ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ആധിപത്യം 2028 ജൂലൈയോടെ ലോകത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുമെന്ന് പഠനം. സിട്രിനി റിസര്‍ച്ചിന്‍റെ ‘2028 ഗ്ലോബല്‍ ഇന്‍ലിജന്‍സ് ക്രൈസിസ്’ എന്ന പഠനറിപ്പോര്‍ട്ടിലാണ് ഈ ആശങ്ക പങ്കുവച്ചിട്ടുള്ളത് . റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയുടെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകളും ആരംഭിച്ചു. അതിവേഗത്തിലുള്ള എഐ ഓട്ടൊമേഷന്‍ വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും സാമ്പത്തിക അസ്ഥിരതയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയെല്ലാം ഇതുമൂലം ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിട്രിനിയുടെ റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലെ ഡെവലപ്പർമാരുടേ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്‍റെ ചെറിയ ഭാഗം മാത്രമേ ഇന്ത്യയിലെ ഡെവലപ്പര്‍മാര്‍ക്ക് വേതനമായി ലഭിക്കുന്നുള്ളൂ. അതായത് കുറഞ്ഞ ചെലവില്‍ ഡെവലപ്പര്‍മാരെ ലഭിക്കും. ഇതുതന്നെയിരുന്നു ഇന്ത്യൻ ഐടി കമ്പനികളുടെ പ്രധാന ആകർഷണവും. എന്നാല്‍ എഐയുടെ കടന്നുകയറ്റം മൂലം വൈറ്റ് കോളർ ജോലികൾ വ്യാപകമായി ഇല്ലാതാകുന്നത് ഐടി മേഖലയിലെ ഉദ്യോഗാർഥികൾക്കും നിലവിലുള്ള ജീവനക്കാർക്കും വലിയ ഭീഷണിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഏജൻറിക് എഐയുടെ വരവോടെ ഒരു കോഡിങ് ഏജന്‍റിന്‍റെ ചെലവ് നാമമാത്രമായി. റിപ്പോര്‍ട്ടിലെ വരികള്‍ തന്നെ എടുക്കുകയാണെങ്കില്‍ വൈദ്യുതിയുടെ വിലയോളം കുറഞ്ഞു. ഇത് ഇന്ത്യൻ ഡെവലപ്പർമാര്‍ക്കുള്ള ആവശ്യം കുറയ്ക്കാന്‍ സാധ്യതയുണ്ട്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങളുടെ ക്ലയന്‍റുകള്‍ ചുരുങ്ങിയ ചെലവില്‍ എഐ കോഡിങ് ഏജന്‍റുകളെ ഉപയോഗിച്ചു തുടങ്ങും. ഇതോടെ വൻതോതില്‍ കരാറുകള്‍ റദ്ദാക്കപ്പെടും. പ്രത്യേകിച്ച് വിദേശ കരാറുകള്‍. പല കമ്പനികളും ഐടി ജോലികൾ പുറത്ത് നൽകുന്നതിന് പകരം എഐ ഉപയോഗിച്ച് സ്വന്തമായി ചെയ്യാൻ തുടങ്ങും.
ഇതുവഴി കോർപ്പറേറ്റ് ലാഭവും ഉൽപ്പാദനക്ഷമതയും (ജിഡിപി) കടലാസിൽ ഉയര്‍ന്നേക്കും. എന്നാല്‍ അവ മനുഷ്യരിലേക്ക് കൈമാറപ്പെടാതിരിക്കുകയും ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയിലേക്ക് പണമെത്തുന്നത് നിലയ്ക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ‘ഗോസ്റ്റ് ജിഡിപി’ എന്ന ആശയമാണിത്. അതായത് സാമ്പത്തിക കണക്കുകളിൽ രാജ്യം വളരുന്നുണ്ടെന്ന് തോന്നും എന്നാല്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തിലോ യഥാർത്ഥ സമ്പദ്‌വ്യവസ്ഥയിലോ കാര്യമായ മാറ്റമുണ്ടാകില്ല. ലളിതമായി പറഞ്ഞാൽ വളർച്ചയുടെ ഗുണം ജനങ്ങളിലേക്ക് എത്തില്ല.
ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ ഏകദേശം 7.5% മുതൽ 8% വരെ ഐടി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ഐടി-ബിപിഎം) മേഖലയാണ്, കൂടാതെ രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 25% ത്തിലധികം സംഭാവന ചെയ്യുന്നു. ഏകദേശം 5.8 മുതൽ 5.95 ദശലക്ഷം വരെ പ്രൊഫഷണലുകളെ ഈ മേഖല നിയമിക്കുകയും വിദേശനാണ്യത്തിന്റെ പ്രാഥമിക സ്രോതസ്സായി പ്രവർത്തിക്കുകയും ചെയ്യുന്നു, ഇത് 2025 സാമ്പത്തിക വർഷത്തിൽ ഏകദേശം 224 ബില്യൺ ഡോളർ വരുമാനം നേടിത്തരുന്നു. എന്നാല്‍ ഐടി കമ്പനികളില്‍ വഴി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഈ പണമൊഴുക്ക് കുറയും. 2028-ഓടെ സ്തംഭനാവസ്ഥയിലാകും. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസഥയെ പ്രതികൂലമായി ബാധിക്കും. ഇത് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, റിപ്പോർട്ടിന് എതിരെയും വിശകലന വിദഗ്ദര്‍ രംഗത്തെത്തുന്നുണ്ട്. എഐക്ക് പൂർണ്ണമായ കോഡ് എഴുതാൻ കഴിയുമെങ്കിലും അവയെ കോർപ്പറേറ്റ് സിസ്റ്റങ്ങളിലേക്ക് ‘പ്ലംബ്’ ചെയ്യാൻ പ്രൊഫഷണലുകള്‍ ആവശ്യമാണെന്നാണ് ഇവരുടെ വാദം. എഐ ഇത്തരം ജോലിയെ ഇല്ലാതാക്കുന്നില്ലെന്നും മറിച്ച് വേഗത്തിലാക്കുന്നുവെന്നും ഇതോടെ ഇന്ത്യൻ കമ്പനികളിലേക്ക് വലിയ പ്രോജക്ടുകൾ എത്തുമെന്നും നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്കോം) പറയുന്നു. പ്രോംപ്റ്റ് എന്‍ജിനീയർമാർ, എഐ സുരക്ഷാ ഗവേഷകർ, അടിസ്ഥാന സൗകര്യ സാങ്കേതിക വിദഗ്ധർ എന്നിങ്ങനെ പുതിയ തൊഴിലവസരങ്ങൾ എഐ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും എഐ സൃഷ്ടിച്ച ഓരോ പുതിയ തൊഴിലിനുമായി നിലവില്‍ ഉണ്ടായിരുന്ന ഡസൻ കണക്കിന് പഴയ തൊഴിലുകള്‍ ഇല്ലാതാക്കപ്പെട്ടതായും പറയുന്നുവരുണ്ട്.
2023 ൽ സ്ഥാപിതമായ ഒരു ചെറിയ ഗവേഷണ സ്ഥാപനമാണ് സിട്രിനി റിസര്‍ച്ച്. സിട്രിനിയുടെ സ്ഥാപകനായ ജെയിംസ് വാൻ ഗീലനും ആലപ് ഷായും ആണ് പഠനത്തിന്‍റെ രചയിതാക്കള്‍. അതേസമയ, ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു പ്രവചനമല്ല ഇതെന്ന് റിപ്പോർട്ട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറിച്ച് നിലവിലെ എഐ ഓട്ടമേഷന്‍ തുടർന്നാൽ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളുടെ കേസ് സ്റ്റഡിയാണിതെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം 25 വർഷത്തിനിടയിലെ ഏറ്റവും മോശം വ്യാപാര ദിനമാണ് ഐബിഎമ്മിന് നേരിടേണ്ടി വന്നത്. ഇന്ത്യൻ ഐടി ഓഹരികളിൽ കനത്ത വിൽപ്പന നഷ്ടം നേരിട്ടു, ആഗോള വിപണികളിൽ ഇന്ത്യൻ രൂപ സമ്മർദം നേരിട്ടു. റിപ്പോര്‍ട്ട് വായിക്കാന്‍ ക്ലിക്ക് ചെയ്യുക