Image: instagram/devaimation
തമിഴ് സൂപ്പര്‍താരം ധനുഷും തെന്നിന്ത്യന്‍ നായിക മൃണാള്‍ ഠാക്കൂറും വിവാഹിതരായെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളിലാകെ ചിത്രങ്ങള്‍. പരമ്പരാഗത തമിഴ് വിവാഹ വേഷത്തിലുള്ള വധൂവരന്മാരുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ആരാധകരും ആശയക്കുഴപ്പത്തിലായത്. വിവാഹ ചിത്രത്തില്‍ വധൂവരന്മാര്‍ക്ക് പിന്നിലായി തൃഷ, ശ്രുതിഹാസന്‍, ദുല്‍ഖര്‍ സല്‍മാന്‍, വിജയ്, അജിത്ത് എന്നിവരെയും കണ്ടതോടെ വിവാഹം കഴിഞ്ഞുവെന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ ഹൈപ്പര്‍ എഐ ചിത്രമാണിതെന്നാണ് സ്ഥിരീകരണം.
ജനുവരി 22ന് ധനുഷും മൃണാളും വിവാഹിതരായെന്നും തീര്‍ത്തും സ്വകാര്യമായി നടത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നുമായിരുന്നു ചിത്രത്തോടൊപ്പം പ്രത്യക്ഷപ്പെട്ട കാപ്ഷന്‍. വിശദമായ കാപ്ഷനൊടുവിലായി എഐ ജനറേറ്റഡാണ് ചിത്രങ്ങളെന്നും വാര്‍ത്ത ആരും സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിസ്ക്ലെയിമറും ചേര്‍ത്തിരുന്നു. ചിത്രങ്ങള്‍ കണ്ട അമ്പരപ്പില്‍ ആരാധകര്‍ ഇത് ശ്രദ്ധിക്കാതിരുന്നതാണ് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
പരമ്പരാഗത വെള്ള ഷര്‍ട്ടും കസവ് വേഷ്ടിയും ധരിച്ച ധനുഷും ചുവന്ന സാരി ധരിച്ച മൃണാളുമാണ് ചിത്രത്തില്‍. തൊട്ടുപിന്നില്‍ സന്തോഷത്തോടെ അനിരുദ്ധ്, ശ്രുതി ഹാസന്‍, തൃഷ, വിജയ്, ദുല്‍ഖര്‍ എന്നിവരെയും കാണാം. എന്നാല്‍ അജിത്തും വിജയും എങ്ങനെയാണ് പിന്നില്‍ പോയതെന്ന് ചിത്രം കണ്ട് ചിലര്‍ ആശങ്കപ്പെട്ടപ്പോള്‍ ഇത് യഥാര്‍ഥ ചിത്രമല്ലെന്ന് നിരവധിപ്പേര്‍ കുറിച്ചു.
ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്തമാസം വിവാഹമുണ്ടാകില്ലെന്ന് എച്ച്റ്റി സിറ്റി റിപ്പോര്‍ട്ട് ചെയ്തു. സിദ്ധാന്ത് ചതുര്‍വേദിയുമൊത്തുള്ള ദോ ദിവാനെ അടുത്തമാസം റിലീസിനൊരുങ്ങുന്നതിനാല്‍ വിവാഹമുണ്ടാകില്ലെന്നും മാര്‍ച്ചിലും താരത്തിന്‍റെ അടുത്ത ചിത്രം റിലീസിനൊരുങ്ങുന്നുവെന്നും ഇതെല്ലാം കഴിഞ്ഞേ സാധ്യതയുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം, പ്രണയത്തിലാണെന്നോ, വിവാഹത്തിനൊരുങ്ങുന്നുവെന്നോ പ്രചരിക്കുന്ന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.