ബാഡ്മിന്‍റൺ കളിക്കുന്ന എഐ റോബോട്ടുകളെ നിർമിച്ച് സ്വിറ്റ്‌സർലൻഡ് സർവകലാശാല ഗവേഷകർ. ഇ.ടി.എച്ച് സൂറിച്ചിലെ ഗവേഷകരാണ് തങ്ങളുടെ എ.ഐ കണ്‍ട്രോളറായ അനിമൽ-ഡി (ANYmal-D) റോബോട്ടില്‍ വിജയകരമായി പരീക്ഷിച്ചത്. റോബോട്ടിനെ മനുഷ്യര്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിപ്പിച്ചായിരുന്നു പരീക്ഷണം.
രണ്ട് കാലുകള്‍ക്ക് പകരം നാല് കാലുകള്‍. വേഗതയും ചടുലതയുമാണ് റോബോട്ടിന്റെ പ്രത്യേകതകള്‍. ഒരു സ്റ്റീരിയോ ക്യാമറയും ബാഡ്മിന്റണ്‍ റാക്കറ്റ് പിടിക്കാനുള്ള കൈയും റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് ഉപയോഗിച്ച് റോബോട്ട് ഷട്ടിൽകോക്കിന്റെ പറക്കൽ കൃത്യമായി ട്രാക്ക് ചെയ്യും. മെച്ചപ്പെട്ട കാഴ്ച ലഭിക്കുന്നതിനായി റോബോട്ടിന് അതിന്റെ പിന്‍കാലുകളില്‍ ഉയര്‍ത്തിനില്‍ക്കാം. ഷോട്ടുകൾ പ്രതിരോധിച്ച് തിരിച്ചടിക്കാം.
റോബോട്ടുമായി നടത്തിയ പരീക്ഷണ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ സ്മാഷുകൾ പോലെ വേഗതയേറിയ ഷോട്ടുകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഭാവിയിൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും ഗവേഷകര്‍ സമ്മതിക്കുന്നു.
റോബോട്ടുകളെ സങ്കീര്‍ണമായ ജോലികള്‍ ചെയ്യാന്‍ പ്രാപ്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നതാണ് കണ്ടെത്തല്‍.