nasa-apple-samsung

ആർട്ടെമിസ് II വിന്‍റെ യാത്രയിലുടനീളം ബഹിരാകാശയാത്രികർ ഭൂമിയുടെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുകയും നാസ അവ പങ്കിടുകയും ചെയ്തിരുന്നു. ഇതില്‍ ശ്രദ്ധേയമായ ഒന്നാണ് ഓറിയോൺ പേടകത്തിന്റെ ഒരു ജാലകത്തിൽ നിന്നും പകര്‍ത്തിയ ഭൂമിയുടെ ഫോട്ടോ. നാസ ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ട പോസ്റ്റിന് താഴെ ഈ മനോഹരമായ ഫോട്ടോ ഏത് ക്യാമറയിലാണ് പകര്‍ത്തിയത് എന്ന ചോദ്യവുമായി ഒരാള്‍ എത്തുകയും ‘ഐഫോൺ 17 പ്രോ മാക്സ്’ എന്ന് നാസ മറുപടി നല്‍കുകയും ചെയ്തു. നാസയുടെ ഈ മറുപടി വൈറലായി, ഒപ്പം ആപ്പിളിന് ഒരു ഫ്രീ പ്രൊമോഷനും! 

പക്ഷേ ചിത്രത്തിന് താഴെ ടെക് ലോകത്തെ ചിരവൈരികളായ ആപ്പിളിന്‍റെയും സാസംങിന്‍റെയും ആരാധകര്‍ എത്തിയതോടെ ഒരു കമന്‍റ് യുദ്ധം തന്നെ ആരംഭിച്ചു. ഇതിനിടെ നാസ സാംസങിനെ ട്രോളുന്ന തരത്തിലുള്ള ഒരു കമന്‍റിന്‍റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുതയും ചെയ്തു. നാസ പങ്കിട്ട ഐഫോണിലെടുത്ത ഫോട്ടോക്ക് താഴെ സാംസങ് ഫോണിലായിരുന്നു എടുത്തതെങ്കിൽ ചിത്രം ഇതിലും മികച്ചതാകുമായിരുന്നു എന്ന രീതിയിലുള്ള സാംസങിന്‍റെ കമന്‍റുള്ള സ്ക്രീന്‍ ഷോട്ടാണ് പ്രചരിച്ചത്. അതിന് മറുപടിയായി ‘നിങ്ങളുടെ ഫോണിന് 200x സൂം ഉണ്ടല്ലോ, അതുകൊണ്ട് ഭൂമിയിൽ ഇരുന്ന് തന്നെ ചന്ദ്രന്റെ ചിത്രം എടുത്തോളൂ' എന്ന നാസയുടെ കമന്‍റും ഈ പ്രചരിച്ച സ്ക്രീന്‍ഷോട്ടിലുണ്ട്. 

എന്നാല്‍ സ്ക്രീന്‍ഷോട്ട് കണ്ട് നാസ പങ്കിട്ട ചിത്രത്തിനടിയില്‍ കമന്‍റുമായി എത്തിയവര്‍ക്ക് സാസംങിന്‍റെ കമന്‍റോ നാസയുടെ മറുപടിയോ കാണാന്‍ സാധിച്ചില്ല. ഇതോടെ ആകെ ‘കണ്‍ഫ്യൂഷന്‍’ ആയി. എന്നാല്‍ ഇത് എഡിറ്റ് ചെയ്ത് നിർമ്മിച്ച ഒരു വ്യാജ സ്ക്രീൻഷോട്ടെന്നാണ് വിദഗ്ധർ പറയുന്നത്. സാംസങ്ങിന്റെയോ നാസയുടെയോ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് ഇത്തരമൊരു കമന്‍റ് വന്നിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. എങ്കിലും ചിത്രത്തിന് താഴെ ‘എവിടെ സാംസങ് കമന്റ്? സാംസങ് കമന്റ് ഡിലീറ്റ് ചെയ്തോ?’ തുടങ്ങിയ ചോദ്യങ്ങളുമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടൊന്നുമില്ല. 

ആര്‍ട്ടെമിസ് ടുവിലെ ഐഫോണ്‍

ബഹിരാകാശ പേടകത്തില്‍ നിന്നും യാത്രികര്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ വളരെക്കാലമായി നിക്കോൺ D5 ക്യാമറകളെയും ഗോപ്രോ ഹീറോ 11 ക്യാമറകളെയുമാണ് നാസ ആശ്രയിച്ചിരുന്നത്. മുമ്പ് സ്വകാര്യ ദൗത്യങ്ങളിൽ സ്മാർട്ട്‌ഫോണുകൾ ബഹിരാകാശത്തേക്ക് പോയിട്ടുണ്ടെങ്കിലും ബഹിരാകാശയാത്രികർക്ക് നാസ സ്മാർട്ട്‌ഫോണുകൾ അനുവദിക്കുന്നത് ഇതാദ്യമാണ്.

ചിത്രങ്ങൾ ഐഫോണിലാണ് പകര്‍ത്തിയത് എന്നുള്ളതല്ല മറിച്ച് നാസ ബഹിരാകാശ ദൗത്യത്തിൽ ഐഫോണുകൾ അനുവദിച്ചു എന്നതാണ് പലരേയും അദ്ഭുതപ്പെടുത്തിയത്. പറന്നുയർന്ന് ഏകദേശം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ആർട്ടെമിസ് II ബഹിരാകാശ പേടകത്തിന്റെ കോക്ക്പിറ്റിന് മുകളിലുള്ള ക്യാമറയ്ക്ക് സമീപം ഒരു ഐഫോൺ കിടക്കുന്നത് കാഴ്ചക്കാർ ഇതിനകം തന്നെ ശ്രദ്ധിച്ചിരുന്നു. കര്‍ശനമായ ഹാർഡ്‌വെയർ പരിശോധനകളും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഒരു വസ്തു ബഹിരാകാശ പേടകത്തില്‍ ഇടം പിടിക്കുന്നത്. ഇത്രയും ദൈർഘ്യമേറിയ അംഗീകാര പ്രക്രിയ, പുതിയ ഉപകരണങ്ങൾ അനുവദിക്കുന്നതിന്റെ അപകടസാധ്യതകള്‍, ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ബഹിരാകാശം ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ നാസ ഐഫോണുകൾ അംഗീകരിച്ചത് എന്തുകൊണ്ടാണെന്ന് പലരും ചിന്തിച്ചിക്കുന്നത്.

ബഹിരാകാശയാത്രികർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ ബഹിരാകാശത്ത് ഗെയിമുകൾ കളിക്കാനോ അല്ല ഐഫോണുകൾ. പകരം, ദൗത്യത്തിനിടയിലെ അനുഭവം രേഖപ്പെടുത്താനും പ്രധാനപ്പെട്ട നിമിഷങ്ങൾ പകർത്താനുമാണ്. ഓറിയോൺ കാപ്സ്യൂളിൽ, ബഹിരാകാശയാത്രികർ അവരുടെ ഫോണുകൾ ഉപയോഗിച്ച് ബഹിരാകാശ പേടകത്തിന്റെ ജനാലകളിലൂടെ ഫോട്ടോകളും വിഡിയോകളും എടുത്തിട്ടുണ്ട്. അതേസമയം അവര്‍ക്ക് ഫോണ്‍ ഇന്റർനെറ്റുമായി കണക്റ്റുചെയ്യാനോ ബ്ലൂടൂത്ത് ഉപയോഗിക്കാനോ അനുവാദമില്ല.

ENGLISH SUMMARY:

NASA's confirmation that astronauts used an iPhone 17 Pro Max to capture stunning images during the Artemis II mission has ignited a social media battle between Apple and Samsung fans. A viral screenshot claiming NASA mocked Samsung's 200x zoom feature has been debunked as fake by experts. While NASA traditionally relies on Nikon and GoPro, this mission marks the first time a commercial smartphone passed rigorous space-grade testing for an official mission. The iPhone, operating without internet or Bluetooth, serves as a powerful tool for crew documentation as they orbit the Moon.