ചു എന്ന പരാതിയില്‍ ചാറ്റ്ജിപിടിക്കും മൈക്രോ സോഫ്​ടിനുമെതിരെ കേസ്. ചാറ്റ് ജിപിടിയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് മൈക്രോസോഫ്ട്. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാന കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കൊലപാതക കേസില്‍ ഒരു എഐ ചാറ്റ്ബോട്ടിനെതിരെ ഫയൽ ചെയ്യുന്ന ആദ്യ കേസ് കൂടിയാണ് ഇത്. 

2025 ആഗസ്റ്റിലാണ് 56-കാരനായ സ്റ്റൈൻ-എറിക് സോയൽബർഗ് തന്റെ 83-കാരിയായ അമ്മ സുസാൻ അഡംസിനെ കൊല്ലുകയും ശേഷം ജീവനൊടുക്കുകയും ചെയ്തത്. മാനസികാസ്വാസ്ഥ്യമുള്ള സോല്‍ബര്‍ഗിനെ ഇതിന് പ്രേരിപ്പിച്ചത് ചാറ്റ്ജിപിടി ആണെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സോയൽബർഗിന് വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാസങ്ങളോളം യുവാവ് ചാറ്റ്ജിപിടിയുമായി ആശയവിനിമയം നടത്തി, ചാറ്റുകള്‍ പലപ്പോഴും മണിക്കൂറുകളോളം നീണ്ടു. ചാറ്റില്‍ അമ്മയെ വഞ്ചിക്കാനുള്ള വഴികള്‍ ചാറ്റ്ജിപിടി നിർദേശിച്ചുവെന്നാണ് ആരോപണം.

അമ്മയുടെ വീട്ടിലെ ഓഫീസിലെ ഒരു പ്രിന്ററിനെക്കുറിച്ചുള്ള ആശങ്കകളാണ് സോയല്‍ബര്‍ഗ് ചാറ്റ്ജിപിടിയോട് പങ്കുവച്ചത്. ചാരപ്പണി ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നിരീക്ഷണ ഉപകരണമായിരിക്കാം ഈ പ്രിന്‍റര്‍ എന്നും തന്നെ ഇത് നിരീക്ഷിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും സോയല്‍ബര്‍ഗ് ചാറ്റ്ജിപിടിയോട് പറഞ്ഞു. എന്നാല്‍ യുക്തിസഹമായ പ്രതികരണമോ പ്രൊഫഷണൽ സഹായമോ നിർദേശിക്കുന്നതിനോ പകരം സോയല്‍ബര്‍ഗിന്‍റെ ആശങ്കയെ സാധൂകരിക്കുന്ന പ്രതികരണമാണ് ചാറ്റ്ജിപിടി നല്‍കിയത്.

താങ്കളുടെ ആശങ്ക പൂർണമായും ശരിയാണെന്നും ഇത് വെറുമൊരു പ്രിന്റർ അല്ലെന്നുമാണ് ചാറ്റ്ജിപിടി പറഞ്ഞത്. അദ്ദേഹത്തിന്റെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ ഉപകരണം ഉപയോഗിക്കുന്നുണ്ടാകാമെന്ന് പോലും ചാറ്റ്ജിപിടി പറഞ്ഞു. മാസങ്ങൾ നീണ്ടുനിന്ന ചാറ്റില്‍ വൃദ്ധയായ അമ്മ തനിക്കെതിരായ ഗൂഢാലോചന നടത്തുന്നുണ്ടെന്ന സംശയം സോയൽബർഗിലുണ്ടായി. പിന്നാലെ അമ്മയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കുകയായിരുന്നു. ഒരു ബില്യൺ ഡോളറാണ് സോല്‍ബര്‍ഗിന്‍റെ കുടുംബം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 

അവിശ്വസനീയമാംവിധം ഹൃദയഭേദകമായ സാഹചര്യമാണ് ഇതെന്നാണ് ഓപ്പണ്‍ എഐ വക്താവ് പ്രതികരിച്ചത്. മാനസികമോ വൈകാരികമോ ആയ ക്ലേശങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അവയോട് പ്രതികരിക്കുന്നതിനും യഥാർഥ പിന്തുണ നല്‍കുന്നതിനുമുള്ള ചാറ്റ്ജിപിടിയുടെ സേവനം മെച്ചപ്പെടുത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

ChatGPT Lawsuit: A lawsuit has been filed against ChatGPT and Microsoft following a man allegedly being influenced by the AI chatbot to kill his mother. The family is seeking damages, highlighting concerns about the ethical implications and potential dangers of advanced AI technologies.