മെസ്സിയുടെ പേരിലെ തട്ടിപ്പിനേക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി. മുന്‍മന്ത്രി വി.അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള അപേക്ഷയില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തില്ല. സ്പോഴ്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന യു.ഷറഫലി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാന്‍ അനുമതിയായിട്ടും നടപടി വൈകുകയാണ്. ഇതോടെയാണ് ആവേശത്തോടെ തുടങ്ങിയ അന്വേഷണം ഒരു മാസമായി നിലച്ച അവസ്ഥയിലായിരിക്കുന്നത്. Also Read: ‘അവന് മരിക്കാന്‍ സാധ്യതയുണ്ട്, നന്നായി നോക്കണം’; മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്
മെസ്സി വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നതിന് പിന്നില്‍ കോടികളുടെ തട്ടിപ്പും വെട്ടിപ്പുമെന്ന കായികവകുപ്പ് റിപ്പോര്‍ട്ടോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കായികമേഖലയിലെ ഏറ്റവും പ്രധാന പദ്ധതിയില്‍ ദുരൂഹത ഇടംപിടിച്ചത്. വമ്പന്‍ എസ്.ഐ.ടി രൂപീകരിച്ച് ആഭ്യന്തരവകുപ്പ് സെപ്റ്റംബര്‍ 3ന് അന്വേഷണവും പ്രഖ്യാപിച്ചു.
ആന്റോ അഗസ്റ്റിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയേയും പ്രതിചേര്‍ത്ത് അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ടര്‍ ചാനലിലടക്കം റെയ്ഡ് നടത്തി തെളിവും ശേഖരിച്ചു. മുന്‍മന്ത്രി വി.അബ്ദുറഹിമാനും സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന യു.ഷറഫലിക്കും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും തട്ടിപ്പില്‍ പങ്കെന്ന് കണ്ടെത്തി. ഇതോടെ ഇവരെ പ്രതിചേര്‍ക്കാന്‍ എസ്.ഐ.ടി സര്‍ക്കാരിന്റെ അനുമതി തേടി.
അന്വേഷണം അവിടെയൊതുങ്ങി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള ഫയല്‍ ലോക്ഭവനില്‍ രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടക്കുന്നു. ഷറഫലിയേയും സത്യപാലനെയും പ്രതിചേര്‍ക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ചുരുക്കത്തില്‍ ഒരുമാസമായി അന്വേഷണം പേരിലൊതുങ്ങി. തുടക്കത്തിന്റെ ആവേശം കെട്ടടങ്ങിയതാണോ ഒത്തുതീര്‍പ്പാണോ അന്വേഷണം നിലയ്ക്കാന്‍ കാരണമെന്ന സംശയമാണ് ബലപ്പെടുന്നത്.