iphone-17-e-apple

Image: apple.com

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! പോക്കറ്റ് കീറാതെ ഐഫോണ്‍ 17 ശ്രേണിയിലെ പുതിയ മൊബൈല്‍ സ്വന്തമാക്കാം. ഐഫോൺ 17 സീരീസിലെ ബജറ്റ് ഫ്രണ്ട്‌ലി മോഡലായ ഐഫോൺ 17e (iPhone 17e) ആപ്പിള്‍‌ അവതരിപ്പിച്ചു. വിലയേറിയ ഐഫോൺ 17 ന്റെ മറ്റൊരു പതിപ്പാണിത്. ഒരേ പ്രോസസർ ആണെങ്കിലും അൽപ്പം ചെറിയ സ്‌ക്രീനിലാണ് ഐഫോൺ 17e വരുന്നത്. രണ്ട് ക്യാമറകൾക്ക് പകരം മെച്ചപ്പെടുത്തിയ സിംഗിള്‍ ക്യാമറയാണ് ഫോണിനുള്ളത്.

Image: apple.com

Image: apple.com

വില കൂടിയ ഐഫോണുകളുടെ വിലകുറഞ്ഞ പതിപ്പുകൾ ആപ്പിള്‍ എല്ലാ തവണയും പുറത്തിറക്കാറില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐഫോൺ 16ന്‍റെ വിലകുറഞ്ഞ പതിപ്പായ ഐഫോൺ 16e ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഐഫോൺ 16e ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായതാണ് ഐഫോണ്‍ 17e പുറത്തിറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. മാത്രമല്ല, വിലകുറഞ്ഞ ഫോണുകൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചുവരുന്നതും ഐഫോൺ എയറിന് ലഭിച്ച സ്വീകാര്യത മങ്ങിയതുമാണ് പുതിയ ഫോണിലേക്ക് വഴിതെളിച്ചത്.

അത്യാധുനികമായ എ 19 (A19) ചിപ്പിലാണ് ഈ ബജറ്റ് ഐഫോൺ എത്തുന്നത്. പുതിയ സി1 എക്സ് (C1X) മോഡമാണ് ഫോണിലുള്ളത്. ഇത് ഐഫോൺ 16e യിലെ C1 നേക്കാൾ 2 മടങ്ങ് വേഗതയുള്ളതാണ്. ഐഫോൺ 16 പ്രോയിലെ മോഡമിനേക്കാൾ 30 ശതമാനം കുറവ് ഊർജ്ജം മാത്രമേ C1X ഉപയോഗിക്കുന്നുള്ളൂ. ഇത് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് നല്‍കുന്നു. മാത്രമല്ല USB-C ഉപയോഗിച്ച് കേബിള്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

48MP ഫ്യൂഷൻ ക്യാമറയാണ് ഫോണിലുള്ളത്. ഇത് 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സൗകര്യം നൽകുന്നു. 4K ഡോൾബി വിഷൻ വിഡിയോ റെക്കോർഡിങും, ആഴമേറിയ പോർട്രെയ്‌റ്റുകളും സാധ്യമാണ്. രാത്രികാല ചിത്രങ്ങൾക്കായി നൈറ്റ് മോഡും മെച്ചപ്പെടുത്തിയിട്ടുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പുതിയ iOS 26ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

സെല്ലുലാർ, വൈ-ഫൈ കവറേജില്ലെങ്കിലും സാറ്റലൈറ്റ് വഴി എമർജൻസി എസ്ഒഎസ്, റോഡ്‌സൈഡ് അസിസ്റ്റൻസ്, മെസേജസ്, ഫൈൻഡ് മൈ വിയാ സാറ്റലൈറ്റ് എന്നിവ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും. ക്രാഷ് ഡിറ്റക്ഷൻ സംവിധാനം ഉപയോഗിച്ച് ഗുരുതരമായ അപകടങ്ങള്‍ തിരിച്ചറിയാനും ഉപയോക്താവ് അബോധാവസ്ഥയിലാണെങ്കിലോ ഐഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ അടിയന്തര സേവനങ്ങളുമായി ഓട്ടോമാറ്റിക്കായി ബന്ധപ്പെടാനും സാധിക്കും.

കൂടുതല്‍ കാലം ഈടുനിൽക്കുന്ന തരത്തിലാണ് ഫോണ്‍ നിർമ്മിച്ചിരിക്കുന്നത്. ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഡിസൈനാണ് ഫോണിനുള്ളത്. കൂടാതെ IP68 റേറ്റിങുള്ള വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കാനുള്ള സംവിധാനവും ഫോണിനുണ്ട്. സെറാമിക് ഷീൽഡ് 2 ഫ്രണ്ട് കവർ ഏതൊരു സ്മാർട്ട്‌ഫോൺ ഗ്ലാസിനേക്കാൾ ശക്തവുമാണ്. മുൻ തലമുറയേക്കാൾ 3 മടങ്ങ് മികച്ച സ്ക്രാച്ച് പ്രതിരോധവും കുറഞ്ഞ ഗ്ലെയറും ഇത് ഉറപ്പാക്കുന്നു.

30 ശതമാനം പുനരുപയോഗം ചെയ്ത വസ്തുക്കളും പുനരുപയോഗിക്കാവുന്ന ഊര്‍ജവും ഉപയോഗിച്ചാണ് ഐഫോൺ 17e നിർമ്മിച്ചിരിക്കുന്നത്. ബാറ്ററിയുടെ കവചത്തിൽ 85% റീസൈക്കിൾ ചെയ്ത അലുമിനിയവും ബാറ്ററിയിൽ 100% റീസൈക്കിൾ ചെയ്ത കൊബാൾട്ടുമാണ് ഉള്ളത്. 2030 ഓടെ കാർബൺ ന്യൂട്രൽ ആകുക എന്ന ആപ്പിളിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമാണിത്.

പ്രീമിയം മാറ്റ് ഫിനിഷുള്ള കറുപ്പ്, വെള്ള, സോഫ്റ്റ് പിങ്ക് നിറങ്ങളിലും 256 ജിബി, 512 ജിബി സ്റ്റോറേജ് കപ്പാസിറ്റികളിലും ഐഫോൺ 17e ലഭ്യമാകും. മാർച്ച് 4 ബുധനാഴ്ച മുതൽ പ്രീ-ഓർഡര്‍ ആരംഭിക്കും. മാർച്ച് 11 ബുധനാഴ്ച മുതൽ വിപണിയിലെത്തി തുടങ്ങും. 256 ജിബി സ്റ്റോറേജുള്ള പതിപ്പിന് (8GB RAM + 256GB Storage) 64900 രൂപയായിരിക്കും ഇന്ത്യയിലെ വില. 512GB സ്റ്റോറേജ് പതിപ്പിന് 84,900 രൂപയാകും വില.

ENGLISH SUMMARY:

Apple has officially unveiled the iPhone 17e, a budget-friendly powerhouse featuring the advanced A19 Bionic chip and the high-speed C1X modem. Priced at ₹64,900 in India, it boasts a 6.1-inch Super Retina XDR display, a 48MP Fusion Camera with 4K Dolby Vision, and the latest iOS 26. The device is built with aerospace-grade aluminum and Ceramic Shield 2 for ultimate durability. With pre-orders starting March 4, 2026, the iPhone 17e is designed for users seeking premium performance at a lower price point. It also includes life-saving features like Satellite SOS and Crash Detection, making it a sustainable choice with 100% recycled cobalt in its battery. Stay updated on delivery dates and launch offers.