2025-ൽ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെയും ഗെയിമുകളുടെയും വാര്‍ഷിക പട്ടിക ആപ്പിൾ പുറത്തുവിട്ടു. സൗജന്യവും പണമടച്ചുള്ളതുമായ ആപ്പുകളും ആപ്പിൾ ആർക്കേഡ് ടൈറ്റിലുകളും ഉൾപ്പെടെ പോയ വര്‍ഷം ഏറ്റവുമധികം സ്വീകാര്യമായ പ്ലാറ്റ്ഫോമുകള്‍, ഗെയിമുകള്‍ എന്നിവ ഏതെന്ന് ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ഇന്‍സ്റ്റഗ്രാമോ വാട്സാപ്പോ ഒന്നുമല്ല, അത് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആണ്. ആപ്പ് സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ചാറ്റ്‍ജിപിടി ഒന്നാമതെത്തി.
ചാറ്റ് ജിപിടിക്ക് 2025 വളരെ പ്രധാനപ്പെട്ടതായിരുന്നു. 2023ല്‍ ആദ്യ പത്തില്‍പ്പോലും ഇടം നേടാനാകാതിരുന്ന ചാറ്റ്ജിപിടി 2024 ആയപ്പോള്‍ നാലാംസ്ഥാനത്തേക്ക് കടന്നിരുന്നു. ഈ വര്‍ഷമായപ്പോള്‍ അതുവരെ മുന്‍പന്തിയില്‍ നിന്നിരുന്ന സോഷ്യല്‍മീഡിയ ആപ്പുകളെയും ടൂളുകളെയും മറികടന്നാണ് ഒന്നാംസ്ഥാനത്തേക്ക് കുതിച്ചത്. യുഎസില്‍ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി ഐഐ മാറിയതിന്‍റെ തെളിവ് കൂടിയാണ് ചാറ്റ്ജിപിടി കൈവരിച്ച ഈ നേട്ടം. സോഷ്യൽ പ്ലാറ്റ്‌ഫോമുകളായ ത്രെഡ്‌സ്, ടിക് ടോക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയാണ് ചാറ്റ്ജിപിടിക്ക് തൊട്ടുപിന്നിൽ. ഗൂഗിൾ, ഗൂഗിൾ മാപ്‌സ്, ജിമെയിൽ, ഗൂഗിൾ ജെമിനി തുടങ്ങിയ യൂട്ടിലിറ്റി, പ്രൊഡക്ടിവിറ്റി ആപ്പുകളും ഉയർന്ന റാങ്കിൽ ഇടം നേടി. പണമടച്ചുള്ള ഐഫോൺ ആപ്പുകളിൽ ഹോട്ട്‌ഷെഡ്യൂൾസ്, ഷാഡോറോക്കറ്റ്, പ്രൊക്രിയേറ്റ് പോക്കറ്റ്, അങ്കിമൊബൈൽ ഫ്ലാഷ്‌കാർഡുകൾ എന്നിവയാണ് ഡൗണ്‍ലോഡില്‍ മുന്നില്‍. പാപ്രിക റെസിപ്പി മാനേജർ 3, സ്കൈവ്യൂ, ടോണൽഎനർജി ട്യൂണർ & മെട്രോനോം, ഓട്ടോസ്ലീപ്പ് ട്രാക്ക് സ്ലീപ്പ് ഓൺ വാച്ച്, ഫോറസ്റ്റ്: ഫോക്കസ് ഫോർ പ്രൊഡക്ടിവിറ്റി, റഡാർസ്‌കോപ്പ് തുടങ്ങിയ ആപ്പുകളും ഉപയോക്താക്കൾ പണം നൽകി ഡൗണ്‍ലോഡ് ചെയ്തു.
സൗജന്യ ഐഫോണ്‍ ഗെയിമുകളില്‍ ബ്ലോക് ബ്ലാസ്റ്റ് ആണ് കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത്. ഫോർട്ട്‌നൈറ്റ്, റോബ്‌ലോക്സ്, ടൗൺഷിപ്പ്, പോക്കിമോൻ ടിസിജി പോക്കറ്റ്, ക്ലാഷ് റോയൽ എന്നിവയും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. റോയൽ കിംഗ്ഡം, വീറ്റ മഹ്‌ജോംഗ്, വൈറ്റ്ഔട്ട് സർവൈവൽ, ലാസ്റ്റ് വാർ: സർവൈവൽ എന്നിവയാണ് മറ്റ് ജനപ്രിയ ഗെയിമുകൾ. പണമടച്ചുള്ള ഗെയിമുകളില്‍ മൈൻക്രാഫ്റ്റ്: ഡ്രീം ഇറ്റ്, ബിൽഡ് ഇറ്റ്! എന്നിവയാണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്. സൗജന്യ ഐപാഡ് ഡൗണ്‍ലോഡുകളില്‍ യൂട്യൂബ് ആണ് മുന്നില്‍. ചാറ്റ്ജിപിടി, നെറ്റ്ഫ്ലിക്സ്, ഡിസ്നി+, ആമസോൺ പ്രൈം വീഡിയോ, ടിക് ടോക്ക്, ഗൂഗിൾ ക്രോം, ഗുഡ്നോട്ട്സ്, കാൻവ, എച്ച്ബിഒ മാക്സ് എന്നിവ ആദ്യ പത്തിൽ ഇടം നേടി. പണമടച്ചുള്ള ഐപാഡ് ആപ്പ് പട്ടികയിൽ പ്രോക്രിയേറ്റ് ഒന്നാമതെത്തി.