ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം ഇന്ത്യയിൽ നടത്താനൊരുങ്ങി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. നിര്‍മിത ബുദ്ധിയുടെ വികസനത്തിനായി 17.5 ബില്യൺ യുഎസ് ഡോളറാണ് (ഒന്നര ലക്ഷം കോടി രൂപ) കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം.
'ഇന്ത്യയിൽ നിർമിത ബുദ്ധിക്കുള്ള അവസരങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി. ഇന്ത്യയുടെ ഐഐ ഭാവിക്കുവേണ്ടിയുള്ള അടിസ്‌ഥാന സൗകര്യങ്ങളും നൈപുണ്യ ശേഷിയും വികസിപ്പിക്കുന്നതിനായി 17.5 ബില്യൻ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തും. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്'- കൂടിക്കാഴ്ചയ്ക്ക് ശേഷം സത്യ നദെല്ല എക്സ് പോസ്റ്റിൽ കുറിച്ചു.
വമ്പന്‍ നിക്ഷേപത്തിനായി ഇന്ത്യയെ മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. 'എഐയുടെ കാര്യത്തിൽ ലോകത്തിന് ഇന്ത്യയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. സത്യയുമായി വളരെ ഫലപ്രദമായ ചർച്ച നടത്തി. മെച്ചപ്പെട്ട ലോകത്തിനുവേണ്ടി എഐയുടെ ശക്തി ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ യുവാക്കൾ ഈ അവസരം വിനിയോഗിക്കണം' എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ബെംഗളൂരുവിൽ മൂന്ന് ബില്യൺ യുഎസ് ഡോളർ നിക്ഷേപം നേരത്തെ തന്നെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്‍ററുകളും വൈദഗ്ധ്യ വികസനവും ഉൾപ്പെടെ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചറിനും കൂടിയായിട്ടാണ് ഈ നിക്ഷേപം. ഇതിന് പുറമെയാണ് മൈക്രോസോഫ്റ്റ് ഇപ്പോൾ 17.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നത്.