മാക്സ് റോബര്‍ട്ട് ഡോമാന്‍... പ്രായം വെറും 16 വയസ്. ഇതിഹാസം ലയണൽ മെസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ കൗമാരക്കാരന്‍. ആര്‍സനലിന്റെ ഭാവി വാഗ്ദാനം. ഇപ്പോഴിതാ ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായി ചരിത്രം കുറിച്ചിരിക്കുന്നു മാക്സ്. ഫ്രാൻസ് അണ്ടര്‍ 21 ടീമിനെതിരായ മത്സരത്തിൽ 89-ാം മിനിറ്റിൽ വിജയഗോൾ... ഇംഗ്ലണ്ടിന്റെ ജയം 3–2ന്. ഇതോടെ ഇംഗ്ലണ്ട് അണ്ടർ 21 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററെന്ന റെക്കോർഡും ഡോമാന്‍ പേരിലാക്കി. 16 വയസും 320 ദിവസവും പ്രായമുള്ളപ്പോഴാണ് ഡോമാന്റെ നേട്ടം. ജൂഡ് ബെല്ലിങ്ങമിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. 17 വയസ്സും 67 ദിവസവും പ്രായമുള്ളപ്പോഴാണ് ജൂഡ് അണ്ടർ 21 ടീമിനായി ഗോൾ നേടിയത്.
മെസിയുടെ പ്രവചനം
മാക്സ് ഡോമാനെക്കുറിച്ച് ഫുട്ബോൾ ലോകം കൂടുതൽ സംസാരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ലയണൽ മെസി തിരഞ്ഞെടുത്ത ഭാവിയിലെ പത്ത് ഫുട്ബോൾ പ്രതിഭകളുടെ പട്ടികയിൽ ഈ ആര്‍സനല്‍ താരവുമുണ്ട്. അഡിഡാസിന്റെ 'മെസ്സി+ 10' ക്യാംപെയിന്റെ മൂന്നാം പതിപ്പിലാണ് അർജന്റൈൻ ഇതിഹാസം ഡോമാന്‍ ഉള്‍പ്പടെ 10 യുവതാരങ്ങളെ തിരഞ്ഞെടുത്തത്. ആദ്യ എഡിഷനില്‍ മെസി തിരഞ്ഞെടുത്ത അദ്ഭുതബാലന്‍മാരില്‍ ലമീന്‍ യമാലും നോര്‍വെയുടെ അന്റൊണിയോ നുസയും ഉള്‍പ്പെട്ടിരുന്നു. നിക്കോ പാസ്, ആന്ദ്രേ സാന്റോസ്, റോഡ്രിഗോ മോറ തുടങ്ങിയ താരങ്ങളും മെസിയുടെ 2025 സീസണിലെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
എന്താണ് ഡോമാനെ ഇത്ര സ്പെഷലാക്കുന്നത്?
പന്ത് കാലിൽ കിട്ടിയാൽ എതിരാളികൾക്ക് പിടികൊടുക്കാതെ മുന്നേറാനുള്ള കഴിവാണ് ഡോമാന്റെ പ്രധാന കരുത്ത്. മികച്ച ബോൾ കൺട്രോൾ, വേഗത്തിലുള്ള ദിശമാറ്റം, എതിരാളികള്‍ക്ക് നേര്‍ക്കുനേരെത്തുന്ന സാഹചര്യങ്ങളിൽ മറികടക്കാനുള്ള മികവ്, ആക്രമണത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് എല്ലാം ഈ കൗമാരക്കാരന്റെ കളിയിൽ കാണാം. ഇടംകാലൻ താരമായ ഡോമാന് അറ്റാക്കിങ് മിഡ്ഫീൽഡറായും വലതുവിങ്ങറായും കളിക്കാനാകും. ഡ്രിബ്ലിങ്ങിലൂടെ പ്രതിരോധം പൊളിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും ഗോൾ കണ്ടെത്താനും ഒരുപോലെ മികവ്. ഇതൊക്കെ കൊണ്ടുതന്നെ ഡോമാന്റെ കളിശൈലിയെ ലയണൽ മെസിയുടേതുമായി താരതമ്യം ചെയ്യപ്പെടുന്നു.
അടുത്ത ഇംഗ്ലീഷ് സൂപ്പർതാരം?
ഇംഗ്ലണ്ടിലെ ചെംസ്ഫോഡില്‍ ആര്‍സനല്‍ ആരാധകര്‍ നിറഞ്ഞ കുടുംബത്തിലാണ് മാക്സിന്റെ ജനനം. മുന്‍ ആര്‍സനല്‍ താരം ജോര്‍ജ് മെയില്‍ ഡോമാന്റെ ബന്ധുകൂടിയാണ്. അഞ്ചാം വയസില്‍ ആര്‍സനലിന്റെ അക്കാദമിയിൽ എത്തിയ മാക്സ് 15 വയസും 235 ദിവസവും പ്രായമുള്ളപ്പോൾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറി. ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററെന്ന നേട്ടവും മാക്സിന്റെ പേരിലാണ്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. പോർച്ചുഗലിനെതിരായ മത്സരത്തിലൂടെയാണ് ഡോമാന്‍ ഇംഗ്ലണ്ട് അണ്ടർ 21 ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഫ്രാൻസിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം. പിന്നാലെ വിജയഗോളും ഗോൾസ്കോറിങ് റെക്കോർഡും. മൂന്ന് ദിവസത്തിനിടെ ഒരു സ്വപ്നതുല്യമായ നേട്ടം.