Image Credit: facebook/pulsetasmania( Left), AI (Right)
സ്പായിലെത്തിയ സ്ത്രീകള്‍ക്ക് മസാജ് ചെയ്യാനെന്ന പേരില്‍ ലൈംഗികാത്രിക്രമം നടത്തിയെന്ന പരാതിയില്‍ ഇന്ത്യക്കാരനായ യുവാവിന് ഓസ്ട്രേലിയയില്‍ ജയില്‍ ശിക്ഷ. ഇയാളുടെ വീസയും റദ്ദാക്കും. ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് സംഭവം. സഹില്‍ ശര്‍മയെന്ന 36കാരനാണ് ഹൊബാര്‍ട്ട് സുപ്രീംകോടതി 16 മാസം ജയില്‍ശിക്ഷ വിധിച്ചത്. നേരത്തെ ഇയാള്‍ക്ക് എട്ടുമാസം ശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ഇത് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി.
ഹൊബാര്‍ട്ടിലെ ജുന്‍ ലിന്‍ സ്പായില്‍ ജോലി ചെയ്യുന്നതിനിടെ 2023 നവംബറിലാണ് കേസിന് അടിസ്ഥാനമായ സംഭവം. അഞ്ച് സ്ത്രീകളോടാണ് സഹില്‍ ലൈംഗികാതിക്രമം നടത്തിയതായി തെളിഞ്ഞത്. സ്ത്രീകളുടെ മാറിടത്തിലും സ്വകാര്യഭാഗത്തും സഹില്‍ സ്പര്‍ശിച്ചുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ മസാജിന്റെ ഭാഗമായി മാത്രമേ താന്‍ തൊട്ടുള്ളൂവെന്നാണ് സഹില്‍ കോടതിയില്‍ പറഞ്ഞത്. ഈ വാദം കോടതി തള്ളി.
അടിവയറ് വേദന കലശലായതിന് തുടര്‍ന്ന് മസാജിനെത്തിയ യുവതിക്കാണ് സഹിലില്‍ നിന്നും ആദ്യം മോശം അനുഭവമുണ്ടായത്. യുവതി പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ മറ്റ് സ്ത്രീകളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലും സ്പായിലെത്തിയ സ്ത്രീയെ സഹില്‍ കടന്നുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കടുത്ത വിശ്വാസവഞ്ചനയാണ് പ്രതി നടത്തിയതെന്ന് ജഡ്ജി പറഞ്ഞു. 'മസാജിന് ആളുകള്‍ എത്തുന്നത് സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ്. ആ വിശ്വാസമാണ് പ്രതി തകര്‍ത്തത്. ഇത്തരം അതിക്രമങ്ങളേല്‍ക്കുന്നവര്‍ക്ക് ആ നശിച്ച ഓര്‍മ ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്നും' ജഡ്ജി പറഞ്ഞു.
സ്പായില്‍ മസാജ് ചെയ്യുന്നതിനായി വെറും നാല് ദിവസത്തെ പരിശീലനം മാത്രമാണ് സഹിലിന് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സഹിലിനെതിരായ പരാതികള്‍ സ്പാ അധികൃതര്‍ മറച്ചുവച്ചുവെന്നും സഹിലിന്‍റെ പേര് ലൈംഗിക കുറ്റവാളികളുടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കസ്റ്റഡിയില്‍ നിന്ന് വിട്ടയയ്ക്കുന്ന ദിവസം തന്നെ വീസ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. 2018 ല്‍ ഭാര്യയ്ക്കൊപ്പമാണ് സഹില്‍ ഓസ്ട്രേലിയയില്‍ എത്തിയത്. ഐടിയില്‍ പിജി എടുക്കുന്നതിനായാണ് സഹിലിന്‍റെ ഭാര്യ ഓസ്ട്രേലിയയിലേക്ക് എത്തിയത്. ഒരു കുട്ടിയും അന്ന് ഇവര്‍ക്കുണ്ടായിരുന്നു. ഓസ്ട്രേലിയയില്‍ എത്തിയ ശേഷം മൂന്ന് കുട്ടികള്‍ കൂടി ജനിച്ചു. കേസിനെ തുടര്‍ന്ന് സഹിലിന്‍റെ സ്ഥിരതാമസത്തിനുള്ള വീസ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിക്കുകയാണെങ്കില്‍ മാത്രം സഹിലിന്‍റെ ഭാര്യയ്ക്ക് ഓസ്ട്രേലിയയില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.