കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മതപണ്ഡിതൻ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിനിരയാക്കി എന്ന് സംശയം. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാദമി കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങി.
ഇന്നലെയാണ് കൊല്ലത്ത് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിലാകുന്നത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഓച്ചിറയിലെ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് പ്രതി.
16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. സ്ഥാപനത്തിൽ നിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.