എ.ഐ വഴി നിര്‍മിച്ച വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബ്രിട്ടനില്‍ താറുമാറായി റെയില്‍ഗതാഗതം. ഭൂകമ്പത്തെത്തുടര്‍ന്ന് ഒരു പാലം തകര്‍ന്ന തരത്തിലുളള ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ലാന്‍കാഷെയര്‍, സതേണ്‍ ലേക് ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭൂകമ്പത്തെത്തുടര്‍ന്ന് ലങ്കാസ്റ്ററിലെ കാരേലൈന്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന തരത്തില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്ഥിരീകരിക്കാത്ത വിവരമാണെങ്കിലും റെയില്‍വേ ഉടന്‍ മുന്‍കരുതല്‍ നടപടിയെടുത്തു. അതുവഴിയുള്ള ട്രെയിന്‍ ഗതാഗതം അടിയന്തരമായി നിര്‍ത്തിവെച്ചു.
പുലര്‍ച്ചെ 12.30 നാണ് പാലം തകര്‍ന്ന തരത്തിലുള്ള വ്യാജ ചിത്രം റെയില്‍വേക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പാലത്തിന് കേടുപാടുകള്‍ ഇല്ലെന്നും ചിത്രം വ്യാജമാണെന്നും റെയില്‍വേ അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. വ്യാജ വാര്‍ത്ത കാരണം 32 പാസഞ്ചര്‍ - ചരക്ക് ട്രെയിനുകള്‍ വൈകിയതായി റെയില്‍വെ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് വ്യാജ ചിത്രങ്ങൾ നിർമ്മിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നതിന് മുൻപ് അത് ഉണ്ടാക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് റെയില്‍വേ ജനങ്ങളോട് അഭ്യര്‍ഥിച്ചു.ഇതുപോലുള്ള കള്ളച്ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് കാരണം യാത്രക്കാർക്ക് അനാവശ്യമായ കാലതാമസം ഉണ്ടാകുന്നുവെന്നും റെയിൽവേ അധികൃതര്‍ പറഞ്ഞു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഏത് സുരക്ഷാ ആശങ്കയും ഗൗരവമായി എടുക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.