nic-maddinson

TOPICS COVERED

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റുചെയ്ത് ഓസ്ട്രേലിയ. ഓപ്പണര്‍ നിക്ക് മാഡിന്‍സനാണ് വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കമിട്ടത്. കാന്‍സറിനെ അതിജീവിച്ച് തിരിച്ചെത്തിയ ശേഷമുള്ള മാഡിന്‍സന്റെ ആദ്യ രാജ്യാന്തര മല്‍സരമാണിത്

 

ക്രിക്കറ്റിൽ ഓരോ തിരിച്ചുവരവിനും സെഞ്ചറിയുടെ അകമ്പടി ഉണ്ടാകണമെന്നില്ല. ചില തിരിച്ചുവരവുകൾ നിരാശയോടെയായിരിക്കും. ആ നിരാശയിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള മനക്കരുത്താണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ നിക്ക് മാഡിന്‍സന്റെ വിജയം. ക്യാൻസറിനെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മാഡിന്‍സന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ 33 പന്ത് നേരിട്ടിട്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാർക്കോ യാൻസന്റെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ബാറ്റിൽ തട്ടി സ്റ്റംപിൽ പതിച്ചതോടെ മാഡിൻസന്റെ പോരാട്ടം അവസാനിച്ചു. 

 

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് പൂജ്യത്തിന് പുറത്തായ ഓസ്‌ട്രേലിയൻ താരമെന്ന അനാവശ്യ റെക്കോർഡും മാഡിൻസന്റെ പേരിലായി.  രണ്ടാം ഇന്നിങ്‌സിൽ കഥ മാറി. യാൻസനെതിരെ ബൗണ്ടറിയോടെയാണ് മാഡിന്‍സന്‍ റൺവേട്ട തുടങ്ങിയത്. ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 36 പന്തില്‍ 48 റണ്‍സ്. രണ്ട് ഇന്നിങ്സിലും നിറഞ്ഞുനിന്നത് തിരിച്ചുവരവിന്റെ കരുത്ത്. അർധസെഞ്ചുറിക്ക് രണ്ട് റൺസ് മാത്രം അകലെ മാഡിൻസൺ പുറത്തായി. എങ്കിലും ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിന് വേഗം പകരാൻ മാഡിൻസന്റെ ഇന്നിങ്‌സിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മാഡിന്‍സന് ടെസ്റ്റിക്യുലാർ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും വിധേയനായതോടെ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ഈ വര്‍ഷം ബിഗ് ബാഷ് ലീഗിലൂടെ തിരിച്ചുവന്നു. 2016ന് ശേഷം ആദ്യമായി ഓസ്ട്രേലിയന്‍ ജേഴ്സിയുമണിഞ്ഞു.  

 

ENGLISH SUMMARY:

Nic Maddinson comeback is a remarkable story of resilience after the Australian cricketer triumphed over cancer to return to international cricket. His inspiring journey showcases immense mental strength as he bounced back in the second innings against South Africa.